പ്ലസ് വൺ രണ്ടാം അലോട്‌മെന്റായി; തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പ്രവേശനം നേടാം

ഹരിപ്പാട്: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്‌മെന്റ് ഞായറാഴ്ച പ്രസിദ്ധീകരിച്ചു. തിങ്കളാഴ്ച രാവിലെ 10-നും ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനും മധ്യേ യോഗ്യത, സ്വഭാവ സർട്ടിഫിക്കറ്റുകൾ, ടി.സി., ബോണസ്-ടൈ ബ്രേക്ക് പോയിന്റുകൾക്കുള്ള യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കി പ്രവേശനം നേടാം. രക്ഷിതാവിനൊപ്പമാണ് ഹാജരാകേണ്ടത്. രണ്ടു പേജുള്ള അലോട്‌മെന്റ് ലെറ്ററിന്റെ പ്രിന്റ് ബന്ധപ്പെട്ട സ്കൂളിൽനിന്നു ലഭിക്കും.
മോഡൽ റെസിഡെൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളുകളിലെയും സ്പോർട്‌സ് ക്വാട്ടയിലെയും രണ്ടാം അലോട്‌മെന്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇരുവിഭാഗങ്ങളിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് പ്രവേശനം. ആദ്യ ഓപ്ഷനിൽത്തന്നെ അലോട്‌മെന്റ് ലഭിച്ചവർ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. അല്ലാത്തവർക്ക് താത്കാലിക പ്രവേശനം നേടാം. ആദ്യ അലോട്‌മെന്റിനു ശേഷം താത്കാലിക പ്രവേശനം നേടിയവർക്ക് ഉയർന്ന ഓപ്ഷൻ ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്‌മെന്റ് ലെറ്റർ ആവശ്യമില്ല.
ആദ്യ അലോട്‌മെന്റിൽ ഇടംകിട്ടാതിരുന്ന 20,103 പേരാണ് പുതിയ അലോട്‌മെന്റിൽ ഉൾപ്പെട്ടത്. 96,721 പേർ ഉയർന്ന ഓപ്ഷൻ പ്രതീക്ഷിച്ച് താത്കാലിക പ്രവേശനം നേടിയിരുന്നു. അവരിൽ 20,708 പേർക്ക് ഉയർന്ന ഓപ്ഷൻ ലഭിച്ചു. ഇരുവിഭാഗങ്ങളിലുമായി 40,811 പേർക്കാണ് രണ്ടാം അലോട്‌മെന്റിലൂടെ സ്കൂളിൽ ചേരാൻ അർഹത ലഭിച്ചത്.
മെറിറ്റിൽ മിച്ചം 77,334 സീറ്റുകൾ
രണ്ടാം അലോട്‌മെന്റിനു ശേഷം മെറിറ്റിൽ മിച്ചമുള്ളത് 77,334 സീറ്റുകളാണ്. ആദ്യ അലോട്‌മെന്റിനുശേഷം ഇത് 71,264 ആയിരുന്നു. ആദ്യ അലോട്‌മെന്റിൽ ഉൾപ്പെട്ടവരിൽ 24,978 പേർ സ്കൂളിൽ ചേർന്നിരുന്നില്ല. വിവിധ കാരണങ്ങളാൽ 1,195 പേരുടെ അലോട്‌മെന്റ് റദ്ദാക്കി. ഈ രണ്ടിനങ്ങളിലുമായി മിച്ചംവന്ന സീറ്റുകളാണ് രണ്ടാം അലോട്‌മെന്റിൽ പരിഗണിച്ചിരിക്കുന്നത്.
എസ്.സി.-എസ്.ടി., ഇ.ഡബ്ല്യു.എസ്. ഉൾപ്പെടെയുള്ള സംവരണ സീറ്റുകളിൽ ഭൂരിപക്ഷവും ആദ്യ അലോട്‌മെന്റ് മുതൽ ഒഴിഞ്ഞുകിടക്കുകയാണ്. അർഹരായ അപേക്ഷകരുടെ കുറവാണ് പ്രശ്നം. എസ്.സി.-എസ്.ടി. സംവരണ വിഭാഗങ്ങളിൽ മാത്രം ഒഴിവുള്ളത് 45,697 സീറ്റുകളാണ്. ഇ.ഡബ്ല്യു.എസിൽ 12,044 സീറ്റും.
