വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബില്ലിലെ പൊളിറ്റിക്‌സും ഇക്കണോമിക്‌സും

#സി.കെ മുഷ്താഖ് ഒറ്റപ്പാലം
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

ഉന്നതവിദ്യാഭ്യാസ രംഗത്ത് സമഗ്രപരിഷ്‌കരണം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ഒരു കരട് ബില്ല് ഡിസംബർ 15-ന് പാർലമെന്റിൽ അവതരിപ്പിക്കുകയുണ്ടായി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചയുടൻ പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു, ഇതൊരു സമഗ്ര ബില്ലായതിനാൽ ഇരുസഭകളുടെയും സംയുക്ത സമിതിയുടെ പരിഗണനയ്ക്കായി അയയ്ക്കാൻ സർക്കാർ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കി. പ്രതിപക്ഷ അംഗങ്ങളുടെ കടുത്ത പ്രതിഷേധവും എതിർപ്പും കണക്കിലെടുത്തായിരുന്നു ഇത്. ബില്ല് കൂടുതൽ ചർച്ചകൾക്കായി ജെ.പി.സി മുമ്പാകെ സമർപ്പിച്ചിരിക്കയാണ്. 31 അംഗ ജെ.പി.സിയിൽ വിശദമായ വാദപ്രതിവാദങ്ങൾക്കു ശേഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിൽ ബിൽ നിയമമാകുമെന്നാണ് പുറത്തുവരുന്ന വിവരം.

ഇന്ത്യൻ സമൂഹത്തിൽ പൊതുവിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ചും ദൂരവ്യാപക പ്രതിഫലനങ്ങൾക്ക് ഇടയാക്കുന്ന ബിൽ ജനകീയമായി ചർച്ചയ്ക്ക് വിധേയമാകേണ്ടതുണ്ട്.

വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ (VBSA) ഘടന

ഇന്ത്യയിലെ മുഴുവൻ ഉന്നത വിദ്യാഭ്യാസ-ഗവേഷണ-ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളും ഏകോപിപ്പിക്കുന്നതിനും ആവശ്യമായ മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്നതിനുമായി പുതിയൊരു കേന്ദ്ര ബോഡി സ്ഥാപിക്കലാണ് ഈ ബില്ലിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരം, അക്രഡിറ്റേഷൻ, നിലവാരം, അധ്യാപന മികവ്, ഗവേഷണം എന്നിവയെല്ലാം മെച്ചപ്പെടുത്തുന്നതിനു വേണ്ടി യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (യൂജിസി), ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യൂക്കേഷൻ (എഐസിടിഇ) നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ (എൻസിടിഇ) തുടങ്ങി എല്ലാ സ്ഥാപനങ്ങളെയും VBSA യുടെ കുടക്കീഴിൽ കൊണ്ടുവരികയാണ് ഈ ബില്ലിലൂടെ ചെയ്യുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെതാണ് (NEP 2020) ബില്ലിന്റെ ചട്ടക്കൂട്.

വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ- VBSA എന്ന പേരിൽ ഒരു ഉന്നതാധികാര സമിതിയും ഈ ബോഡിക്ക് കീഴിൽ, മൂന്ന് വ്യത്യസ്ത കൗൺസിലുകളുമുണ്ടാകും.

കൗൺസിലുകൾ ഇവയാണ്:

  • വികസിത് ഭാരത് ശിക്ഷാ വിനിയമൻ പരിഷത്ത് (റെഗുലേറ്ററി കൗൺസിൽ): നിയമങ്ങൾ നിർമ്മിക്കുകയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുന്ന കൗൺസിൽ.
  • വികസിത് ഭാരത് ശിക്ഷാ ഗുൺവത്ത പരിഷത്ത് (അക്രഡിറ്റേഷൻ കൗൺസിൽ): സ്ഥാപനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതോടൊപ്പം അവയുടെ നിരന്തര മൂല്യനിർണ്ണയവും നടത്തും.
  •  വികസിത് ഭാരത് ശിക്ഷാ മാനക് പരിഷത്ത് (സ്റ്റാൻഡേർഡ് കൗൺസിൽ): ബിരുദങ്ങൾക്കും കോഴ്സുകൾക്കും ആവശ്യമായ നിയമനിർമ്മാണം നടത്തുന്നു. അധ്യയനം, ഗവേഷണം എന്നിവയുടെ ഗുണനിലവാരം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നു.

വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ (VBSA) ബില്ല് നിർദ്ദേശിക്കുന്ന ഉന്നതാധികാര സമിതിയിൽ ചെയർപേഴ്സൺ ഉൾപ്പടെയുള്ള 13 അംഗങ്ങൾക്കായിരിക്കും ഭരണച്ചുമതല. VBSA യുടെ കീഴിൽ വരുന്ന വിനിയമൻ പരിഷത്ത്, ഗുൺവത്ത പരിഷത്ത്, മാനക് പരിഷത്ത് എന്നീ കൗൺസിലുകൾക്കും ഓരോ പ്രസിഡന്റുമാരും 12 വീതം അംഗങ്ങളുമുണ്ടാകും. ഒരു ചെയർപേഴ്സണെയും മൂന്നു പ്രസിഡന്റുമാർ ഉൾപ്പടെയുള്ള കമ്മീഷൻ അംഗങ്ങളെയും ഇന്ത്യൻ രാഷ്ട്രപതിയായിരിക്കും നിയമിക്കുക. മൂന്നു വർഷത്തേക്കാണ് ഇവരെ നിയമിക്കുന്നതെന്നും ആവശ്യമെങ്കിൽ അഞ്ചുവർഷം വരെ നീട്ടാമെന്നും ബില്ലിൽ വ്യക്തമാക്കുന്നു.

അധ്യക്ഷ പദവി ഓണററി മാത്രമെന്നും പറയുന്നുണ്ട്. സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന ഒരു വ്യവസ്ഥയുണ്ടെങ്കിലും ഏത് സംസ്ഥാനത്തെ അംഗമാകണമെന്ന സൂചനയില്ലാത്തതിനാൽ ഭരണകക്ഷിക്ക് അനുകൂലമായ സംസ്ഥാനത്തു നിന്നാകും മുഖ്യമായും പരിഗണിക്കുക. 12 അംഗങ്ങളിൽ 10 പേരും കേന്ദ്ര സർക്കാർ നേരിട്ട് നിയമിക്കുന്നവരോ നോമിനേറ്റഡ് അംഗങ്ങളോ ആയിരിക്കും. എസ്.സി, എസ്.ടി, ഒബിസി മറ്റു ന്യൂനപക്ഷം, സ്ത്രീ, ട്രാൻസ്ജെൻഡർ തുടങ്ങിയവരെ പരിഗണിക്കുക പോയിട്ട് ബില്ലിൽ പരാമർശിക്കുകപോലും ചെയ്തില്ല. എന്നാൽ ഒരു സമിതിക്കും സാമ്പത്തിക അധികാരമില്ല.

