പ്ലസ് വൺ രണ്ടാം അലോട്‌മെന്റ്; പ്രവേശനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ

ഹരിപ്പാട്: പ്ലസ് വൺ രണ്ടാം അലോട്‌മെന്റ് ഞായറാഴ്ച വൈകീട്ട് പ്രസിദ്ധീകരിക്കും. തിങ്കളാഴ്ച രാവിലെ 10-നും ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനും ഇടയിൽ സ്കൂളിൽ ചേരാം. ആദ്യ അലോട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ബുധനാഴ്ച പൂർത്തിയായി.
2,46,638 പേരായിരുന്നു ആദ്യ അലോട്‌മെന്റിൽ ഉൾപ്പെട്ടത്. ഇതിൽ 2,20,465 പേർ സ്കൂളിൽ ചേർന്നു. ഇവരിൽ 1,23,744 കുട്ടികൾ ഫീസടച്ച് സ്ഥിരം പ്രവേശനം നേടിയവരാണ്. ബാക്കി 96,721 പേർ അടുത്ത അലോട്‌മെന്റിൽ ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ച് താത്കാലിക പ്രവേശനം നേടി.
അലോട്‌മെന്റ് ലഭിച്ചിട്ടും 24,978 പേർ നിശ്ചിതസമയത്ത് സ്കൂളിൽ ചേർന്നിട്ടില്ല. അപേക്ഷയിലെ അപാകം കാരണം 1,195 പേരുടെ അലോട്‌മെന്റ് റദ്ദായി. ഈ രണ്ടിനങ്ങളിലുമായുള്ള 26,173 സീറ്റുകൾ രണ്ടാം അലോട്‌മെന്റിൽ പരിഗണിക്കും.
ഈ സീറ്റുകളും ആദ്യ അലോട്‌മെന്റിനു ശേഷം മിച്ചമുണ്ടായിരുന്ന 71,264 സീറ്റുകളും അടുത്ത അലോട്‌മെന്റുകളിൽ ഉൾപ്പെടുത്തും. ആദ്യ അലോട്‌മെന്റിൽ ഉൾപ്പെടാത്ത 97,000 പേർക്കെങ്കിലും രണ്ടും മൂന്നും അലോട്‌മെന്റുകളിലൂടെ പ്രവേശനം ലഭിക്കും.
പട്ടികജാതി-വർഗ വികസന വകുപ്പുകളുടെ മേൽനോട്ടത്തിലുള്ള മോഡൽ റെസിഡെൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ (എം.ആർ.എസ്.) 1,318 സീറ്റുകളാണ് ആദ്യ അലോട്മെന്റിലുണ്ടായിരുന്നത്. ഇതിൽ 983 സീറ്റുകളിലാണ് പ്രവേശനം നടന്നത്. മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 29, 30 തീയതികളിൽ നടക്കും. ജൂലായ് ആറിന് ഈ വർഷത്തെ പ്ലസ് വൺ ക്ലാസ് തുടങ്ങും.
| ജില്ല | അലോട്‌മെന്റ് | സ്ഥിരം | താത്കാലികം | ചേരാത്തവർ |
| തിരുവനന്തപുരം | 22,161 | 13,273 | 6,773 | 2,013 |
| കൊല്ലം | 19,178 | 10,136 | 6,619 | 2,349 |
| പത്തനംതിട്ട | 7,956 | 4,288 | 2,152 | 1,488 |
| ആലപ്പുഴ | 13,627 | 7,526 | 4,602 | 1,443 |
| കോട്ടയം | 10,928 | 5,882 | 3,191 | 1,787 |
| ഇടുക്കി | 6,268 | 3,115 | 1,919 | 1,171 |
| എറണാകുളം | 19,038 | 9,412 | 7,353 | 2,102 |
| തൃശ്ശൂർ | 21514 | 10,364 | 8,980 | 2,046 |
| പാലക്കാട് | 22,548 | 11,032 | 8,642 | 2,743 |
| കോഴിക്കോട് | 23,782 | 10,959 | 10,815 | 1,907 |
| മലപ്പുറം | 40,554 | 18,432 | 18,768 | 3,222 |
| വയനാട് | 7,131 | 3,187 | 3,167 | 753 |
| കണ്ണൂർ | 20,584 | 10,056 | 9,309 | 1,145 |
| കാസർകോട് | 11,369 | 6,082 | 4,431 | 809 |
| ആകെ | 2,46,638 | 1,23,744 | 96,721 | 24,978 |
വി.എച്ച്.എസ്.ഇ. പ്രവേശനം: ചേർന്നത് 13,813 പേർ
വി.എച്ച്.എസ്.ഇ. ആദ്യ അലോട്‌മെന്റ് പ്രകാരം സ്‌കൂളിൽ ചേർന്നത് 13,813 കുട്ടികളാണ്. 2,246 പേർ പ്രവേശനം നേടിയ കൊല്ലം ജില്ലയാണ് മുൻപിൽ. 410 പേർ മാത്രം ചേർന്ന വയനാട് ജില്ല പിന്നിലും. 25,122 കുട്ടികളാണ് വി.എച്ച്.എസ്.ഇ. ആദ്യ അലോട്‌മെന്റിലുണ്ടായിരുന്നത്.
Content Highlights: Second allotment results released Sunday evening., Admission window for second allotment is Monday and Tuesday., 26,173 seats added from non-joiners and rejected applications., Third allotment admission scheduled for 29th and 30th., Plus One classes set to commence on July 6th.