ക്യാൻവാസിൽ ജീവിതം വരയ്ക്കാൻ ബി.എഫ്.എ; മൂന്ന് സർക്കാർ ഫൈൻ ആർട്സ് കോളേജുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

#ഡോ. എം. വിനയകുമാർ
പ്രതീകാത്മക ചിത്രം| Photo: canva.com
പ്രതീകാത്മക ചിത്രം| Photo: canva.com

കേരള സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന നാലുവർഷത്തെ ബാച്ച്‌ലർ ഓഫ് ഫൈൻ ആർട്സ് (ബി.എഫ്.എ.) കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം.

തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സ് (50 സീറ്റുകൾ), മാവേലിക്കര രാജാ രവിവർമ കോളേജ് ഓഫ് ഫൈൻ ആർട്സ് (50 സീറ്റുകൾ), തൃശ്ശൂർ കോളേജ് ഓഫ് ഫൈൻ ആർട്സ് (57 സീറ്റുകൾ) എന്നീ മൂന്ന് സർക്കാർ സ്ഥാപനങ്ങളിലാണ് കോഴ്സുകൾ.

ഒന്നാംവർഷത്തെ പൊതുപഠനത്തിനുശേഷം, അടുത്ത മൂന്ന് വർഷങ്ങളിൽ പെയിന്റിങ്, ശില്പകല, അപ്ലൈഡ് ആർട്ട് എന്നീ വിഷയങ്ങളിൽ സ്പെഷ്യലൈസേഷൻ തിരഞ്ഞെടുക്കാം.

ഇതിൽ തൃശ്ശൂർ ഫൈൻ ആർട്സ് കോളേജിൽ ഈ മൂന്ന് പ്രധാന വിഷയങ്ങൾക്ക് പുറമേ ‘ആർട്ട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ്’ എന്ന പ്രത്യേക കോഴ്സ് കൂടിയുണ്ട്.

യോഗ്യത

പ്ലസ് ടു അല്ലെങ്കിൽ തുല്യമായ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. 2026 ഡിസംബർ 31-ന് 17 വയസ്സ് തികഞ്ഞിരിക്കണം. ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല.

കോഴ്സ് ഫീസ്

ഒരു വർഷത്തെ ആകെ ഫീസ് -3770 രൂപ (ഇതിൽ അഡ്മിഷൻ ഫീസ് -95 രൂപ, ട്യൂഷൻ ഫീസ് -2190 രൂപ, സ്പെഷ്യൽഫീസ് -985 രൂപ, കോഷൻ ഡെപ്പോസിറ്റ് -500 രൂപ എന്നിവ ഉൾപ്പെടുന്നു). ഇതിനുപുറമേ സർവകലാശാലാ ഫീസുകൾ പ്രത്യേകം നൽകണം.

എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും

തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ, കോഴിക്കോട് എന്നീ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രവേശനപരീക്ഷയിൽ എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷകളും അടങ്ങുന്ന നാല് ഭാഗങ്ങളാണുള്ളത്. പെയിന്റിങ്, ശില്പകല, അപ്ലൈഡ് ആർട്ട് എന്നീ കോഴ്സുകൾ തിരഞ്ഞെടുക്കുന്നവർക്കായി രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഒന്നാം ഭാഗം മനുഷ്യമാതൃകയെ നോക്കി വരയ്ക്കേണ്ട ‘ഡ്രോയിങ് ടെസ്റ്റ്’ (100 മാർക്ക്), രണ്ടാം ഭാഗം കലയും സംസ്കാരവുമായി ബന്ധപ്പെട്ട ‘പൊതുവിജ്ഞാന പരീക്ഷ’ (25 മാർക്ക് - ഒബ്ജക്റ്റീവ് ടൈപ്പ്), നാലാം ഭാഗം അതത് കലാവിഭാഗങ്ങളിലെ പ്രായോഗിക മികവ് അളക്കുന്ന ‘ഡിസൈൻ/ക്രിയേറ്റീവ് പെയിന്റിങ്/ക്രിയേറ്റീവ് ശില്പകല ടെസ്റ്റ്’ (100 മാർക്ക്) എന്നിവ ഉൾപ്പെടുന്നു.

എന്നാൽ, തൃശ്ശൂർ ഫൈൻ ആർട്സ് കോളേജിലെ ‘ആർട്ട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ്’ കോഴ്സ് മാത്രം ലക്ഷ്യമിടുന്നവർ പൊതുവിജ്ഞാന പരീക്ഷയ്ക്ക് പുറമേ, 80 മാർക്കിന്റെ ‘ക്രിയേറ്റീവ് റൈറ്റിങ്’ ടെസ്റ്റിലാണ് (ഭാഗം മൂന്ന്) പങ്കെടുക്കേണ്ടത്.

ഓരോ വിദ്യാർഥിയും തിരഞ്ഞെടുക്കുന്ന കോഴ്സിന്റെ മുൻഗണനയനുസരിച്ച് പരീക്ഷാസമയം ഒന്നേകാൽ മണിക്കൂർമുതൽ പരമാവധി അഞ്ചേകാൽ മണിക്കൂർവരെയായിരിക്കും.

പരീക്ഷയ്ക്ക് ആവശ്യമായ പെൻസിലുകൾ, കളറുകൾ, ഡ്രോയിങ് ബോർഡ്, കളിമണ്ണ് തുടങ്ങിയ സാമഗ്രികൾ വിദ്യാർഥികൾ സ്വയം കൊണ്ടുവരേണ്ടതുമാണ്.

അപേക്ഷ

www.dtekerala.gov.in വഴി ജൂലായ് എട്ടുവരെ അപേക്ഷിക്കാം. 10-നും 11-നും ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം. തുടർന്ന് എഴുത്തുപരീക്ഷയും പ്രായോഗിക പരീക്ഷയും 12-ന് നടക്കും.

റാങ്ക് ലിസ്റ്റ് 21-ന്. ക്ലാസുകൾ 31-ഓടെ ആരംഭിക്കും. പൊതുവിഭാഗത്തിന് 600 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് 300 രൂപയുമാണ് അപേക്ഷാ ഫീസ്.

Content Highlights: The Department of Technical Education, Kerala, has invited online applications for the four-year Bachelor of Fine Arts (BFA) courses across three government colleges till July 8, 2026, with the entrance exam scheduled for July 12.b