കേന്ദ്രത്തിന് അനിയന്ത്രിത നിയന്ത്രണാധികാരം

യൂണിവേഴ്സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ (യൂജിസി), ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യൂക്കേഷൻ (എഐസിടിഇ) തുടങ്ങിയ ഉന്നത സ്ഥാപനങ്ങൾ നിയന്ത്രിച്ചിരുന്ന ഇന്ത്യയിലെ മുഴുവൻ സർവകലാശാലകളെയും കോളജുകളെയും ടെക്‌നിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരികയാണു ഈ ബില്ലിലൂടെയുള്ള ലക്ഷ്യമെന്നും അതിനൊക്കെ ബദലായാണ് വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ (VBSA) സ്ഥാപിക്കുന്നതെന്ന സർക്കാർ വാദത്തിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയെ കേന്ദ്ര സർക്കാർ നേരിട്ടു നിയന്ത്രിക്കാനുള്ള നീക്കമാണ് എന്ന വിമർശനം ഉയർന്നുവരുന്നുണ്ട്. മൂന്ന് പരിഷത്തുകൾ അഥവാ കൗൺസിലുകൾക്കു മേലുള്ള ഒരൊറ്റ അപെക്‌സ് ബോഡി എന്ന നിലയിൽ ഇന്ത്യയിലെ മുഴുവൻ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളുടെയും സർവ്വകലാശാലകളുടെയും മേലിൽ അനിയന്ത്രിത നിയന്ത്രണാധികാരം VBSA യിൽ വന്നു ചേരും. അതായത് ഈ മേഖല കേന്ദ്ര സർക്കാറിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാകും. അങ്ങനെ വരുമ്പോൾ ഇന്ത്യയിലെ ഭൂരിഭാഗം വിദ്യാർത്ഥികളും ആശ്രയിക്കുന്ന സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന സർവകലാശാലകളും ഇനി മുതൽ ദേശീയമായി നിർണ്ണയിക്കപ്പെട്ട മാനദണ്ഡങ്ങൾക്കും ചട്ടക്കൂടുകൾക്കും സ്വാഭാവികമായും അനുസരണയോടെ അടിമപ്പെടേണ്ടിവരും. ഈ വിധേയപ്പെടൽ സംസ്ഥാനങ്ങളിലുള്ള ഉന്നതവിദ്യാഭ്യാസ സമിതികളുടെ അക്കാദമികവും ഭരണപരവുമായ തീരുമാനമെടുക്കലിനുമുള്ള സാധ്യത പരിമിതപ്പെടുത്തും.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഭരണ പരിധിയിൽ പ്രവർത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട്‌സ് ഓഫ് ടെക്‌നോളജി (IIT), നാഷണൽ ഇൻസ്റ്റിട്യൂട്ട്‌സ് ഓഫ് ടെക്‌നോളജി (NIT), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc), ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട്‌സ് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (IISER), ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട്‌സ് ഓഫ് മാനേജ്‌മെന്റ് (IIM), ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട്‌സ് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (IIIT) എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ള പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം VBSA ക്കു കീഴിലാകുമ്പോഴും മെഡിക്കൽ, ഡെന്റൽ, നിയമ വിദ്യാഭ്യാസത്തെ ഇതിൽ ഉൾപ്പെടുത്തിയില്ല എന്ന വിമർശനവുമുണ്ട്.

