കമ്പനികളിൽ ഇന്റേൺഷിപ്പ്: കാലിക്കറ്റ് സർവകലാശാല പോർട്ടൽ തുടങ്ങുന്നു

തേഞ്ഞിപ്പലം: നാലുവർഷ ബിരുദ വിദ്യാർഥികൾക്ക് പ്രമുഖ കമ്പനികളിൽ ഇന്റേൺഷിപ്പിന് സൗകര്യമൊരുക്കി കാലിക്കറ്റ് സർവകലാശാല പോർട്ടൽ തുടങ്ങുന്നു. ഇന്റേൺഷിപ്പിന് അവസരം ലഭിക്കാത്തതിനാൽ കോഴ്‌സ് സർട്ടിഫിക്കറ്റ് ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റായി പരിഗണിച്ച് വിദ്യാർഥികൾക്ക് ക്രെഡിറ്റ് നൽകുന്ന രീതി കോളജുകൾ തുടരുന്ന സാഹചര്യത്തിലാണിത്.
പോർട്ടലിൽ വിദ്യാർഥികൾക്കും കമ്പനികൾക്കും രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കും. പോർട്ടൽ തുടങ്ങുന്നതിനായി സർവകലാശാല താത്‌പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.
വിദൂര-ഓൺലൈൻ കോഴ്‌സുകൾ; ചേരും മുൻപ് അംഗീകാരം പരിശോധിക്കണം, വിദ്യാർഥികൾക്ക് യു.ജി.സി. മുന്നറിയിപ്പ്
നാലാം സെമസ്റ്ററിനുള്ളിൽ വിദ്യാർഥികൾ ഇന്റേർഷിപ്പ് ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാൽ വിദ്യാർഥികൾ അഞ്ചാം സെമസ്റ്ററിലെത്തിയിട്ടും ഇതിന് സൗകര്യമായിട്ടില്ല. അതിനാൽ സാവകാശം നൽകിയിരിക്കുകയാണ് സർവകലാശാല. 60 മണിക്കൂർ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയാൽ രണ്ട് ക്രെഡിറ്റ് കിട്ടും. ബി.ബി.എ, ബി.സി.എ കോഴ്‌സുകൾക്ക് 120 മണിക്കൂറാണ് ഇന്റേൺഷിപ്പ് സമയം. ഈ വിദ്യാർഥികൾക്ക് നാല് ക്രെഡിറ്റും ലഭിക്കും.
ഇന്റേൺഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന കമ്പനികളുടെ നിലവാരം സർവകലാശാല പരിശോധിക്കും. കമ്പനിയുടെ വിശദാംശംങ്ങൾ അറിയാൻ വിദ്യാർഥികൾക്കും കഴിയും. നാലുവർഷ ബിരുദ ആദ്യബാച്ചിൽ കാലിക്കറ്റിൽ 69,000-ത്തോളം വിദ്യാർഥികൾ പ്രവേശനം നേടിയിട്ടുണ്ട്.
Content Highlights: Launch of a centralized portal connecting students with verified companies., Mandatory internship requirement for 4-year degree students by the 4th semester., Credit allocation: 60 hours earns 2 credits; BBA/BCA (120 hours) earns 4 credits., University will verify company standards for student safety and quality., Extension granted for students who missed the initial 4th-semester deadline.