യുജിസി നെറ്റ് രജിസ്ട്രേഷൻ: സമയപരിധി ഒക്ടോബർ 31 വരെ നീട്ടി

#Education desk
പ്രതീകാത്മക ചിത്രം| Photo: PTI
പ്രതീകാത്മക ചിത്രം| Photo: PTI

യുജിസി നെറ്റ് ഡിസംബർ 2026 പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി എൻ.ടി.എ. ഒക്ടോബർ 31 വരെ നീട്ടി. ഇതുവരെ അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്ത ഉദ്യോഗാർഥികൾക്ക് ലേറ്റ് ഫീ കൂടാതെ ഒക്ടോബർ 31 രാത്രി 11:50 വരെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in വഴി അപേക്ഷിക്കാം.

ഒക്ടോബർ 27-ന് പുറത്തിറക്കിയ പൊതുഅറിയിപ്പിലാണ് എൻ.ടി.എ തിയതി നീട്ടിയ വിവരം അറിയിച്ചത്. പരീക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതിയും ഒക്ടോബർ 31 രാത്രി 11:50 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

അവസാന നിമിഷത്തെ സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കാൻ ഉദ്യോഗാർഥികൾ പുതുക്കിയ സമയപരിധിക്ക് മുന്നോടിയായി തന്നെ അപേക്ഷ സമർപ്പിക്കണമെന്ന് എൻ.ടി.എ നിർദ്ദേശിച്ചു.

പ്രധാന വിവരങ്ങൾ:

  • രജിസ്ട്രേഷൻ കണക്കുകൾ: ഒക്ടോബർ 25 വരെയുള്ള കണക്കനുസരിച്ച് ആകെ 5,50,048 ഉദ്യോഗാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 3,73,419 പേർ അപേക്ഷ പൂർത്തിയാക്കി ഫീസ് അടച്ചു.

  • ഔദ്യോഗിക വെബ്‌സൈറ്റുകൾ: അപേക്ഷകൾ സമർപ്പിക്കുന്നതിനായി ugcnet.nta.nic.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി nta.ac.in വെബ്‌സൈറ്റും പരിശോധിക്കാവുന്നതാണ്.

  • ഇൻഫർമേഷൻ ബുള്ളറ്റിനിലെ മറ്റ് നിബന്ധനകളിലും വ്യവസ്ഥകളിലും മാറ്റമില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഇന്ത്യൻ സർവകലാശാലകളിലും കോളേജുകളിലും ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (JRF), അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്കുള്ള യോഗ്യത, പിഎച്ച്.ഡി പ്രവേശനം എന്നിവ നിർണ്ണയിക്കുന്നതിനാണ് യുജിസി നെറ്റ് പരീക്ഷ നടത്തുന്നത്.

Content Highlights: UGC NET December 2026 application deadline extended to October 31, 2026