ഫെഡറൽ പ്രശ്‌നം

ഭരണഘടന മുന്നോട്ടുവയ്ക്കുന്ന ഫെഡറൽ തത്ത്വങ്ങളുടെ നഗ്‌നമായ നിഷേധമാണ് പുതിയ ബില്ലെന്ന വിമർശനമാണ് മറ്റൊരാശങ്ക. വിദ്യാഭ്യാസം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യ അധികാരമുള്ള സമാവർത്തി പട്ടികയിൽ (കൺകറന്റ് ലിസ്റ്റ്) വരുന്ന വിഷയമാണെന്ന് വിഭാവനം ചെയ്യുന്ന ഇന്ത്യൻ ഭരണഘടനയിലെ ഫെഡറൽ കാഴ്ചപ്പാടുകളെ പതിയെ പതിയെ ഇല്ലായ്മ ചെയ്യുമെന്ന് അക്കാദമിക വിദഗ്ദർ ആശങ്കപ്പെടുന്നു. ഒരൊറ്റ അപക്‌സ് ബോഡി അഥവാ VBSA യുടെ ദേശീയമായി നിർണ്ണയിക്കപ്പെട്ട മാനദണ്ഡങ്ങളും ചട്ടക്കൂടുകളും തീരുമാനങ്ങളും ഇന്ത്യയിലെ മുഴുവൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അതായത് കേന്ദ്ര-സംസ്ഥാന സർവ്വകലാശാലകളും സ്വയംഭരണ സ്ഥാപനങ്ങളും അംഗീകരിക്കേണ്ടതായിവരും. അതായത് സർക്കാറിന്റെ രാഷ്ട്രീയ താല്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കേണ്ടിവരുമെന്നാണ് അക്കാദമിക വിദഗ്ധരുടെ വിലയിരുത്തൽ. സംസ്ഥാന തലത്തിലുള്ള ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങളുടെയും സംസ്ഥാന നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയും ജനാധിപത്യപരവും ഭരണനിർവഹണപരവുമായ അധികാരത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്നതാണ് ഈ നീക്കം. കേന്ദ്രം ഒരു പതിറ്റാണ്ടിനിടെ ആരംഭിച്ച എൻ ഇ പി 2020, വഖഫ് ഭേദഗതി നിയമം, പി.എം. ആവാസ് യോജന, പി.എം. ഉഷ, പി.എം.ടി.ബി. മുക്ത് ഭാരത് അഭിയാൻ, പി.എം. ശ്രീ തുടങ്ങിയ മുഴുവൻ കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ മിക്കതും നടപ്പാക്കുന്നത് സംസ്ഥാനങ്ങളുടെ നികുതിപ്പണം കൂടി ഉപയോഗപ്പെടുത്തിയാണ് എന്ന് പോലും ആലോചിക്കാതെയുള്ള ഈ ബില്ലിൽ പാർലമെന്റിന്റെയും അക്കാദമിക സമൂഹത്തിന്റെയും സൂക്ഷ്മ പരിശോധന ആവശ്യമുണ്ട്.

ഗ്രാന്റുകളും സാമ്പത്തിക സഹായങ്ങളും

എല്ലാം ഒരു കുടക്കീഴിൽ എന്ന ആശയം മനോഹരമായി ബില്ലിൽ അവതരിപ്പിക്കുന്നുണ്ടെങ്കിലും വിദ്യാഭ്യാസത്തിന്മേലുള്ള സാമ്പത്തിക സഹായങ്ങൾ, ഗ്രാന്റുകൾ, സ്‌കോളർഷിപ്പുകൾ, ഫെല്ലോഷിപ്പുകൾ എന്നിവയെക്കുറിച്ച് കരട് ബില്ലിൽ പരാമർശമില്ല. കോളേജുകളിലും സർവ്വ കലാശാലകളിലും സംഘടിപ്പിക്കുന്ന സെമിനാറുകൾക്കും മറ്റു അക്കാദമിക സെഷനുകൾക്കും ആവശ്യമായ അനുമതിക്കും ഫണ്ടുകൾക്കും ഇനി മുതൽ മന്ത്രാലയത്തെ സമീപിക്കേണ്ടി വരും. അവരുടെ രാഷ്ട്രീയ ഇച്ഛക്കനുസൃതമാകും പരിപാടികൾക്കുള്ള അനുമതിയും ഫണ്ടുകളുടെ ലഭ്യതയും. യുജിസി, എഐസിടിഇ എന്നീ ഏജൻസികൾക്ക് സ്ഥാപനങ്ങൾക്കു ഗ്രാന്റ് നൽകാനുള്ള വ്യവസ്ഥയുണ്ടായിരുന്നു.നിലവിൽ സാമ്പത്തികമായും സാമൂഹികമായും ആരോഗ്യപരമായും പിന്നോക്കം നിൽക്കുന്നവർക്കുള്ള ഗ്രാന്റുകൾ സ്‌കോളർഷിപ്പുകൾ, പരിശീലനം, ഗവേഷണം, തുടങ്ങി ഒട്ടേറെ പദ്ധതികൾക്കു യു ജി സി ധനസഹായം നൽകുന്നുണ്ട്. എന്നാൽ, പുതിയ സംവിധാനത്തിന് ഇതില്ലെന്നു മാത്രമല്ല ഗവേഷണ സ്ഥാപനങ്ങൾക്കുള്ള സാമ്പത്തികവിഹിതം അടുത്തിടെ കേന്ദ്രസർക്കാർ വൻതോതിൽ കുറച്ചിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിൽ ന്യൂനപക്ഷ പിന്നോക്ക അധഃസ്ഥിത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠനപ്രോത്സാഹനത്തിനും ഗവേഷണത്തിനും ലഭിച്ചിരുന്ന ഗ്രാന്റുകളും ഫെല്ലോഷിപ്പുകളും സ്‌കോളർഷിപ്പുകളും നിർത്തലാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്താൽ ഈ വിഭാഗങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നും നിഷ്‌കരുണം പുറന്തള്ളപ്പെടും.

