സയൻസിൽ ഉപരിപഠനം രാജ്യത്തെ മികച്ച സ്ഥാപനങ്ങൾ; IISER പ്രവേശനത്തിന് ഏപ്രിൽ 13 വരെ അപേക്ഷിക്കാം

#ഡോ. എസ്. രാജൂകൃഷ്ണൻ
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

ഗവേഷണങ്ങൾക്ക് ഊന്നൽ നൽകി വിവിധ ശാസ്ത്രവിഷയങ്ങളിലെ അഞ്ച് വർഷ ബാച്ച്‌ലർ-മാസ്റ്റേഴ്‌സ് (ഡ്യുവൽ ഡിഗ്രി), നാല് വർഷ ബി.എസ്., നാല് വർഷ ബി.ടെക്. പ്രോഗ്രാമുകളില പഠനങ്ങൾക്ക് അവസരമൊരുക്കുന്ന ദേശീയതല സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ), 2026-’27-ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഏഴ് ഐസറുകൾ

ബർഹാംപുർ, ഭോപാൽ, കൊൽക്കത്ത, മൊഹാലി, പുണെ, തിരുവനന്തപുരം, തിരുപ്പതി എന്നീ ഐസറുകളിലാണ് പ്രവേശനം. ഗവേഷണ അധിഷ്ഠിത ഇന്റേൺഷിപ്പുകൾ, പ്രോജക്ടുകൾ, ഇന്റർ ഡിസിപ്ലിനറി ഗവേഷണം എന്നിവയ്ക്കു പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതിയാണ് ഇവിടെ ഉള്ളത്.

പ്രോഗ്രാമുകൾ

• അഞ്ച് വർഷ ബാച്ച്‌ലർ ഓഫ് സയൻസ് - മാസ്റ്റർ ഓഫ് സയൻസ് (ബി.എസ്.- എം.എസ്.): ബയോളജിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, എർത്ത് സയൻസസ്, എൻവയൺമെന്റൽ സയൻസസ്, എർത്ത് ആൻഡ് എൻവയൺമെന്റൽ സയൻസസ്, ജിയോളജിക്കൽ സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ്, കംപ്യൂട്ടേഷണൽ ആൻഡ് േഡറ്റ സയൻസസ്, ഇന്റഗ്രേറ്റഡ് ആൻഡ് ഇന്റർഡിസിപ്ലിനറി സയൻസസ് (ബയോളജിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, ഡേറ്റ സയൻസസ്, എർത്ത് എൻവയൺമെന്റൽ ആൻഡ് സസ്റ്റെയിനബിലിറ്റി സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ്) എന്നിവയിൽ ലഭ്യമാണ്.

ഓരോ കേന്ദ്രത്തിലും ലഭ്യമായ വിഷയങ്ങൾ www.iiseradmission.in ലെ സ്ഥാപന ലിങ്കുകളിൽ ലഭിക്കും.

ഭോപാലിൽ നാല് വർഷ ബി.ടെക്. (കെമിക്കൽ എൻജിനിയറിങ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ് ആൻഡ്‌ കംപ്യൂട്ടർ സയൻസ്, ഡേറ്റാ സയൻസ് ആൻഡ് എൻജിനിയറിങ്), നാല് വർഷ ബി.എസ്. ഇക്കണോമിക് സയൻസസ് എന്നീ പ്രോഗ്രാമുകളും തിരുപ്പതിയിൽ നാല് വർഷ ബി.എസ്. ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പ്രോഗ്രാമും ഉണ്ട്.

തിരുവനന്തപുരം ഐസർ

തിരുവനന്തപുരത്ത് വിതുരയിലുള്ള ഐസറിൽ ബേസിക് സയൻസസിൽ (ബയോളജിക്കൽ, കെമിക്കൽ, മാത്തമാറ്റിക്കൽ, ഫിസിക്കൽ) ബി.എസ്.-എം.എസ്. പ്രോഗ്രാമും ഇന്റഗ്രേറ്റഡ് ആൻഡ് ഇന്റർഡിസിപ്ലിനറി സയൻസസ് (ബയോളജിക്കൽ, കെമിക്കൽ, ഡേറ്റ, എർത്ത് എൻവയൺെമന്റൽ ആൻഡ് സസ്റ്റെയിനബിലിറ്റി, മാത്തമാറ്റിക്കൽ, ഫിസിക്കൽ - സയൻസസ്) ബി.എസ്.- എം.എസ്. പ്രോഗ്രാമും ലഭ്യമാണ്.

