ഡൽഹിയിൽ 10,000 വിദ്യാർഥികൾക്ക് ഹോസ്റ്റൽ സൗകര്യം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി രേഖാ ഗുപ്ത

#Education desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വിവിധ കോളേജുകളിലും സർവകലാശാലകളിലും പഠിക്കുന്ന വിദ്യാർഥികൾക്കായി 10,000 ഹോസ്റ്റൽ സീറ്റുകൾ ഒരുക്കാൻ ഡൽഹി സർക്കാർ. മിതമായ നിരക്കിൽ സുരക്ഷിതവും മെച്ചപ്പെട്ടതുമായ താമസസൗകര്യം ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത അറിയിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ഹോസ്റ്റൽ സമുച്ചയങ്ങളാണ് നിർമ്മിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പഠനാവശ്യാർത്ഥം ഡൽഹിയിലെത്തുന്ന വിദ്യാർഥികൾക്ക് താമസവും ഭക്ഷണവും വലിയൊരു ആശങ്കയായി മാറുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നിർണായക ഇടപെടൽ. ആദ്യഘട്ടത്തിൽ 10,000 വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഹോസ്റ്റലുകൾ ലഭ്യമാക്കും. പദ്ധതി നടപ്പാക്കുന്നതിനായി അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താനും പ്രത്യേക നയം രൂപീകരിക്കാനും ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ചകൾ ആരംഭിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.

വിദ്യാർഥികളുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നും താമസസൗകര്യത്തെക്കുറിച്ചുള്ള ആധിയില്ലാതെ പൂർണ്ണമായി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പദ്ധതി വിദ്യാർത്ഥികളെ സഹായിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഡൽഹിയിലെ സ്വകാര്യ ഹോസ്റ്റലുകളിലെ ഉയർന്ന വാടകയും സുരക്ഷാ ആശങ്കകളും സംബന്ധിച്ച് പരാതികൾ ഉയരുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം.