‘രണ്ട് ലക്ഷം പരമ്പരാഗത ജോലികൾ ഇല്ലാതായേക്കാം’, മൂന്നാം ക്ലാസ് മുതൽ കുട്ടികൾ എഐ പഠിക്കും; പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്രം

ന്യൂഡൽഹി: അടുത്ത അധ്യയനവർഷം മുതൽ സ്കൂൾ പാഠ്യപദ്ധതിയിൽ നിർമിതബുദ്ധി (എഐ) ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. മൂന്നാം ക്ലാസുമുതൽ നിർമിതബുദ്ധി പാഠ്യപദ്ധതിയിലുണ്ടാവും. മൂന്നു വർഷത്തിനുള്ളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും പുതിയ സാങ്കേതികവിദ്യയിൽ പരിശീലനം നൽകാനാണ് തീരുമാനം. പാഠ്യപദ്ധതിക്കാവശ്യമായ സിലബസ് സിബിഎസ്ഇ തയ്യാറാക്കും. എഐ ടൂൾ ഉപയോഗിക്കുന്നതിന് അധ്യാപകർക്ക് പരിശീലനം നൽകും.
പാഠ്യപദ്ധതികൾ തയ്യാറാക്കാൻ അധ്യാപകർക്ക് AI ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനുള്ള പൈലറ്റ് പ്രോജക്റ്റ് നടന്നുകൊണ്ടിരിക്കുകയാണ് സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ വ്യക്തമാക്കി. നിലവിൽ, 18,000-ത്തിലധികം സിബിഎസ്ഇ സ്കൂളുകളിൽ AI ആറാം ക്ലാസ് മുതൽ 15 മണിക്കൂറുള്ള മൊഡ്യൂളുകളുള്ള നൈപുണ്യ വിഷയമായി നൽകുന്നുണ്ട്. 9 മുതൽ 12 വരെയുള്ള ക്ലാസുകളിൽ ഇവ ഓപ്ഷണൽ വിഷയമാണ്.
എഐയും തൊഴിലും സംബന്ധിച്ച നിതി ആയോഗ് റിപ്പോർട്ട് പുറത്തിറക്കുന്ന ചടങ്ങിലാണ് സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഏകദേശം രണ്ട് ദശലക്ഷം പരമ്പരാഗത ജോലികൾക്ക് ഇല്ലാതാകാനും എട്ട് ദശലക്ഷം പുതിയ റോളുകൾ പുതുതായി വരാനും വരുംകാലങ്ങളിൽ സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ സ്കൂളുകളിൽ 2025-26 പാഠ്യപദ്ധതിയില്‍ ഐ.ടി. പഠനം പരിഷ്‌കരിച്ചിരുന്നു. ഈ വര്‍ഷം ഏഴാം ക്ലാസിലെ ഐ.സി.ടി. പുസ്തകത്തിലാണ് നിര്‍മിതബുദ്ധി പഠനവും ഉള്‍പ്പെടുത്തിയത്. മനുഷ്യരുടെ മുഖഭാവം തിരിച്ചറിയുന്ന ഒരു എ.ഐ. പ്രോഗ്രാം കുട്ടികള്‍ സ്വയം തയ്യാറാക്കുന്ന ഉള്ളടക്കത്തോടെയാണ് പാഠഭാഗം. ഈ പ്രോഗ്രാം വഴി ഒരാളുടെ മുഖത്തുണ്ടാകുന്ന ഏഴു ഭാവങ്ങള്‍വരെ കംപ്യൂട്ടറിനു തിരിച്ചറിയാം.
അടുത്ത അധ്യയനവര്‍ഷം എട്ടുമുതല്‍ പത്തുവരെ ക്ലാസുകളിലേക്കും എ.ഐ. പഠനം വ്യാപിപ്പിക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു.
Content Highlights: India`s central government has decided to integrate Artificial Intelligence (AI) into the school curriculum starting from the 2026-27 academic year