നാഗ്പൂരിൽ അപേക്ഷിച്ചു, പരീക്ഷാ കേന്ദ്രം ലഭിച്ചത് അബുദാബിയിൽ; നീറ്റ് വിദ്യാർത്ഥിയെ വലച്ച് എൻ.ടി.എ

#Education Desk
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രവേശന പരീക്ഷകളിലൊന്നായ നീറ്റ് (NEET) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒരു വിദ്യാർത്ഥിയുടെ മാനസികാവസ്ഥ എത്രത്തോളമായിരിക്കുമെന്ന് ഊഹിക്കാമല്ലോ? എന്നാൽ പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ലഭിച്ച അഡ്മിറ്റ് കാർഡിൽ പരീക്ഷാ കേന്ദ്രം മറ്റൊരു രാജ്യത്താണെന്ന് കണ്ടാലോ! നാഗ്പൂരിൽ നിന്നുള്ള ഒരു വിദ്യാർത്ഥിക്കാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) സാങ്കേതിക തകരാർ കാരണം ഇത്തരമൊരു അനുഭവമുണ്ടായത്.

ജൂൺ 21 ന് നടക്കാനിരിക്കുന്ന നീറ്റ് യു.ജി 2026 പുനഃപരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു നാഗ്പൂരിൽ നിന്നുള്ള അബ്ദുള്ള മുഹമ്മദ് താലിബ് എന്ന വിദ്യാർത്ഥി. ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തപ്പോഴാണ് വലിയൊരു അബദ്ധം വിദ്യാർത്ഥിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇന്ത്യയിലെ ഏതെങ്കിലും ഒരു പരീക്ഷാ കേന്ദ്രം പ്രതീക്ഷിച്ചിരുന്ന അബ്ദുള്ളയ്ക്ക് എൻ.ടി.എ അനുവദിച്ചത് യുഎഇയിലെ അബുദാബിയിലുള്ള ഒരു ഇന്ത്യൻ സ്കൂളാണ്. പാസ്പോർട്ടില്ലാത്ത വിദ്യാർഥി പരീക്ഷയ്ക്കായി എങ്ങനെ വിദേശത്ത് പോവും? അതിനുള്ള ചെലവും വേറെ വേണം.

പിഴവ് സംഭവിച്ച അഡ്മിറ്റ് കാർഡ്

അബുദാബിയിലെ പരീക്ഷാ കേന്ദ്രം രേഖപ്പെടുത്തിയ ഈ അഡ്മിറ്റ് കാർഡിന്റെ സ്ക്രീൻഷോട്ട് ഓൺലൈനിൽ പ്രചരിച്ചതോടെ വിഷയം എൻ.ടി.എ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. പരാതി ലഭിച്ചതിന് പിന്നാലെ, ഇതൊരു സാങ്കേതിക തകരാർ മൂലമുണ്ടായ പിഴവാണെന്ന് എൻ.ടി.എ (NTA) സമ്മതിച്ചു. ശരിയായ പരീക്ഷാ കേന്ദ്രം രേഖപ്പെടുത്തിയ പുതിയ അഡ്മിറ്റ് കാർഡ് വൈകുന്നേരത്തോടെ തന്നെ ലഭ്യമാക്കുമെന്നും പ്രശ്നം പരിഹരിക്കുമെന്നും എൻ.ടി.എ ഇമെയിൽ വഴി വിദ്യാർത്ഥിയുടെ കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്.

വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശം

ജൂൺ 21 ന് ഉച്ചയ്ക്ക് 2:00 മുതൽ വൈകുന്നേരം 5:15 വരെയാണ് നീറ്റ് യു.ജി 2026 പുനഃപരീക്ഷ നടക്കുന്നത്. അഡ്മിറ്റ് കാർഡിലെ വ്യക്തിഗത വിവരങ്ങളിലോ പരീക്ഷാ കേന്ദ്രങ്ങളിലോ മറ്റ് പ്രധാന വിവരങ്ങളിലോ എന്തെങ്കിലും പിഴവുകൾ ഉണ്ടെങ്കിൽ അത് ഉടനടി അധികൃതരെ അറിയിക്കണമെന്ന് എൻ.ടി.എ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, പരീക്ഷാ കേന്ദ്രത്തിലേക്ക് പോകുമ്പോൾ അഡ്മിറ്റ് കാർഡും നിർദ്ദേശിച്ചിട്ടുള്ള മറ്റ് രേഖകളും കയ്യിൽ കരുതാനും വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്.

Content Highlights: A severe technical glitch by the NTA mistakenly assigned an Abu Dhabi exam center to a passport-less Nagpur student for the upcoming NEET UG 2026 re-exam, prompting the agency to quickly acknowledge the error and issue a corrected admit card.