ബി.ആർക് പ്രവേശനം 2026: നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് വിശദാംശങ്ങൾ അറിയാം

#ഡോ. എസ്. രാജൂകൃഷ്ണൻ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൗൺസിൽ ഓഫ് ആർക്കിടെക്ചർ (സി.ഒ.എ.) നടത്തുന്ന 2026-ലെ നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചറിന്റെ (നാറ്റ) വിശദാംശങ്ങൾ പ്രഖ്യാപിച്ചു.

അഞ്ചുവർഷത്തെ ബാച്ച്‌ലർ ഓഫ് ആർക്കിടെക്ചർ (ബി.ആർക്.) ഒന്നാംവർഷ പ്രവേശനത്തിനായാണ് നാറ്റ നടത്തുന്നത്. ഏപ്രിൽ നാലുമുതൽ ജൂൺ 13 വരെയുള്ള എല്ലാ വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും രാജ്യത്തുടനീളമുള്ള സി.ഒ.എ. അംഗീകൃത ടെസ്റ്റ് സെന്ററുകളിൽ പരീക്ഷ നടത്തും.

ഈ കാലയളവിൽ നടക്കുന്ന നാറ്റയുടെ സ്കോർ, സെൻട്രലൈസ്ഡ് അഡ്മിഷൻ കൗൺസിലിങ് പ്രക്രിയയിലൂടെ സീറ്റ് അലോട്ട്‌മെന്റിനായി വിവിധ പ്രവേശന അധികാരികൾ പരിഗണിക്കും. ഒരു അപേക്ഷാർഥിക്ക് പരമാവധി രണ്ട് തവണ നാറ്റ 2026 അഭിമുഖീകരിക്കാം.

സൂചിപ്പിച്ച കാലയളവിൽ നാറ്റ അഭിമുഖീകരിക്കാത്തവർക്ക് ഓഗസ്റ്റ് ഏഴ്, എട്ട് തീയതികളിൽ നടത്തുന്ന അധിക നാറ്റ പരീക്ഷ അഭിമുഖീകരിക്കാം. എന്നാൽ, അവർക്ക് ഒരുതവണ മാത്രമേ ഇത് അഭിമുഖീകരിക്കാനാകൂ. സെൻട്രലൈസ്ഡ് അഡ്മിഷൻ കൗൺസിലിങ് പ്രക്രിയ പൂർത്തിയാക്കിയശേഷം അവശേഷിക്കുന്ന ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് മാത്രമേ ഇവരെ പരിഗണിക്കൂ.

യോഗ്യത

ഫിസിക്സ്, മാത്തമാറ്റിക്സ്, ഒരു അംഗീകൃത വിഷയം എന്നിവ നിർബന്ധ വിഷയങ്ങളായി പഠിച്ച്, കുറഞ്ഞത് 45 ശതമാനം മാർക്ക് വാങ്ങി 10+2 പരീക്ഷയോ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച് 45 ശതമാനം മാർക്കോടെ 10+3 ഡിപ്ലോമ പരീക്ഷയോ പാസായിരിക്കണം. യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.

യോഗ്യതാ മാനദണ്ഡങ്ങൾ, നാറ്റ സിലബസ്, ബി.ആർക്‌. കോഴ്‌സ് നടത്തുന്ന രാജ്യത്തെ സിഒ.എ. അംഗീകൃത സ്ഥാപനങ്ങളുടെ പട്ടിക, മറ്റ് വിശദാംശങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ബ്രോഷർ www.nata.in, www.coa.gov.in എന്നിവയിൽ ലഭ്യമാകും. രജിസ്‌ട്രേഷൻ www.nata.in ൽ താമസിയാതെ ആരംഭിക്കും. നാറ്റ 2026 സ്‌കോറിന് 2026-27 അക്കാദമിക് സെഷനിൽ മാത്രമേ സാധുതയുണ്ടാവൂ. അപ്‌ഡേറ്റുകൾക്കും വിശദമായ വിവരങ്ങൾക്കുമായി വെബ്‌സൈറ്റ് ഇടയ്ക്കിടെ സന്ദർശിക്കണം. 

സഹായങ്ങൾക്ക്: ഹെൽപ്പ്ഡെസ്‌ക് ടിക്കറ്റിങ് സംവിധാനം: help.nata-app.org ഫോൺ: 8956617577, 8956617578, 8956617579. ഇ-മെയിൽ: support@nata-app.org

Content Highlights: NATA 2026 is the gateway for 5-year B.Arch program admissions.