ക്ലാസിൽ കയറിയില്ലെങ്കിൽ പണികിട്ടും! അടുത്ത വർഷത്തെ പരീക്ഷയ്ക്ക് 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി CBSE

അടുത്ത വര്‍ഷം പരീക്ഷയെഴുതാനായി വിദ്യാര്‍ഥികള്‍ക്ക് 75 ശതമാനം ഹാജര്‍ നിര്‍ബന്ധമാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ (സിബിഎസ്ഇ). 2026-ല്‍ പരീക്ഷയെഴുതേണ്ട 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് കുറഞ്ഞത് 75 ശതമാനം ഹാജര്‍ നിര്‍ബന്ധമാക്കിയത്. അറ്റന്‍ഡന്‍സിനെ സിബിഎസ്ഇ ഇന്റേണല്‍ അസസ്‌മെന്റിന്റെ ഭാഗമാക്കി.
തിങ്കളാഴ്ച പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് സിബിഎസ്ഇ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്റേണല്‍ അസസ്‌മെന്റ് എന്നാല്‍ രണ്ടുവര്‍ഷം നീളുന്ന പ്രക്രിയയാണെന്ന് സര്‍ക്കുലറില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറാതിരുന്നാല്‍ ഇന്റേണല്‍ അസസ്‌മെന്റ് പൂര്‍ത്തിയാക്കാന്‍ കഴിയില്ല. അതിനാല്‍ മതിയായ ഹാജര്‍ ഇല്ലാത്ത കുട്ടികളെ, അവര്‍ റെഗുലര്‍ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തവരാണെങ്കില്‍ പോലും 'എസന്‍ഷ്യല്‍ റിപ്പീറ്റ്' എന്ന വിഭാഗത്തിലേക്ക് മാറ്റും. ഈ വിഭാഗത്തിലേക്ക് മാറ്റപ്പെടുന്ന കുട്ടികള്‍ സ്വകാര്യമായി രജിസ്റ്റര്‍ ചെയ്ത് വീണ്ടും പരീക്ഷ എഴുതേണ്ടിവരും. 10, 12 ക്ലാസുകള്‍ രണ്ടുവര്‍ഷ കോഴ്‌സുകളായാണ് പരിഗണിക്കുക എന്ന സിബിഎസ്ഇയുടെ നിലപാടിനെ ഊട്ടിയുറപ്പിക്കുന്നതാണ് പുതിയ സര്‍ക്കുലര്‍.
അധികവിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ചുള്ള അവ്യക്തതയും സര്‍ക്കുലര്‍ ദൂരീകരിക്കുന്നുണ്ട്. പത്താം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധമായ അഞ്ചെണ്ണത്തിന് പുറമെ രണ്ട് വിഷയങ്ങള്‍ അധികമായി തിരഞ്ഞെടുക്കാം. അതേസമയം 12-ാം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് ഒരുവിഷയം മാത്രമാണ് തിരഞ്ഞെടുക്കാന്‍ കഴിയുക. രണ്ട് അധ്യയനവര്‍ഷങ്ങളിലായാണ് വിദ്യാര്‍ഥികള്‍ ഈ വിഷയങ്ങള്‍ പഠിക്കേണ്ടത്.
പരിശീലനം ലഭിച്ച അധ്യാപകരോ ലബോറട്ടറികളോ ഇല്ലെങ്കില്‍ ആ വിഷയങ്ങള്‍ പഠിപ്പിക്കാന്‍ പാടില്ല എന്ന് സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
Content Highlights: CBSE makes 75% attendance compulsory for 2026 board exams