പരീക്ഷ മുഴുവനായി എഴുതാത്തവർക്കും മാർക്ക്; NIFT പരീക്ഷയ്ക്കെതിരെയും പരാതി

#Education desk
പ്രതീകാത്മകചിത്രം (മെറ്റ എഐയുടെ സഹായത്താൽ നിർമിച്ചത്)
പ്രതീകാത്മകചിത്രം (മെറ്റ എഐയുടെ സഹായത്താൽ നിർമിച്ചത്)

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് പിന്നാലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻ.ഐ.എഫ്.ടി) പരീക്ഷയ്ക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ. പരീക്ഷാ നടത്തിപ്പിൽ വലിയ ക്രമക്കേടുകൾ നടന്നുവെന്നാണ് വിദ്യാർത്ഥികളുടെ പരാതി.

പരീക്ഷ മുഴുവനായി എഴുതാത്തവർക്ക് പോലും മാർക്ക് ലഭിച്ചു എന്ന ഗൗരവകരമായ ആരോപണമാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്നത്. പരീക്ഷാ ഫലം വന്നപ്പോൾ ഉണ്ടായ ഇത്തരം അപാകതകൾ പരീക്ഷയുടെ സുതാര്യതയെത്തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാജ്യവ്യാപകമായി ചർച്ചയാകുന്നതിനിടെയാണ് സമാനമായ പരാതി നിഫ്റ്റ് പരീക്ഷയെക്കുറിച്ചും ഉയരുന്നത്. ജൂൺ മൂന്നിനായിരുന്നു പരീക്ഷ. 

അധികൃതരുടെ വിശദീകരണം

വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ അധികൃതർ വിഷയത്തിൽ വിശദീകരണവുമായി എത്തിയിട്ടുണ്ട്. പരീക്ഷയുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ച 15 വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിച്ചു എന്നാണ് നിഫ്റ്റ് അധികൃതരുടെ നിലപാട്. എന്നാൽ കൂടുതൽ വിദ്യാർത്ഥികൾ സമാനമായ പരാതികളുമായി രംഗത്തെത്തുന്നുണ്ട്. പരീക്ഷാ നടത്തിപ്പിലെ പാകപ്പിഴകൾ പൂർണ്ണമായും പരിശോധിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

Content Highlights: Following the nationwide NEET controversy, students have raised serious allegations against the National Institute of Fashion Technology (NIFT) exam, claiming that candidates who did not even complete the test were awarded marks.