ബിസിനസ് സ്കൂളുകളിലെ ‘സൂപ്പർ 10’, എം.ഐ.ടിയും ഹാർവാർഡും മുന്നിൽ; QS Ranking 2027

ബിസിനസ് മാനേജ്‌മെന്റിൽ ആഗോളനിലവാരമുള്ള ഉപരിപഠനവും മികച്ച കരിയറും ലക്ഷ്യമിടുന്ന വിദ്യാർഥികൾക്ക് മുന്നിൽ സാധ്യതകളുടെ വലിയൊരു ലോകമുണ്ട്. ഇവയിൽ നിന്ന് അനുയോജ്യമായത് തിരഞ്ഞെടുക്കുക ഒരു കടമ്പയാണ്. അത്തരം വിദ്യാർഥികൾക്ക് കരിയർ പ്ലാനിങ്ങിൽ സഹായകരമാകുന്ന ആഗോള വിലയിരുത്തലാണ് ക്യു.എസ് വർഷം തോറും പുറത്തുവിടുന്ന ബിസിനസ് സ്കൂൾ റാങ്കിങ്ങുകൾ.
ഏറ്റവും പുതിയ 2027-ലെ ക്യു.എസ് ഗ്ലോബൽ എം.ബി.എ. റാങ്കിങ് പ്രകാരം, മികച്ച ബിസിനസ് സ്കൂളുകളുടെ പട്ടികയിൽ അമേരിക്കയിലെ എം.ഐ.ടി സ്ലോൺ ആണ് ഒന്നാം സ്ഥാനത്ത് എത്തിനിൽക്കുന്നത്. ഹാർവാർഡ് ബിസിനസ് സ്കൂൾ, സ്റ്റാൻഫോർഡ് ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ബിസിനസ് എന്നിവ തൊട്ടടുത്ത സ്ഥാനങ്ങൾ നേടി. ആദ്യ അഞ്ചിൽ നാല് സ്ഥാനങ്ങളും യു.എസ് സ്ഥാപനങ്ങൾ സ്വന്തമാക്കിയപ്പോൾ, ബ്രിട്ടനിലെ കേംബ്രിഡ്ജ് ജഡ്ജ് അഞ്ചാം സ്ഥാനത്ത് ഇടംപിടിച്ചു.
ലോകത്തിലെ മികച്ച 10 ബിസിനസ് സ്കൂളുകൾ:
എം.ഐ.ടി സ്ലോൺ – യു.എസ്.എ
ഹാർവാർഡ് ബിസിനസ് സ്കൂൾ – യു.എസ്.എ
സ്റ്റാൻഫോർഡ് ഗ്രാജ്വേറ്റ് സ്കൂൾ ഓഫ് ബിസിനസ് – യു.എസ്.എ
പെൻ / വാർട്ടൺ – യു.എസ്.എ
കേംബ്രിഡ്ജ് ജഡ്ജ് – യു.കെ
എച്ച്.ഇ.സി പാരീസ് – ഫ്രാൻസ്
ഓക്സ്ഫോർഡ് സൈദ് – യു.കെ
ഇൻസീഡ് – ഫ്രാൻസ്
ലണ്ടൻ ബിസിനസ് സ്കൂൾ – യു.കെ
ഷിക്കാഗോ ബൂത്ത് – യു.എസ്.എ
പഠനച്ചെലവും അതിലൂടെ ലഭിക്കുന്ന വരുമാനവും തമ്മിലുള്ള അനുപാതം (റിട്ടേൺ ഓഫ് ഇൻവെസ്റ്റ്മെെന്റ്, ക്യാമ്പസ് പ്ലേസ്‌മെന്റുകൾ വഴി ലഭിക്കുന്ന തൊഴിൽ സാധ്യതകൾ, സ്ഥാപനങ്ങളുടെ ഗവേഷണ മികവ് തുടങ്ങിയ വിവിധ ഘടകങ്ങൾ സമഗ്രമായി വിശകലനം ചെയ്താണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള നാനൂറിലധികം മികച്ച എം.ബി.എ സ്ഥാപനങ്ങളെ താരതമ്യം ചെയ്യാനും സ്വന്തം ലക്ഷ്യങ്ങൾക്കും താല്പര്യങ്ങൾക്കും അനുയോജ്യമായ പഠനകേന്ദ്രം തിരഞ്ഞെടുക്കാനും റാങ്കിങ് വിദ്യാർഥികളെ സഹായിക്കും.
Content Highlights: MIT Sloan ranks first in the 2027 QS Global MBA Rankings.