നീറ്റ് മുതൽ ജെഇഇ വരെ; വർഷാരംഭം വിദ്യാർഥികളെ കാത്തിരിക്കുന്നത് തിരക്കേറിയ പരീക്ഷാദിനങ്ങൾ

#Education Desk
പ്രതീകാത്മക ചിത്രം.|Photo: Gemini AI
പ്രതീകാത്മക ചിത്രം.|Photo: Gemini AI

‌ഇന്ത്യയിലെ വിദ്യാർഥികളെ സംബന്ധിച്ച് വളരെ തിരക്കേറിയ ദിവസങ്ങളാണ് കടന്നുവരുന്നത്. സ്കൂളുകളിലും കോളേജുകളിലും നടക്കാനിരിക്കുന്ന പബ്ലിക് പരീക്ഷകൾക്കൊപ്പം തന്നെ ഉന്നതപഠനവുമായി ബന്ധപ്പെട്ട നിരവധി പ്രവേശന പരീക്ഷകളും ഈ വർഷം തുടക്കത്തിൽ നടക്കാനുണ്ട്.

പല തലങ്ങളിലേക്കുള്ള പ്രവേശനത്തിനായി നടത്തേണ്ട വിവിധ പരീക്ഷകളാണ് വിദ്യാർഥികളെ കാത്തിരിക്കുന്നത്. മെ‍ഡിക്കൽ, എൻജിനീയറിങ് രംഗത്തെ പരീക്ഷകളാണ് പ്രധാനമായും സ്കൂൾ വിദ്യാർഥികൾ അഭിമുഖീകരിക്കേണ്ടി വരിക.

മെ‍ഡിക്കൽ എൻജിനീയറിങ് പ്രവേശനപരീക്ഷകൾ

എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനായി രാജ്യവ്യാപകമായി നടത്തുന്ന പരീക്ഷയാണ് നീറ്റ് യുജി. വർഷത്തിലൊരിക്കൽ മാത്രം നടത്തുന്ന പരീക്ഷയാണിത്. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ നേതൃത്വത്തിൽ നടത്തുന്ന പരീക്ഷയുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ പരീക്ഷയുടെ സിലബസ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാവി എൻജിനീയർമാരെ കണ്ടെത്തുന്ന ജെഇഇ മെയിൻസ് പരീക്ഷയുടെ രണ്ടാമത്തെ സെഷന്റെ രജിസ്ട്രേഷൻ നടപടികൾ ജനുവരി അവസാന ആഴ്ചയോട് കൂടി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജെഇഇ മെയിൻസ് ആദ്യ സെഷൻ ജനുവരി 21 മുതൽ ജനുവരി 30 വരെ നടക്കും.

ദേശീയതലത്തിൽ ഫാഷൻ, ഡിസൈനിങ് എന്നീ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി എൻട്രൻസ് എക്സാം(NIFT). പരീക്ഷയുമായി ബന്ധപ്പെട്ട പ്രവേശനനടപടികൾ ഔദ്യോഗിക വെബ്സൈറ്റിൽ ആരംഭിച്ചുകഴിഞ്ഞു. വൈകിയ ഫീസില്ലാതെ അപേക്ഷ അയക്കേണ്ട അവസാന തീയതി ജനുവരി ആറാണ്. ബിരുദതലത്തിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയിലേക്ക് പത്ത്, പ്ലസ് ടു തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ഗവൺമെന്റ് സ്ഥാപനങ്ങളിലേക്ക് മാത്രമല്ല ചില സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനും പ്രവേശനപരീക്ഷകളുടെ സ്കോർ ആവശ്യപ്പെടുന്നുണ്ട്. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് എൻട്രൻസ് എക്സാമിനേഷൻ, അമൃത എൻജിനീയറിങ് എൻട്രൻസ് എക്സാമിനേഷൻ എന്നിവ പ്രവേശനത്തിനായി നടത്തുന്ന പ്രത്യേക പരീക്ഷകളാണ്.

ബിരുദാന്തരബിരുദ പ്രവേശന പരീക്ഷകൾ

കേന്ദ്ര സർവകലാശാലകളിലേക്കും അനുബന്ധ കോളേജുകളിലേക്കുമുള്ള പ്രവേശനത്തിനായി എൻടിഎ നടത്തുന്ന പരീക്ഷയാണ് സിയുഇടി പിജി. ഡിസംബർ 14- ന് ആരംഭിച്ച രജിസ്ട്രേഷൻ നടപടികൾ ജനുവരി 14 വരെ നീണ്ടു നൽക്കും. കഴിഞ്ഞതവണത്തേതിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ വിദ്യാർഥികൾക്ക് നാല് പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.

വിവിധ പപരീക്ഷകളുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അറിയാൻ വിദ്യാർഥികൾ കൃത്യമായി ഔദ്യോഗിക വെബ്സൈറ്റുകൾ പരിശോധിക്കണം.

Content Highlights: Stay updated on crucial Indian entrance exams for 2024 like NEET, JEE Main, NIFT, and CUET PG. Find registration dates, syllabus, and key details for higher education.