പുനർമൂല്യനിർണയം: പോർട്ടൽ സൈബർ ആക്രമണ പരമ്പര നേരിട്ടെന്ന് CBSE, 'തകർക്കാനായില്ല'

#എഡ്യൂക്കേഷന്‍ ഡെസ്‌ക്
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

ന്യൂഡൽഹി: മൂല്യനിർണയം സംബന്ധിച്ച വ്യാപക പരാതി ഉയർന്നതിന് പിന്നാലെ സിബിഎസ്ഇയുടെ റീ ഇവാല്യുവേഷൻ ആൻഡ് വേരിഫിക്കേഷൻ പോർട്ടലിനുനേരെ വ്യാപക സൈബർ ആക്രമണ ശ്രമങ്ങൾ നടന്നതായി വെളിപ്പെടുത്തൽ. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷാ നടപടികൾ ആരംഭിച്ച ആദ്യ ദിവസമാണ് ഇത്തരം ശ്രമങ്ങൾ നടന്നത്. എങ്കിലും പോർട്ടൽ പ്രവർത്തനക്ഷമമായി തുടർന്നതായും രാവിലെ 7 മണി മുതൽ സാധാരണ നിലയിൽ പ്രവർത്തിച്ചതായും ബോർഡ് വ്യക്തമാക്കി.

എക്‌സിൽ (മുമ്പ് ട്വിറ്റർ) പങ്കുവെച്ച ഒരു അപ്‌ഡേറ്റിലൂടെയാണ് സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ) ഇക്കാര്യം വെളിപ്പെടുത്തിയത്. വൻതോതിലുള്ള ഡിനയൽ ഓഫ് സർവീസ് (DoS) ആക്രമണമാണ് പ്ലാറ്റ്‌ഫോം നേരിടേണ്ടി വന്നതെന്നും രണ്ട് മിനിറ്റിനുള്ളിൽ ഏകദേശം 1.5 മില്യൺ (15 ലക്ഷം) ഹിറ്റുകൾ സൃഷ്ടിച്ചുവെന്നും ബോർഡ് പറയുന്നു. സിസ്റ്റത്തിൽ ഹോസ്റ്റ് ചെയ്തിരിക്കുന്ന ഫയലുകളിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ഒരു ലക്ഷത്തിൽ അധികം ശ്രമങ്ങൾ നടന്നതായും ബോർഡ് വെളിപ്പെടുത്തുന്നു.

'ആയിരക്കണക്കിന് വിദ്യാർഥികൾ സിബിഎസ്ഇ പുനർമൂല്യനിർണ്ണയ പോർട്ടൽ ഉപയോഗിക്കുന്നതിനിടെ ക്ഷുദ്രശക്തികൾ സൈബർ ആക്രമണങ്ങളുടെ ഒരു പെരുമഴയിലൂടെ സേവനങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിച്ചു. രണ്ട് മിനിറ്റിനുള്ളിൽ പോർട്ടലിൽ 1.5 മില്യൺ (15 ലക്ഷം) ഹിറ്റുകൾ സൃഷ്ടിക്കുകയും ഫയലുകളിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ഒരു ലക്ഷത്തിൽ അധികം ശ്രമങ്ങൾ നടത്തുകയും ചെയ്ത ആക്രമണം ആയിരുന്നു അത്' - വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് സിബിഎസ്ഇ വെളിപ്പെടുത്തി.

ഈ സംഭവങ്ങൾക്കിടയിലും പോർട്ടൽ ഉയർന്ന ട്രാഫിക് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നത് തുടർന്നതായി സിബിഎസ്ഇ അറിയിച്ചു. പ്ലാറ്റ്‌ഫോം ഒരേ സമയം 8,000-ൽ അധികം ഉപയോക്താക്കൾക്ക് പിന്തുണ നൽകിയിരുന്നെന്നും ഉച്ചയ്ക്ക് 3 മണിയോടെ 18,000-ൽ അധികം വിജയകരമായ പുനർമൂല്യനിർണ്ണയ, പരിശോധനാ അപേക്ഷാ സമർപ്പണങ്ങൾ നടന്നുവെന്നും ബോർഡ് പറഞ്ഞു.

വിദ്യാർഥികളിൽ നിന്നുള്ള ഫീഡ്ബാക്ക് ലഭിച്ചതിന് ശേഷം നിരവധി മെച്ചപ്പെടുത്തലുകൾ നടപ്പിലാക്കി. അപേക്ഷാ നടപടിക്രമങ്ങൾ അനായാസമാക്കാൻ സെഷൻ സമയപരിധികൾ വർധിപ്പിച്ചിട്ടുണ്ട്. പോർട്ടൽ വഴി അപേക്ഷിക്കുന്ന വിദ്യാർഥികൾക്ക് തടസമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കാൻ സിബിഎസ്ഇയുടെ സാങ്കേതിക സംഘങ്ങൾ പ്ലാറ്റ്‌ഫോം നിരന്തരം നിരീക്ഷിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് ബോർഡ് അവകാശപ്പെടുന്നു.

മെയ്13-ന് സിബിഎസ്ഇ ഫലം വന്നപ്പോൾ കഴിഞ്ഞ ഏഴ് വർഷങ്ങളിലെ പരീക്ഷാഫലത്തിലെ ഏറ്റവും കുറവ് വിജയശതമാനമായിരുന്നു ഉണ്ടായിരുന്നത്. ഇതേതുടർന്ന് വിദ്യാർഥികളും രക്ഷിതാക്കളും പരാതികളുമായി രംഗത്തെത്തിയിരുന്നു. പരീക്ഷാഫലത്തെ കുറിച്ചുള്ള ആശങ്കകൾക്കൊപ്പം ഒഎസ്എം രീതിയിൽ മാർക്ക് കണക്കുകൂട്ടിയപ്പോൾ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും പരാതികൾ ഉയർന്നു.

ഉത്തരക്കടലാസുകൾ ഡൗൺലോഡ് ചെയ്യാൻ സൗകര്യമുണ്ടെങ്കിലും ലഭിക്കുന്നത് ക്വാളിറ്റി കുറഞ്ഞ പേപ്പറുകളാണെന്നും വിദ്യാർഥികൾ ആരോപിച്ചു. ഉത്തരക്കടലാസുകൾ മാറി ലഭിച്ചു എന്ന അവകാശവാദമുയർത്തി എക്സിൽ പോസ്റ്റുകളും വന്നിരുന്നു. ഈ വിഷയം കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിനു കടുത്ത സമ്മർദം ചെലുത്തിയ പശ്ചാത്തലത്തിൽ സിബിഎസ്ഇ-യോട് വിശദമായ റിപ്പോർട്ട് നൽകാൻ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ ആവശ്യപ്പെട്ടിരുന്നു.

Content Highlights: CBSE re-evaluation portal faced 1.5 million DoS hits in 2 minutes., Over 1 lakh unauthorized access attempts recorded., Portal remained functional with 18,000 successful applications by 3 PM., Enhanced security and extended session limits introduced for 2026.