കുസാറ്റിലേക്ക് ജനങ്ങൾക്കും വരാം; 55-ാം വർഷത്തിൽ നോളജ് ഫെസ്റ്റിവലുമായി സർവകലാശാല

#എന്‍.പി ഹരിദാസ്
കുസാറ്റ് കാമ്പസ്
കുസാറ്റ് കാമ്പസ്

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല 55-ാം വർഷത്തിലേക്ക് കടക്കുമ്പോൾ ഇതുവരെ നേടിയെടുത്ത പ്രശസ്തിയും പ്രതാപവും പൊതുജനങ്ങൾക്കു മുന്നിൽ തുറക്കുകയാണ്, കുസാറ്റ് നോളജ് ഫെസ്റ്റിവലിലൂടെ.

ഉന്നതവിദ്യാഭ്യാസ സ്ഥാപനം എന്നതിനപ്പുറം കുസാറ്റ് എങ്ങനെയാണ് സമൂഹത്തെ സ്വാധീനിക്കുന്നുവെന്ന് പൊതുജനങ്ങളെ അറിയിക്കുകയാണ് 12-നും 13-നും നടക്കുന്ന ഫെസ്റ്റിവലിലൂടെ. ആർക്കും ഈ ദിവസങ്ങളിൽ കുസാറ്റിലെ എല്ലാ പഠനവിഭാഗങ്ങളും സന്ദർശിക്കാം. അവിടെയുള്ള പഠനം, ഗവേഷണം, കുട്ടികൾക്കായുള്ള മറ്റു സൗകര്യങ്ങൾ എന്നിവ ചോദിച്ചറിഞ്ഞും കണ്ടും മനസ്സിലാക്കാം.

സർവകലാശാലയിൽ 33 പഠനവിഭാഗങ്ങളാണുള്ളത്. അവയിൽ ഏറെയും ശാസ്ത്രസാങ്കേതിക വിഷയങ്ങളാണ്. മറ്റു വിഭാഗങ്ങളായ നിയമവും ബിസിനസും സാമ്പത്തികവും, ഹിന്ദിയും ഇംഗ്ലീഷും ഒക്കെ കുസാറ്റിന്റെ മുഖമുദ്രയാണ്. പഠനവിഭാഗങ്ങൾക്കൊപ്പം ശാസ്ത്രം സമൂഹവുമായി ചേർത്തുവെക്കുന്ന സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി, കാലാവസ്ഥാപഠനം കൂടുതൽ രസകരമാക്കുന്ന അഡ്വാൻസ്ഡ് റഡാർ സെന്റർ എന്നിങ്ങനെ എണ്ണംപറഞ്ഞ സെന്ററുകൾ വേറെയും.

കേരളത്തിൽ തന്നെ അപൂർവമായുള്ള മറൈൻ എൻജിനിയറിങ് കോഴ്‌സ്, ഒപ്പം മറൈൻ സയൻസിന് മാത്രമായി എറണാകുളം സൗത്തിൽ ഒരു കാമ്പസ് പഠനം ഇവിടെയന്ന് ഉറപ്പിക്കാൻ ഇനിയുമേറെ കാരണങ്ങളുണ്ട്. അവ മനസ്സിലാക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

വിവിധ വിഭാഗങ്ങളുടെ സന്ദർശനങ്ങൾക്കൊപ്പം വിവിധ ഡിപ്പാർട്ടുമെന്റുകളുടെ സ്റ്റാളുകൾ, പ്രഗൽഭർനയിക്കുന്ന ക്ലാസുകൾ, എക്‌സിബിഷൻ, കുട്ടികൾക്കായുള്ള ക്വിസ് മത്സരങ്ങൾ എന്നിവയും നടക്കും.

