തൊഴിലില്ലായ്മ മറികടക്കാൻ ചൈന; 12,200 സർവകലാശാലാ കോഴ്‌സുകൾ നിർത്തലാക്കി

#Education desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

ബെയ്ജിങ്: രാജ്യത്തെ രൂക്ഷമായ യുവജന തൊഴിലില്ലായ്മ പരിഹരിക്കാൻ ലക്ഷ്യമിട്ട് ഉന്നതവിദ്യാഭ്യാസ മേഖലയിൽ വൻ അഴിച്ചുപണിയുമായി ചൈന. പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് തൊഴിൽ ഉറപ്പാക്കാൻ സാധിക്കാത്ത 12,200 അണ്ടർഗ്രാജുവേറ്റ് കോഴ്സുകളാണ് ചൈനീസ് സർവ്വകലാശാലകൾ നിർത്തലാക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്തതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം കോഴ്സുകളെല്ലാം അനാവശ്യമാണെന്നാണ് ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രാജ്യത്തെ ആകെ സർവ്വകലാശാലാ കോഴ്സുകളുടെ 30 ശതമാനത്തിലധികം വരും പുനഃക്രമീകരണം. ജോലിസാധ്യത മങ്ങിയ കോഴ്സുകൾ ഒഴിവാക്കുമ്പോൾ, പകരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ സാങ്കേതിക മേഖലകളിലായി 10,200 പുതിയ കോഴ്സുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

ആർട്സ് കോഴ്സുകൾക്ക് വൻ തിരിച്ചടി; കാരണം എഐ

ഹ്യുമാനിറ്റീസ്, ആർട്സ്, വിദേശ ഭാഷകൾ, മാനേജ്മെന്റ് കോഴ്സുകൾ എന്നിവയ്ക്കാണ് ചൈനയിൽ വലിയ രീതിയിൽ തിരിച്ചടി ഏറ്റത്. ആർട്സ്, ഡിസൈൻ മേഖലകളിൽ എഐ സാങ്കേതികവിദ്യയുടെ കടന്നുകയറ്റം തൊഴിലവസരങ്ങൾ വൻതോതിൽ കുറച്ചതാണ് ഇതിന് പ്രധാന കാരണം. ഉദാഹരണത്തിന്, ഷാങ്ഹായ് സർവ്വകലാശാല ഈ വർഷം മുതൽ തങ്ങളുടെ പ്രൊഡക്ട് ഡിസൈൻ കോഴ്സിലേക്കുള്ള പ്രവേശനം പൂർണ്ണമായി നിർത്തിവെച്ചു. മോഡലിങ്, റെൻഡറിങ് തുടങ്ങിയ ജോലികൾ ഇപ്പോൾ എഐ സോഫ്റ്റ്‌വെയറുകൾ തനിയെ ചെയ്യുന്നതിനാൽ ഈ മേഖലയിൽ അവസരങ്ങൾ ഇല്ലാതായെന്നാണ് വിലയിരുത്തൽ.

രാജ്യത്തിന്റെ സാമ്പത്തിക മുൻഗണനകൾക്ക് അനുസരിച്ചാണ് പുതിയ കോഴ്സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒൻപതോളം സർവ്വകലാശാലകളിൽ എംബോഡിഡ് ഇന്റലിജൻസ് പോലുള്ള അത്യാധുനിക എഐ കോഴ്സുകൾ ആരംഭിച്ചുകഴിഞ്ഞു. വിപണിയിൽ എഐ പ്രൊഡക്ട് മാനേജർമാരുടെ ആവശ്യകതയിൽ 81% മുതൽ 369% വരെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇതിനുപുറമെ, ഒരു ദശലക്ഷം യുവാക്കൾക്ക് എഐ, അഡ്വാൻസ്ഡ് മാനുഫാക്ചറിങ്, ന്യൂ എനർജി വെഹിക്കിൾസ് തുടങ്ങിയ മേഖലകളിൽ അധിക പരിശീലനം നൽകാനും ചൈനീസ് ഭരണകൂടം പദ്ധതിയിടുന്നുണ്ട്.

കോഴ്സുകൾ കൂട്ടത്തോടെ മാറ്റുന്നത് കൊണ്ട് മാത്രം തൊഴിൽ പ്രതിസന്ധി മാറുമോ എന്ന കാര്യത്തിൽ വിദ്യാഭ്യാസ വിദഗ്ധർക്ക് ആശങ്കയുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുറച്ചുകാലം മുൻപ് വലിയ പ്രാധാന്യത്തോടെ തുടങ്ങിയ കോഴ്സുകളാണ് ഇപ്പോൾ പെട്ടെന്ന് നിർത്തലാക്കിയത്. കോവിഡിനു ശേഷം ചൈനയിലെ യുവജന തൊഴിലില്ലായ്മ നിരക്ക് 16 ശതമാനത്തിന് മുകളിലാണ്.

Content Highlights: To combat a severe youth unemployment crisis exceeding 16%, Chinese universities have scrapped or suspended 12,200 undergraduate courses—primarily in arts, humanities, and languages—while aggressively rolling out 10,200 tech-focused majors like AI and robotics.