CBSE റീ-ഓപ്പണിങ് പോർട്ടലിൽ അപേക്ഷകളുടെ പ്രവാഹം; ആശയക്കുഴപ്പവും

ന്യൂഡൽഹി: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ ഫലത്തിന് പിന്നാലെയുള്ള മാർക്ക് പരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനുമുള്ള പോർട്ടലിൽ അപേക്ഷകളുടെ വൻ തിരക്ക്. ബുധനാഴ്ച ഉച്ചവരെ മാത്രം 44,000-ത്തോളം അപേക്ഷകളാണ് പോർട്ടൽ വഴി ലഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ജൂൺ മൂന്ന് ഉച്ചയ്ക്ക് 12 മണി വരെയുള്ള കണക്കനുസരിച്ച് വെരിഫിക്കേഷനായി 4924 അപേക്ഷകളും റീ-ഇവാലുവേഷനായി 39056 അപേക്ഷകളും ഉൾപ്പെടെ ആകെ 43980 സബ്മിഷനുകൾ പോർട്ടലിൽ പൂർത്തിയായിട്ടുണ്ട്.
എന്നാൽ, അപേക്ഷകൾ വൻതോതിൽ സ്വീകരിക്കപ്പെടുന്നുണ്ടെന്ന ബോർഡിന്റെ അവകാശവാദങ്ങൾക്കിടയിലും പോർട്ടലിലെ സാങ്കേതിക തകരാറുകളെക്കുറിച്ചുള്ള പരാതികൾ ശക്തമാണ്.
പരാതികളുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും
പോർട്ടലിലെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ രംഗത്തെത്തുന്നത്.
ഉത്തരക്കടലാസുകൾ ലഭിച്ചില്ല: നേരത്തെ അപേക്ഷിച്ചിട്ടും തങ്ങളുടെ മൂല്യനിർണ്ണയം കഴിഞ്ഞ ഉത്തരക്കടലാസുകളുടെ സ്‌കാൻ ചെയ്ത പകർപ്പുകൾ ഇനിയും ഡൗൺലോഡ് ചെയ്യാൻ സാധിച്ചിട്ടില്ലെന്നാണ് പ്രധാന പരാതി. ഇത് ലഭിക്കാതെ വെരിഫിക്കേഷനോ റീ-ഇവാലുവേഷനോ അപേക്ഷിക്കാൻ കഴിയില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു.
ഓപ്ഷനുകളുടെ കുറവ്: ചില നിർദ്ദിഷ്ട വിഷയങ്ങൾക്കും ചോദ്യങ്ങൾക്കും റീ-ഇവാലുവേഷൻ നൽകാനുള്ള ഓപ്ഷനുകൾ പോർട്ടലിൽ കാണിക്കുന്നില്ല.
കമ്പാർട്ട്മെന്റ് അവ്യക്തത: കമ്പാർട്ട്മെന്റ് പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ടും കടുത്ത ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.
സാങ്കേതിക സുരക്ഷയും പുതിയ പേയ്‌മെന്റ് ഗേറ്റ്‌വേകളും
വൻതോതിൽ ഉപഭോക്താക്കൾ ഒരേസമയം എത്തിയതും സൈബർ ആക്രമണ ശ്രമങ്ങളും പോർട്ടലിന്റെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. എന്നാൽ നിലവിൽ സുരക്ഷിതവും വിദ്യാർത്ഥിസൗഹൃദവുമായ അനുഭവം ഉറപ്പാക്കാൻ സാങ്കേതിക വിദഗ്ദ്ധർ പ്ലാറ്റ്‌ഫോം നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് സി.ബി.എസ്.ഇ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
അപേക്ഷകർക്ക് പണമടയ്ക്കുന്നത് എളുപ്പമാക്കാൻ എസ്.ബി.ഐ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ബാങ്ക് എന്നിവയുടെ പേയ്‌മെന്റ് ഗേറ്റ്‌വേകൾ സിസ്റ്റവുമായി സംയോജിപ്പിച്ചിട്ടുണ്ട്. ഈ ബാങ്കുകളിൽ അക്കൗണ്ട് ഇല്ലാത്തവർക്കും യു.പി.ഐ, നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ വഴി ഫീസ് അടയ്ക്കാം. കൂടാതെ, അപേക്ഷ പൂർത്തിയാക്കുന്നതിനിടയിൽ ലോഗ് ഔട്ട് ആയിപ്പോകുന്നത് തടയാൻ സെഷൻ ടൈം ലിമിറ്റ് വർദ്ധിപ്പിച്ചിട്ടുമുണ്ട്.
ഉത്തരക്കടലാസുകളുടെ പകർപ്പ് ലഭിച്ച പ്ലസ് ടു വിദ്യാർത്ഥികൾക്ക് ജൂൺ 2 മുതൽ ജൂൺ 6 വരെയാണ് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള സമയം. ഒരു ഉത്തരക്കടലാസിന്റെ പരിശോധനയ്ക്ക് 100 രൂപയും, ഒരു ചോദ്യത്തിന്റെ പുനർമൂല്യനിർണ്ണയത്തിന് 25 രൂപയുമാണ് ഫീസ്.
Content Highlights: Over 44,000 students have applied for CBSE Plus Two mark verification and revaluation amidst rising complaints from parents and students regarding technical glitches, missing answer sheets, and payment processing errors on the portal.