പ്ലസ്‌വൺ അക്കൗണ്ടൻസി പരീക്ഷ; ചോദ്യക്കടലാസ് മാറി നൽകിയെന്ന പരാതിയുമായി വിദ്യാർഥിനി

#Education desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

കാസർകോട്: പ്ലസ്‌വൺ അക്കൗണ്ടൻസി പൊതുപരീക്ഷയുടെ ചോദ്യക്കടലാസ് മാറിനൽകിയതായി പരാതി. ചെമ്മനാട്‌ ജി.എച്ച്.എസ്.എസിലെ പ്ലസ്‌വൺ കൊമേഴ്‌സ് വിദ്യാർഥിനി ഷിബ്‌ലാ ഹലീമയ്ക്കാണ് മറ്റൊരു കോമ്പിനേഷനിലെ ചോദ്യപ്പേപ്പർ നൽകിയത്. അബദ്ധം തിരിച്ചറിഞ്ഞ അധ്യാപകർ പിന്നീട് കുട്ടിയെഴുതിയ ഉത്തരക്കടലാസും മാറിനൽകിയ ചോദ്യക്കടലാസും തിരിച്ചുവാങ്ങി പുതിയ ചോദ്യങ്ങൾക്ക് ഉത്തരങ്ങളെഴുതാൻ നിർബന്ധിച്ചെന്നാണ് പരാതി. സംഭവത്തിൽ വിദ്യാർഥിനി വിദ്യാഭ്യാസമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതർക്കും ഇ-മെയിലായി പരാതി നൽകി.

'അക്കൗണ്ടൻസി വിത്ത് കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്' (പേപ്പർ കോഡ്-എഫ്.വൈ.-150) പരീക്ഷ എഴുതാനെത്തിയ കുട്ടിക്ക് 'അക്കൗണ്ടൻസി വിത്ത് അനാലിസിസ് ഓഫ് ഫിനാൻഷ്യൽ സ്റ്റേറ്റ്‌മെന്റ്‌സ്' (പേപ്പർ കോഡ്-എഫ്.വൈ.-149)

എന്ന വിഷയത്തിന്റെ ചോദ്യക്കടലാസാണ് ആദ്യം നൽകിയത്. ജന്മനാ ബീറ്റ തലസീമിയ മേജർ എന്ന രോഗമുള്ള കുട്ടി പ്രത്യേക ഹാളിലാണ് പരീക്ഷ എഴുതുന്നത്. ആ ക്ലാസിലേക്കെത്തിച്ച കവർ പൊട്ടിക്കാതെ തൊട്ടടുത്ത ക്ലാസിൽ ബാക്കിവന്ന അക്കൗണ്ടൻസി (അക്കൗണ്ടൻസി വിത്ത് അനാലിസിസ് ഓഫ് ഫിനാൻഷ്യൽ സ്റ്റേറ്റ്‌മെന്റ്‌സ്) വിഷയത്തിലെ ചോദ്യമാണ് കുട്ടിക്ക് നൽകിയത്.

ഒരേ പുസ്തകം ഉപയോഗിച്ചാണ് രണ്ട് വിഷയത്തിനും ചോദ്യങ്ങൾ തയ്യാറാക്കുന്നത്. അതിനാൽ തന്റെ വിഷയമല്ലെന്ന് തിരിച്ചറിയാൻ കഴിയാത്തവിധം സമാനമായ ചോദ്യങ്ങളാണ് ചോദ്യക്കടലാസിൽ ഉണ്ടായിരുന്നതെന്നാണ് വിദ്യാർഥിനി പറയുന്നത്.പരീക്ഷ അവസാനിക്കാൻ നിമിഷങ്ങൾമാത്രം ബാക്കിനിൽക്കെ വൈകിട്ട് 3.20-ഒാടെയാണ് അധ്യാപകർക്ക് സംഭവിച്ച അമളി തിരിച്ചറിഞ്ഞത്.

അപ്പോൾത്തന്നെ കുട്ടിയുടെ കൈയിൽനിന്ന്‌ ഉത്തരക്കടലാസും ചോദ്യപ്പേപ്പറും ബലമായി വാങ്ങി പുതിയത് നൽകി വീണ്ടും എഴുതാൻ ആവശ്യപ്പെടുകയായിരുന്നു.