എസ്.സി-എസ്.ടി. സീറ്റുകളിൽ അപേക്ഷകരില്ലെങ്കിൽ ഒ.ഇ.സി.(പട്ടികവർഗം)യിലെ 13 വിഭാഗങ്ങളെയും ഒ.ഇ.സി.(പട്ടികജാതി)യിലെ ഏഴു വിഭാഗങ്ങളെയുമാണ് ആദ്യം പരിഗണിക്കുന്നത്. അതിനുശേഷവും ഒഴിവുണ്ടെങ്കിൽ പൊതുമെറിറ്റായി പരിഗണിച്ച് ഒ.ബി.സി.യിലെ ഈഴവ, മുസ്‌ലിം, ലത്തീൻ കത്തോലിക്ക, എസ്.ഐ.യു.സി., ആംഗ്ലോ ഇന്ത്യൻ, മറ്റു പിന്നാക്ക ക്രിസ്ത്യൻ, ഹിന്ദു, വിശ്വകർമ തുടങ്ങിയ വിഭാഗങ്ങളിലെ അപേക്ഷകർക്ക് നിശ്ചിത സംവരണ ക്രമമനുസരിച്ച് നീക്കിവെക്കും. ബാക്കി സീറ്റുകൾ പൊതുവിഭാഗത്തിനു കൈമാറും. അടുത്ത അലോട്‌മെന്റുകളിലൂടെയാണ് ഈ സീറ്റുകളുടെ വിതരണം പൂർത്തിയാകുന്നത്. ഇ.ഡബ്ല്യു.എസ്. വിഭാഗത്തിൽ മിച്ചമുള്ള സീറ്റുകൾ മൂന്നാം അലോട്‌മെന്റിൽ പൊതുമെറിറ്റിലേക്കു മാറ്റും.
മൂന്നാം അലോട്‌മെന്റ് 28-ന്
മുഖ്യഘട്ടത്തിലെ അവസാന അലോട്‌മെന്റ് (മൂന്നാം അലോട്‌മെന്റ്) 28-നു പ്രസിദ്ധീകരിക്കും. 29, 30 തീയതികളിൽ പ്രവേശനം നേടാം. ജൂലായ് ആറിനാണ് പ്ലസ് വൺ ക്ലാസ് തുടങ്ങുന്നത്.
മൂന്നാം അലോട്‌മെന്റിൽ ഉൾപ്പെടുന്നവരെല്ലാം സ്ഥിരം പ്രവേശനം നേടണം. ആദ്യ രണ്ട് അലോട്‌മെന്റുപോലെ താത്കാലിക പ്രവേശനത്തിന് അനുമതിയുണ്ടാകില്ല. തുടർന്ന്, സപ്ലിമെന്ററി അലോട്‌മെന്റ് ഘട്ടമാണ്. ജൂലായ് 13-നാണ് സപ്ലിമെന്ററി അലോട്‌മെന്റ് തുടങ്ങുന്നത്. അതിനു മുൻപ് ഓരോ സ്കൂളിലും മിച്ചമുള്ള സീറ്റുകളുടെ പട്ടിക ഹയർ സെക്കൻഡറി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്‌മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി ഘട്ടത്തിലേക്ക് അപേക്ഷ പുതുക്കണം. അല്ലാത്തവരെ പരിഗണിക്കില്ല.
സീറ്റൊഴിവിന്റെ അടിസ്ഥാനത്തിൽ പുതിയ ഓപ്ഷനുകൾ ചേർത്താണ് അപേക്ഷ പുതുക്കേണ്ടത്. നേരത്തേ അപേക്ഷിക്കാൻ കഴിയാത്തവർക്ക് പുതിയ അപേക്ഷ നൽകാം. അപേക്ഷയിലെ അപാകം തിരുത്താനും ഈ ഘട്ടത്തിൽ കഴിയും.
| ജില്ല | പുതിയ അലോട്‌മെന്റ് | ഹയർ ഓപ്ഷൻ | മിച്ചമുള്ള സീറ്റുകൾ |
| തിരുവനന്തപുരം | 1,658 | 2,035 | 4,625 |
| കൊല്ലം | 1,989 | 1,849 | 3,731 |
| പത്തനംതിട്ട | 1,116 | 802 | 2,382 |
| ആലപ്പുഴ | 1,095 | 1,113 | 3,810 |
| കോട്ടയം | 1,326 | 1,018 | 3,331 |
| ഇടുക്കി | 905 | 556 | 1,817 |
| എറണാകുളം | 1,674 | 1,598 | 5,158 |
| തൃശ്ശൂർ | 1,770 | 1,745 | 5,195 |
| പാലക്കാട് | 2,395 | 2,331 | 5,405 |
| കോഴിക്കോട് | 1,533 | 2,010 | 8,274 |
| മലപ്പുറം | 2,548 | 3,403 | 18,107 |
| വയനാട് | 566 | 607 | 2,094 |
| കണ്ണൂർ | 915 | 1,015 | 8,480 |
| കാസർകോട് | 613 | 626 | 4,925 |
| ആകെ | 20,103 | 20,708 | 77,334 |
Content Highlights: Second allotment published with 40,811 eligible candidates., Admission for second allotment is scheduled for Monday and Tuesday., Third allotment to be published on the 28th., 77,334 merit seats remain vacant across the state., Plus One classes for the 2026 academic year begin on July 6.