പുതിയ കോഴ്സുകൾക്ക് ഇനി മുൻകൂർ അനുമതി വേണ്ട; സ്വയംഭരണ കോളേജുകൾക്ക് സർക്കാറിന്റെ ഇളവുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വയംഭരണ, സ്വാശ്രയ കോളേജുകളുടെ പ്രവർത്തനങ്ങളിലും അഫിലിയേഷൻ നടപടികളിലും സുപ്രധാന ഇളവുകൾ പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
സ്വയംഭരണ സ്വാശ്രയ കോളേജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനോ സ്ഥിരമായി സീറ്റ് വർധിപ്പിക്കുന്നതിനോ ഇനിമുതൽ സർക്കാരിന്റെ മുൻകൂട്ടിയുള്ള എൻ.ഒ.സി ആവശ്യമില്ല. കോഴ്സ് ആരംഭിച്ച വിവരം പിന്നീട് സർക്കാറിനെ അറിയിച്ചാൽ മതിയെന്നാണ് വ്യവസ്ഥ.
എല്ലാ വർഷവും എൻ.ഒ.സി പുതുക്കണമെന്ന നിലവിലെ രീതി മാറ്റി, 2026-27 അധ്യയന വർഷം മുതൽ മൂന്ന് വർഷത്തിലൊരിക്കൽ മുൻകൂറായി പുതുക്കിയാൽ മതിയാകും. സ്വാശ്രയ/ അൺ-എയ്ഡഡ് കോളേജുകളിൽ പുതിയ കോഴ്സുകൾ തുടങ്ങാൻ സർക്കാരിന്റെ എൻ.ഒ.സി ആവശ്യമാണ്. എന്നാൽ, നിലവിലുള്ള കോഴ്സുകളിൽ സീറ്റ് വർധിപ്പിക്കാൻ ബന്ധപ്പെട്ട സർവകലാശാലയുടെയോ റഗുലേറ്ററി അതോറിറ്റിയുടെയോ അനുമതിമാത്രം മതിയെന്ന് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
മാനേജ്മെന്റുകളുടെ ആവശ്യം പരിഗണിച്ചു
ഓരോ വർഷവുമുള്ള പരിശോധനകളും എൻ.ഒ.സി പുതുക്കലുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങളും കോളേജുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്നും സ്വയംഭരണ പദവിയുള്ള സ്ഥാപനങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകണമെന്നും കോളേജ് മാനേജ്മെന്റുകൾ സർക്കാറിനോട് ആവശ്യമുന്നയിച്ചിരുന്നു. മുൻപ് തിരുവനന്തപുരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ആരംഭിച്ച കോഴ്സുകളിൽ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകുന്നത് തടസ്സപ്പെട്ടപ്പോൾ, കേരള സർവകലാശാല ഒറ്റത്തവണ തീർപ്പാക്കലിലൂടെ ബിരുദം അനുവദിച്ച സംഭവങ്ങളും ഉണ്ടായിരുന്നു.
അടിസ്ഥാന സൗകര്യങ്ങളും അധ്യാപക യോഗ്യതയും മുൻകൂട്ടി പരിശോധിക്കാതെ കോഴ്സുകൾ ആരംഭിക്കുന്നത് ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരത്തെ ബാധിക്കാനും സാമ്പത്തിക ബുദ്ധിമുട്ടുകൾ വിദ്യാർഥികൾക്ക് തോന്നുംപോലെ ഫീസ് കൂട്ടുന്നത് തിരിച്ചടിയാകാനും ഇടയുണ്ട്.
എന്നാൽ, കേരളത്തിലെ വിദ്യാർത്ഥികൾ ഉന്നത പഠനത്തിനായി അയൽ സംസ്ഥാനങ്ങളിലേക്ക് പോകുന്നത് തടയാൻ ഇത്തരം ഇളവുകൾ അനിവാര്യമാണെന്നാണ് അനുകൂലിക്കുന്നവരുടെ വാദം.
Content Highlights: No prior government NOC required to start new courses in autonomous and self-financing colleges