ലഭ്യമായ 10 സ്ട്രീമുകളിൽ ഒന്ന് നാലാം സെമസ്റ്ററിൽ തിരഞ്ഞെടുക്കണം.

യോഗ്യത

അപേക്ഷകർ ഇന്ത്യക്കാരോ, പേഴ്‌സൺ ഓഫ് ഇന്ത്യൻ ഒറിജിൻ (പി.ഐ.ഒ.)/ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ.) വിഭാഗക്കാരോ ആയിരിക്കണം. കൗൺസിൽ ഓഫ് ബോർഡ്‌സ് ഓഫ് സ്കൂൾ എജുക്കേഷൻ (സി.ഒ.ബി.എസ്.ഇ.) ഇൻ ഇന്ത്യ അംഗീകാരമുള്ള പ്ലസ് ടു/തത്തുല്യ പരീക്ഷ/മൂന്നു വർഷ ഡിപ്ലോമ സയൻസ് സ്ട്രീമിൽ പഠിച്ച് 2024-ലോ 2025-ലോ ജയിച്ചവർ 2026-ൽ പ്രസ്തുത പരീക്ഷ അഭിമുഖീകരിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം.

പ്ലസ്ടുതല പരീക്ഷയിൽ മൊത്തത്തിൽ (എല്ലാ വിഷയങ്ങളും പരിഗണിച്ച്) 60 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം)/തത്തുല്യ ഗ്രേഡ് നേടിയിരിക്കണം.

ഏതെങ്കിലും ബോർഡ്, പ്ലസ്ടു തല പരീക്ഷാഫലം 11, 12 ക്ലാസുകളിലെ പരീക്ഷകളുടെ മാർക്കുകൾ മൊത്തത്തിൽ പരിഗണിച്ചാണ് നൽകുന്നതെങ്കിൽ അവരുടെ 12-ാം ക്ലാസ് പരീക്ഷയിലെ മാർക്ക് മാത്രമേ പരിഗണിക്കൂ. മൂന്നുവർഷ ഡിപ്ലോമക്കാരുടെ അന്തിമവർഷ മാർക്കേ പരിഗണിക്കൂ.

സെമസ്റ്റർ സമ്പ്രദായമുള്ള ബോർഡുകളുടെ കാര്യത്തിൽ രണ്ട് അന്തിമ സെമസ്റ്ററുകളിൽ ലഭിച്ച മാർക്കായിരിക്കും പരിഗണിക്കുക.

ഏതെങ്കിലും ബോർഡ് തത്തുല്യ മാർക്ക് ശതമാനം വ്യക്തമാക്കാതെ ലറ്റർ ഗ്രേഡ് മാത്രമാണ് ഗ്രേഡ് ഷീറ്റിൽ നൽകുന്നതെങ്കിൽ, തത്തുല്യ മാർക്ക് വ്യക്തമാക്കുന്ന ഒരു സർട്ടിഫിക്കറ്റ് അപേക്ഷാർഥി തന്റെ ബോർഡിൽനിന്നും വാങ്ങി, മാർക്ക്-ഷീറ്റ് സമർപ്പിക്കേണ്ട സമയപരിധിക്കകം നൽകണം. നൽകാത്ത പക്ഷം, ഐസർ അഡ്മിഷൻ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള രീതിയിൽ തത്തുല്യ മാർക്ക് നിർണയിക്കും.

വിഷയങ്ങൾ

പ്ലസ് ടു/തത്തുല്യ തലത്തിൽ, ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയിൽ മൂന്ന്‌ വിഷയങ്ങൾ എങ്കിലും പഠിച്ചിരിക്കണം.

മാത്തമാറ്റിക്സ് നിർബന്ധം

ബി.എസ്.-എം.എസ്. കംപ്യൂട്ടേഷണൽ ആൻഡ് ഡേറ്റാ സയൻസസ് (കൊൽക്കത്ത), ബി.ടെക്. (ഭോപാൽ), ബി.എസ്. ഇക്കണോമിക് സയൻസസ് (ഭോപാൽ), ബി.എസ്. ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് (തിരുപ്പതി) എന്നിവയിലേക്കു പരിഗണിക്കപ്പെടാൻ പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം.

