JEE MAIN; ആധാർ പരിശോധന, ഫെയ്‌സ് ഒഥന്റിക്കേഷൻ, പരീക്ഷ ഹാളിൽ നേരത്തെ എത്താൻ എൻടിഎ നിർദേശം

നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ഈ വർഷത്തെ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ മെയിൻസ് സെഷൻ- 1 ജനുവരി 28-ന് പുഃനരാരംഭിക്കും. ആദ്യ ദിവസം BE/BTech എന്ന പേപ്പറും രണ്ടാമത്തെ ദിവസമായ 29-ന് BArch, BPlanning എന്നിവയുമായുമാണ് നടക്കുക.
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് എൻടിഎ ചില അറിയിപ്പുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷാഹാളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ആധാറിലെ വിവരങ്ങളും, മുഖവും പരിശോധിക്കുന്നതിനാൽ വിദ്യാർഥികൾ നേരത്തെ തന്നെ സ്ഥലത്തെത്താൻ നിർദേശിച്ചിട്ടുണ്ട്. പരീക്ഷാഹാളിലേക്ക് കടക്കുന്നതിന് മുൻപുള്ള തിരക്ക് ഒഴിവാക്കാൻ വേണ്ടിയാണ് ഈ നിർദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.
രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് 12 വരെയും, ഉച്ചയ്ക്ക് മൂന്ന് മണി മുതൽ ആറ് വരെയുമായി രണ്ട് ഷിഫ്റ്റുകളായിട്ടാണ് പരീക്ഷ നടത്തുക. ജെഇഇ പരീക്ഷാ ഹാളിൽ വിദ്യാർഥികൾക്ക് അഡ്മിറ്റ് കാർഡ്, തിരിച്ചറിയൽ കാർഡ്, ഫോട്ടോ, വെള്ളം, സുതാര്യമായ ബോൾ പേനകൾ, ഡയബറ്റീസ് ഗുളികകൾ എന്നീ വസ്തുക്കൾ അനുവദിക്കും. പെൻസിൽ ബോക്‌സ്, ഹാൻഡ്ബാഗ്, പേഴ്‌സ്, ഇലക്ട്രോണിക് വസ്തുക്കൾ, കാൽക്കുലേറ്റർ തുടങ്ങിയ നിരോധിതവസ്തുക്കൾ പരീക്ഷാഹാളിൽ കൊണ്ടുവരാൻ പാടില്ല.
ഈ ദിവസങ്ങളിൽ നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. വിദ്യാർഥികൾക്ക് അപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും നൽകി jeemain.nta.nic.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
Content Highlights: JEE Main 2026 Session 1 begins Jan 28. Get exam dates, admit card download link, and essential guidelines for BE/BTech, BArch, BPlanning aspirants.