കുസാറ്റ് സെമിനാർ കോംപ്ലക്സിൽ എത്തിയാൽ അവിടെ രജിസ്‌ട്രേഷനുശേഷം അവിടതന്നെ നടക്കുന്ന വിവിധ ക്ലാസുകളിൽ പങ്കെടുക്കാം. അതിനുശേഷം മറൈൻ സയൻസ് വിഭാഗങ്ങളുടെയുൾപ്പെടെയുള്ള സ്റ്റാളുകൾ സന്ദർശിച്ചതിനുശേഷം സംഘാടകർ മുൻകുട്ടി തയ്യാറാക്കിയ ടൈം ടേബിൾ അനുസരിച്ചു കുസാറ്റിന്റെ ബസിൽ തന്നെ കുട്ടികളെ വിവിധ വിധഗങ്ങളിലേക്ക് കൊണ്ടുപോകുകയും നിശ്ചിത സമയമനുസരിച്ച് അവർക്ക് എല്ലാം കാണുകയുമാവാം. ലഖുഭക്ഷണത്തിനായി സ്റ്റാളുകളും, ഉച്ചഭക്ഷണം നൽകാനായി കുസാറ്റ് കാന്റിനും ക്രമീകരിച്ചിട്ടുണ്ട്.

'വിഭവ' യുമായി സ്‌കൂൾ ഓഫ് എഞ്ചിനിയറിങ്

സ്‌കൂൾ ഓഫ് എൻജിനിയറിങ് വിഭവ എന്നപേരിൽ വിപുലമായ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ മൾട്ടി നാഷണൽ കമ്പനികളുടെ പ്രതിനിധികൾ, സ്റ്റാർട്ടപ്പ് കമ്പനികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന സെമിനാറുകൾ, ഓട്ടോമോട്ടീവ് പ്രദർശനത്തിൽ പ്രീമിയം, എക്‌സോട്ടിക് വിഭാഗത്തിലെ കാറുകൾ സ്ഥാനം പിടിക്കും.

ഹൈബ്രിഡ് ഹൈകംപ്യൂട്ടിങ്

തെക്കേ ഇന്ത്യയിലെ മറ്റൊരു സർവകലാശാലയ്ക്കും അവകാശപ്പെടാനാകാത്ത കംപ്യൂട്ടിങ് മികവോടെ കിഫ്ബി സഹായത്തോടെ 26 കോടി രൂപ ചെലവഴിച്ച് നിർമിച്ച ഹൈബ്രിഡ് ഹൈപെർഫോമൻസ് കംപ്യൂട്ടിങ് സിസ്റ്റം കാണുവാനുള്ള അവസരവും നോളജ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

102 കംപ്യൂട്ടിങ് നോഡുകളും, ഒൻപത് ജിപിയു നോഡുകളും, രണ്ടു പെറ്റ ബൈറ്റ് ഫയാസ് സ്റ്റോറേജ് എന്നിവയും ഉടപ്പെടുന്ന ഈ സിസ്റ്റം കുസാറ്റിലെ സെന്റർ ഫോർ ഇൻഫർമേഷൻ റിസോഴ്സ് മാനേജ്മെന്റിലാണ് ഒരുക്കിയിരിക്കുന്നത്.

പുതുതായി വന്ന നാലുവർഷ ഡിഗ്രി കോഴ്‌സുകളുടെ സധ്യതയെക്കുറിച്ച് ഫോട്ടോണിക്‌സ് വിഭാഗം പ്രൊഫസറും, ഇന്റഗ്രേറ്റഡ് സയൻസ് സെന്റർ കോഡിനേറ്റവുമായ ഡോ. സജി, കുസാറ്റിലെ അഡ്മിഷണകുറിച്ച് അഡ്മിഷൻ ഡയറക്ടർ ഡോ. ജയിംസ് വർഗീസ്, കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള പ്രഭാഷണം റഡാർ സെന്റർ ഡയറക്ടർ ഡോ. എസ്. അഭിലാഷ്, ബ്ലൂ ഇക്കണോമിയെക്കുറിച്ച് ഡോ. സ്വപ്‌ന, കേരളത്തിൽതന്നെ ഏറ്റവും വിപുലമായ ഇൻസ്ട്രുമെന്റേഷൻ ഫെസിലിറ്റിയായ കുസാറ്റിലെ സിഐഎഫ് സെന്ററിനെക്കുറിച്ച് ഡോ. സജീവൻ, ഡോ. ശിവാന്ദൻ ആചാരി, ഡോ. ജി. സന്തോഷ് കുമാർ എന്നിവരും, പേറ്റന്റിന്റെ അടിസ്ഥാനശാസ്ത്രത്തെക്കുറിച്ച് ഡോ. ഐ.ജി. രതീഷ് എന്നിവരും സംസാരിക്കും.

Content Highlights: Discover CUSAT`s achievements at the Knowledge Fest! Explore diverse departments, research, and facilities.