പ്ലസ് ടു പരീക്ഷ ആദ്യമായി 2025-ൽ അഭിമുഖീകരിച്ചശേഷം 2026-ൽ ഏതെങ്കിലും വിഷയം ഏതു കാരണത്താൽ ആയാലും വീണ്ടും അഭിമുഖീകരിച്ചിട്ടുണ്ടെങ്കിൽ തമ്മിൽ ഭേദപ്പെട്ട സ്കോർ പരിഗണിക്കും.

പ്രവേശന രീതി

ഐസർ ആപ്റ്റിറ്റ്യൂഡ്‌ ടെസ്റ്റ് (ഐ.എ.ടി.) വഴി മാത്രമാണ് പ്രവേശനം. കേന്ദ്രീകൃത രീതിയിലാണ് അലോട്‌മെന്റ്. ഒറ്റ അപേക്ഷയേ നൽകേണ്ടതുള്ളൂ. അപേക്ഷ നൽകുമ്പോൾ സ്ഥാപന/പ്രോഗ്രാം താത്‌പര്യങ്ങൾ അറിയിക്കേണ്ടതില്ല. ഫലപ്രഖ്യാപനത്തിനുശേഷം കൗൺസലിങ് വേളയിലാണ് ചോയ്‌സുകൾ നൽകേണ്ടത്.

ഐ.എ.ടി.

ജൂൺ ഏഴിന് രാവിലെ ഒൻപത് മുതൽ 12 വരെ നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയിൽനിന്ന്‌ 15 വീതം മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉണ്ടാകും. ശരിയുത്തരം നാല് മാർക്ക്. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് വീതം നഷ്ടപ്പെടും. പരമാവധി മാർക്ക് 240. ഇതിൽ ലഭിക്കുന്ന മാർക്ക് പരിഗണിച്ച് റാങ്ക് പട്ടിക തയ്യാറാക്കും. പരീക്ഷ അഭിമുഖീകരിക്കുന്ന എല്ലാവർക്കും റാങ്ക് കിട്ടണമെന്നില്ല. റാങ്ക് പട്ടികയിലേക്ക് പരിഗണിക്കപ്പെടാനുള്ള കട്ട് ഓഫ് സ്കോർ യഥാസമയം പ്രഖ്യാപിക്കും. പരീക്ഷയിലെ വിഷയങ്ങളുടെ സിലബസ്, മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ, മോക് ടെസ്റ്റ് എന്നിവ സൈറ്റിൽ കിട്ടും.

അപേക്ഷ

www.iiseradmission.in വഴി വ്യാഴാഴ്ചമുതൽ ഏപ്രിൽ 13-ന് രാത്രി 11.55 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീ 2000 രൂപ. പട്ടിക/ഭിന്നശേഷിക്കാർക്ക് 1000 രൂപ. വിദേശീയർക്ക് 12,000 രൂപ. അപേക്ഷയിലെ പിശകുകൾ ഓൺലൈൻ ആയി തിരുത്താൻ ഏപ്രിൽ 16-ന് രാവിലെ 11 മുതൽ 18-ന് രാത്രി 11.55 വരെ അവസരം ഉണ്ടാകും.

സീറ്റുകൾ

എല്ലാ പ്രോഗ്രാമുകൾക്കും കൂടി മൊത്തം 2343 സീറ്റുകൾ ഉണ്ട്.

• ബി.എസ്.- എം.എസ്. (അഞ്ച് വർഷം) പ്രോഗ്രാം സീറ്റ് ലഭ്യത: ബർഹാംപുർ -300, ഭോപാൽ -300, കൊൽക്കത്ത -310, മൊഹാലി -275, പുണെ -288, തിരുവനന്തപുരം -320, തിരുപ്പതി -250 (2043).

• ബി.എസ്. ഇക്കണോമിക് സയൻസസ് (ഭോപാൽ) -55 ബി.എസ്. ഇക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് (തിരുപ്പതി)- 50 ബി.ടെക്. (ഭോപാൽ) -195 (മൊത്തം 300).

