രാജ്യത്ത് ആദ്യമായി സ്കൂൾ അധ്യാപകരുടെ എണ്ണം ഒരു കോടി കടന്നു; കേന്ദ്ര റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി മൊത്തം അധ്യാപകരുടെ എണ്ണം ഒരു കോടി പിന്നിട്ടതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ. രാജ്യത്തുടനീളമുള്ള 14.67 ലക്ഷം സ്കൂളുകളിലായി 24.72 കോടി വിദ്യാർഥികളും 1.03 കോടിയിലധികം അധ്യാപകരും ഉണ്ടെന്നാണ് പുതിയ ഡാറ്റ വ്യക്തമാക്കുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുള്ള പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ് (PGI 2.0), ജില്ലകൾക്കായുള്ള പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ് (PGI-D 2025-26) എന്നീ രണ്ട് റിപ്പോർട്ടുകളിലാണ് ഈ വിവരങ്ങളുള്ളത്. സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായം എത്രത്തോളം ഫലപ്രദമായാണ് പ്രവർത്തിക്കുന്നത് എന്ന് വിലയിരുത്തുന്നതിനായി 'യൂണിഫൈഡ് ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ സിസ്റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസ്' (UDISE+), മറ്റ് സർക്കാർ പോർട്ടലുകൾ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചാണ് ഈ റിപ്പോർട്ടുകൾ തയ്യാറാക്കിയിരിക്കുന്നത്.
സംസ്ഥാനങ്ങളെ വിലയിരുത്തുന്നത് എങ്ങനെ?
PGI ചട്ടക്കൂട് അനുസരിച്ച് സംസ്ഥാനങ്ങൾക്ക് വ്യക്തിഗതമായി റാങ്ക് നൽകുന്നില്ല. പകരം, സമാന പ്രകടനമുള്ള സംസ്ഥാനങ്ങളെ വിവിധ 'പെർഫോമൻസ് ബാൻഡുകളായി' (ഗ്രൂപ്പുകളായി) തിരിക്കുകയാണ് ചെയ്യുന്നത്.
സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് വികസിപ്പിച്ച ഈ സൂചികയിൽ 70 സൂചകങ്ങളുടെ അടിസ്ഥാനത്തിൽ ആകെ 1000 പോയിന്റിലാണ് വിലയിരുത്തൽ നടത്തുന്നത്.
ഈ സൂചകങ്ങളെ ഫലം, ഭരണനിർവ്വഹണവും മാനേജ്‌മെന്റും എന്നിങ്ങനെ രണ്ട് പ്രധാന വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
പഠനനിലവാരം, പ്രവേശനം, ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങൾ, തുല്യത, ഭരണ പ്രക്രിയകൾ, അധ്യാപക പരിശീലനം എന്നിങ്ങനെ ആറ് മേഖലകളെ അടിസ്ഥാനമാക്കിയാണ് ഈ പഠനം.
ഇതിനായി UDISE+, പരഖ് രാഷ്ട്രീയ സർവേക്ഷൻ 2024, പി.എം പോഷൻ പോർട്ടൽ, പ്രബന്ധ് പോർട്ടൽ, വിദ്യാഞ്ജലി പോർട്ടൽ എന്നിവയിലെ വിവരങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.
ജില്ലകൾക്കായി പുതിയ സൂചിക (PGI-D)
ഇതാദ്യമായാണ് വിദ്യാഭ്യാസ മന്ത്രാലയം ഈ ഗ്രേഡിങ് പ്രക്രിയ ജില്ലാ തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. എല്ലാ ജില്ലകളെയും പൊതുവായ മാനദണ്ഡങ്ങൾ വെച്ച് വിലയിരുത്താൻ PGI-D സഹായിക്കുന്നു.
ജില്ലാതല സൂചികയിൽ 70 സൂചകങ്ങളിലായി ആകെ 600 പോയിന്റാണ് ഉള്ളത്.
ക്ലാസ് മുറിയിലെ അധ്യാപനം, അടിസ്ഥാന സൗകര്യങ്ങൾ, കുട്ടികളുടെ സുരക്ഷിതത്വം, ഡിജിറ്റൽ ലേണിങ് ഉൾപ്പെടെയുള്ള ആറ് വിഭാഗങ്ങളായി ഇതിനെ തരംതിരിച്ചിരിക്കുന്നു.
രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ രംഗം ജില്ലാ തലം മുതൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കൃത്യമായ ഡാറ്റയുടെ സഹായത്തോടെ മനസ്സിലാക്കാനും. അതിനനുസരിച്ച് പുതിയ നയങ്ങൾ രൂപീകരിക്കാനും ഈ രണ്ട് സൂചികകളും ഭരണകർത്താക്കളെയും നയരൂപകർത്താക്കളെയും സഹായിക്കും.
Content Highlights: For the first time in India's school education history, the total number of teachers has crossed the 1 crore (10.3 million) milestone, as revealed by the Ministry of Education's newly released state and district-level Performance Grading Index (PGI) reports.