യു.ജി.സി നിർവഹിച്ചത്

ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെയും ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാന അബുൽ കലാം ആസാദിന്റെയും സ്വപ്നപദ്ധതിയായ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ എന്ന UGC നിലവിൽ വന്നത് 1956 ലാണ്. രൂപീകരണ ഘട്ടംമുതൽ വിവിധ തലങ്ങളിൽ നടന്ന ചർച്ചകളിലൂടെയാണ് ആ സ്വതന്ത്ര ബോഡി വളർന്നത്. പാർലമെന്റിലും നിയമസഭകളിലെയും നടന്ന ചർച്ചകളിൽ യു.ജി.സി പ്രധാന കഥാപാത്രമായിട്ടുണ്ട്. സർവകലാശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലും പതിനായിരക്കണക്കിന് കോളേജുകളിലും നടന്ന അനേകായിരം സെമിനാറുകളിൽ പ്രബന്ധങ്ങളായി യു.ജി.സിയെ അവതരിപ്പിക്കപ്പെട്ടു. അക്കാദമികവും അനക്കാദമികവുമായ അധ്യാപക-വിദ്യാർത്ഥി ചർച്ചകളിലൂടെയെല്ലാം രൂപപ്പെട്ടുവന്നതാണ് ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗം. പോരായ്മകൾ ഉണ്ടെങ്കിലും അവയെല്ലാം ഒരുപരിധിവരെ യുജിസിയെപോലെയുള്ള ബോഡികൾ പരിഹരിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്തെ വളർച്ച ഉൾക്കൊണ്ടുകൊണ്ട് ഉള്ളതിനെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്.

പുതിയ സമിതിയുടെ വരവോടെ സ്വതന്ത്ര സ്വഭാവമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും മേഖലയും ഇല്ലാതാവുകയാണ്. ഒരു രാജ്യം ഒരു വിദ്യാഭ്യാസം എന്ന ആശയത്തിലേക്കുള്ള ചുവടുവെപ്പാണോ ഇതെന്ന് ആരും ചിന്തിച്ചു പോകും. വേണ്ടത്ര ആലോചനയില്ലാതെയും മറ്റു താൽപര്യങ്ങളോടെയുമാണ് ഇപ്പോഴത്തെ പരിഷ്‌കരണമെങ്കിൽ അത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തികരണത്തിനല്ല, ശോഷണത്തിനാകും വഴിവയ്ക്കുക. പുതു വിദ്യാഭ്യാസത്തിലൂടെയുള്ള വികസിത് ഭാരത് എന്ന ആശയം പ്രായോഗിക തലത്തിലേക്കു നീങ്ങുംമുമ്പ് ഇക്കാര്യത്തിൽ വിവിധതലങ്ങളിൽ ആഴത്തിലും പരപ്പിലുമുള്ള ചർച്ചകൾ അനിവാര്യമാണ്. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട ന്യായമായ ആശങ്കകൾ ഉചിതമായി പരിഹരിക്കുകയും വേണം.

Content Highlights: Understand India`s new Higher Education Reform Bill, VBSA. Learn about its structure, councils, and potential impact on institutions and students.