പ്രവേശനത്തിൽ നിയമാനുസൃത സംവരണം ഉണ്ടായിരിക്കും. പ്രവേശനം ലഭിക്കുന്നവർക്ക് കേന്ദ്ര സയൻസ് ആൻഡ് ടെക്‌നോളജി വകുപ്പിന്റെ വ്യവസ്ഥകൾക്ക് വിധേയമായി ഇൻസ്പെയർ സ്കോളർഷിപ്പ് ലഭിച്ചേക്കാം.

ഐ.എ.ടി. സ്കോർ

മറ്റു പ്രവേശനങ്ങൾക്ക്

ഏതാനും സ്ഥാപനങ്ങൾ അവരുടെ നിശ്ചിത പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഐ.എ.ടി. സ്കോർ ഉപയോഗിക്കാറുണ്ട്. ഈ വർഷം ചില സ്ഥാപനങ്ങൾ ഐ.എ.ടി. സ്കോർ ഉപയോഗിക്കുമെന്ന് ഇതിനകം അറിയിച്ചിട്ടുണ്ട്. സ്ഥാപനങ്ങൾ, പ്രോഗ്രാമുകൾ:

• ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ് സി.): നാലു വർഷ ബാച്ച്‌ലർ ഓഫ് സയൻസ് (ബി.എസ്.) റിസർച്ച് പ്രോഗ്രാമിലെ 2026-ലെ പ്രവേശനത്തിന് ഒരു പ്രവേശന ചാനൽ ഐ.എ.ടി. 2026 സ്കോർ പരിഗണിച്ച് ആയിരിക്കും (ജെ.ഇ.ഇ.അഡ്വാൻസ്ഡ് 2026 വഴിയും പ്രവേശനം നൽകുന്നുണ്ട്). അപേക്ഷ സ്വീകരിക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. www.iisc.ac.in/admissions | bs-ug.iisc.ac.in

• മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.): ഡിപ്പാർട്ട്‌മെന്റ് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി നാല് വർഷ ബാച്ച്‌ലർ ഓഫ് സയൻസ് (ബി.എസ്.) മെഡിക്കൽ സയൻസ് ആൻഡ് എൻജിനിയറിങ് പ്രോഗ്രാം, നാല് വർഷ ബി.എസ്. കെമിസ്ട്രി പ്രോഗ്രാം എന്നിവയിലെ പ്രവേശനത്തിന്. ugadmissions.iitm.ac.in

• ഐ.ഐ.ടി. ഗുവാഹാട്ടി - ബയോ മെഡിക്കൽ സയൻസ് ആൻഡ് എൻജിനിയറിങ് നാല് വർഷ ബി.ടെക്. www.iitg.ac.in/acad/admission/

• ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ് (ഐ.എ.സി.എസ്.), കൊൽക്കത്ത- ഇന്റഗ്രേറ്റഡ് ബാച്ച്‌ലേഴ്‌സ് - മാസ്റ്റേഴ്‌സ് ഇൻ സയൻസ് (ബി.എസ്. - എം.എസ്.). വിഷയങ്ങൾ: ഫിസിക്സ്, കെമിസ്ട്രി, ബയോളജിക്കൽ സയൻസ്, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് എന്നിവയിലാണ് പ്രോഗ്രാം ഉള്ളത് (2025 നില) iacs.res.in

• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജി (ഐ.ഐ.ഇ.എസ്.ടി.), ഷിബ്പുർ (ഐസർ അഡ്മിഷൻ വെബ്‌സൈറ്റ് പ്രകാരം): അഞ്ച് വർഷ ബി.എസ്. - എം.എസ്. - കെമിസ്ട്രി, ഫിസിക്സ്, അപ്ലൈഡ് ജിയോളജി. www.iiests.ac.in

ഈ പ്രവേശനങ്ങളിൽ താത്‌പര്യമുള്ളവർ ഐ.എ.ടി. 2026-ന് അപേക്ഷിക്കുന്നതിനൊപ്പം, സ്ഥാപനത്തിലേക്ക് അവരുടെ വിജ്ഞാപനപ്രകാരം പ്രത്യേകം അപേക്ഷിച്ച് പ്രവേശന പ്രക്രിയയിൽ പങ്കെടുക്കണം.

Content Highlights: Admissions open for 2026-27 for 5-year BS-MS, 4-year BS, and 4-year B.Tech programs.