ഐഐടി മാണ്ഡിയില്‍ ഇലക്ട്രിക് വെഹിക്കിള്‍സ്, ഡീപ് ലേണിങ് വിഷയങ്ങളില്‍ ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ചെയ്യാന്‍ അവസരം

ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മാണ്ഡിയില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകള്‍ ആരംഭിച്ചു. രാജ്യത്തുടനീളമുള്ള വിദ്യാര്‍ഥികള്‍, ഗവേഷകര്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ആരംഭിച്ചത്. സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യുക്കേഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കോഴ്‌സുകള്‍ ഡിസംബര്‍ രണ്ടാമത്തെ ആഴ്ച മുതല്‍ ആരംഭിക്കും.
ഇലക്ട്രിക് ആന്‍ഡ് ഹൈബ്രിഡ് വെഹിക്കിള്‍സ്, സ്റ്റാറ്റിസ്റ്റിക്കല്‍ ഡാറ്റാ അനാലിസിസ് ആന്‍ഡ് ഡീപ് ലേണിങ് 2.0 എന്നീ വിഷയങ്ങളിലാണ് കോഴ്‌സുകള്‍ ആരംഭിച്ചിരിക്കുന്നത്. പരിശീലനത്തിലൂടെ സാങ്കേതിക വൈദഗ്ധ്യം നല്‍കി പ്രായോഗിക കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിലാണ് കോഴ്‌സ് ലക്ഷ്യമിടുന്നത്. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് അത്യാധുനിക ലബോറട്ടറികളില്‍ നേരിട്ട് പരിശീലനം നേടാനും അധ്യാപകരുടെ മാര്‍ഗ്ഗനിര്‍ദ്ദേശം സ്വീകരിക്കുവാനും ഇതുമായി ബന്ധപ്പെട്ട് ദൈനംദിന ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാനും സാധിക്കും.
ഇലക്ട്രോണിക് ആന്‍ഡ് ഹൈബ്രിഡ് വെഹിക്കിള്‍സ് കോഴ്‌സില്‍ വാഹനഘടന, അടിസ്ഥാനതത്ത്വങ്ങള്‍, ഹൈബ്രിഡ് സംവിധാനങ്ങള്‍, ബാറ്ററി സാങ്കേതിക വിദ്യ, ലൈവ് പ്രാക്ടിക്കല്‍ ഡെമോണ്‍സ്‌ട്രേഷന്‍ എന്നിവ ഉള്‍പ്പടെ ഇലക്ട്രിക് മൊബിലിറ്റിയെക്കുറിച്ച് സമഗ്രമായ ധാരണ നല്‍കുന്നു.
സ്റ്റാറ്റിസ്റ്റിക്കല്‍ ഡാറ്റാ അനാലിസിസ് ആന്‍ഡ് ഡീപ് ലേണിങ് 2.0: മെഷീന്‍ ലേണിങ്, ന്യൂറല്‍ നെറ്റ്‌വര്‍ക്കുകള്‍, സമകാലിക ഡീപ് ലേണിങ് ആര്‍ക്കിടെക്ചര്‍ എന്നിവയുടെ ആശയങ്ങളും പ്രായോഗിക പരിശീലനവും സമന്വയിപ്പിച്ചുകൊണ്ടാണ് കോഴ്‌സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പങ്കെടുക്കുന്നവര്‍ക്ക് ആധുനിക അനലറ്റിക്കല്‍ ടൂളുകളെക്കുറിച്ചും പഠിക്കാനുള്ള അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Content Highlights: Unlock your potential with new short-term certificate courses at IIT Mandi. Gain practical skills in Electric Vehicles, Data Analysis, and Optical Techniques.