AFMC എം.ബി.ബി.എസ്. പ്രവേശനം: അറിയേണ്ടതെല്ലാം; യോഗ്യത, രജിസ്ട്രേഷൻ, തിരഞ്ഞെടുപ്പ് രീതി

മെഡിക്കൽകോളേജ് (എ.എഫ്.എം.സി.) എം.ബി.ബി.എസ്. പ്രവേശനത്തിനുള്ള 2026-ലെ ഇൻഫർമേഷൻ ബ്രോഷർ പ്രസിദ്ധീകരിച്ചു. മഹാരാഷ്ട്ര യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് അഫിലിയേഷൻ സ്ഥാപനത്തിനുണ്ട്.
സീറ്റുകൾ
മൊത്തം 145 ഇന്ത്യക്കാർക്കാണു പ്രവേശനം. ഇതിൽ 30 സീറ്റ് പെൺകുട്ടികൾക്കാണ്. 115 സീറ്റ് ആൺകുട്ടികൾക്ക്. 145 സീറ്റിൽ പരമാവധി 10 സീറ്റ് വ്യവസ്ഥകൾക്കു വിധേയമായി പട്ടികവിഭാഗക്കാർക്ക് അനുവദിക്കും.
പ്രവേശന യോഗ്യത
പ്രവേശനം തേടുന്നവർ അവിവാഹിതരായിരിക്കണം. കോഴ്‌സ് കാലയളവിൽ വിവാഹംകഴിക്കാൻ അനുവാദമില്ല. 2026 ഡിസംബർ 31-ന് 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം. 24 വയസ്സിൽ താഴെയുമായിരിക്കണം (2003 ജനുവരി ഒന്നിനും 2009 ഡിസംബർ 31-നും ഇടയ്ക്ക് ജനിച്ചവരായിരിക്കണം)
പ്ലസ് ടു തല യോഗ്യതാപരീക്ഷ/ബ്രോഷർ പ്രകാരമുള്ള പരീക്ഷകളിലൊന്ന്, ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്‌നോളജി എന്നീ വിഷയങ്ങൾ ഒരുമിച്ചെടുത്തു പഠിച്ച്, ആദ്യചാൻസിൽ ജയിച്ചിരിക്കണം. ഇംഗ്ലീഷിനും ഈ മൂന്നു സയൻസ് വിഷയങ്ങളിലോരോന്നിനും 50 ശതമാനവും ഈ മൂന്നു സയൻസ് വിഷയങ്ങൾക്ക് മൊത്തത്തിൽ 60 ശതമാനവും മാർക്ക് നേടിയിരിക്കണം. 10-ാം ക്ലാസ് തലത്തിൽ, കണക്കിൽ ഒരു പരീക്ഷ ജയിച്ചിരിക്കണം.
അംഗീകൃത യോഗ്യതാ പരീക്ഷകളുടെ പട്ടിക www.afmcdg1d.gov.in/ ൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാവുന്ന 2026ലെ എ.എഫ്.എം.സി. എം.ബി.ബി.എസ്. ഇൻഫർമേഷൻ ബ്രോഷറിലുണ്ട്. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തിയ 2026-ലെ നീറ്റ് യു.ജി.യിൽ യോഗ്യത നേടിയിരിക്കണം.
പ്രവേശന രജിസ്‌ട്രേഷൻ
എ.എഫ്.എം.സി. പ്രവേശന താത്‌പര്യം മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) യു.ജി. 2026 ആദ്യ റൗണ്ട് രജിസ്‌ട്രേഷൻ തുടങ്ങുമ്പോൾ
mcc.nic.in വഴി രജിസ്റ്റർചെയ്ത് അറിയിക്കണം (കൗൺസലിങ് സമയക്രമം നീറ്റ് യു.ജി. ഫലം വന്നശേഷം എം.സി.സി. പ്രസിദ്ധപ്പെടുത്തും).
രജിസ്റ്റർചെയ്യുന്നവരുടെ പട്ടിക, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് എ.എഫ്.എം.സി.ക്കു കൈമാറും. ഈ പട്ടികയിൽനിന്നും എ.എഫ്.എം.സി. 2000 പേരെ (1600 ആൺകുട്ടികൾ, 400 പെൺകുട്ടികൾ) നീറ്റ് യു.ജി. സ്‌കോർ അടിസ്ഥാനമാക്കി പ്രവേശനത്തിന്റെ രണ്ടാംറൗണ്ടിലേക്ക് (സ്‌ക്രീനിങ്) ഷോർട് ലിസ്റ്റ് ചെയ്യും.
(2025-ൽ ഷോർട് ലിസ്റ്റ് പ്രകാരമുള്ള കട്ട് - ഓഫ് മാർക്ക്: ആൺകുട്ടികൾ -535, പെൺകുട്ടികൾ -559; രണ്ടാം ഷോർട് ലിസ്റ്റ് (പെൺകുട്ടികൾ) 555. ഈ വർഷേത്തത് ഇതുപോലെ ആകണമെന്നില്ല).
സ്‌ക്രീനിങ് ടെസ്റ്റ്
ഇവർക്കായി പുണെ എ.എഫ്.എം.സി.യിൽ െവച്ച് സ്‌ക്രീനിങ് ടെസ്റ്റ് നടത്തും. ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവരുടെ പട്ടികയും സ്‌ക്രീനിങ് ടെസ്റ്റ് സമയക്രമവും www.afmcdg1d.gov.in, www.afmc.nic.in എന്നീ സൈറ്റുകളിൽ ലഭ്യമാക്കും.
ടെസ്റ്റ് ഓഫ് ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് റീസണിങ് (ടി.ഒ.ഇ.എൽ.ആർ.), സൈക്കോളജിക്കൽ അസസ്‌മെന്റ് ടെസ്റ്റ് (പി.എ.ടി.), ഇന്റവ്യൂ എന്നിവയടങ്ങുന്നതാണ് സ്‌ക്രീനിങ് ടെസ്റ്റ്. മെഡിക്കൽ പരിശോധനയും ഉണ്ടാകും.
ടി.ഒ.ഇ.എൽ.ആർ. 30 മിനിറ്റു ദൈർഘ്യമുള്ള, 40 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുള്ള ഒരു കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. ശരിയുത്തരത്തിന് രണ്ടുമാർക്ക് വീതം കിട്ടും. ഉത്തരം തെറ്റിയാൽ 0.5 മാർക്ക് വീതം നഷ്ടപ്പെടും. ഇന്റർവ്യൂവിന് 50 മാർക്ക് ഉണ്ടാകും.
ടി.ഒ.ഇ.എൽ.ആർ., നീറ്റ് യു.ജി. 2026, ഇന്റർവ്യൂ എന്നിവയുടെ മാർക്കുകൾ കൂട്ടി മെരിറ്റ് പട്ടിക തയ്യാറാക്കും. പി.എ.ടി. ഒരു യോഗ്യതാ പരീക്ഷ മാത്രമായിരിക്കും. അതിന്റെ മാർക്ക് റാങ്കിങ്ങിന് പരിഗണിക്കില്ല. അന്തിമ തിരഞ്ഞെടുപ്പ് മെഡിക്കൽ പരിശോധനയ്ക്കു ശേഷമായിരിക്കും. മെരിറ്റ് പട്ടിക എ.എഫ്.എം.സി. വെബ്‌സൈറ്റുകളിൽ ലഭ്യമാക്കും.
ബോണ്ട്
എം.ബി.ബി.എസ്. പ്രവേശനം നേടി ഏഴുദിവസം കഴിഞ്ഞ് കോഴ്‌സ് ഉപേക്ഷിച്ചാൽ നഷ്ടപരിഹാരമായി 71 ലക്ഷം രൂപ നൽകേണ്ടതുണ്ട്. പ്രവേശനസമയത്ത് ഇതിലേക്ക്, രക്ഷിതാവ് ബോണ്ട് നൽകണം.
നിയമനം
കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർ ആംഡ്
ഫോഴ്‌സസ് മെഡിക്കൽ സർവീസസിൽ, കമ്മിഷൻഡ് റാങ്കോടെ (ആർമി/നേവി/എയർ ഫോഴ്‌സ്) ഡോക്ടറായി സേവനത്തിൽ പ്രവേശിക്കാൻ ബാധ്യസ്ഥരാണ് (ഷോർട് സർവീസ് കമ്മിഷൻ/സ്ഥിരം കമ്മിഷൻ). മെരിറ്റ്, ചോയ്‌സ് എന്നിവയും ഒഴിവുകളും പരിഗണിച്ചായിരിക്കും നിയമനത്തിന്റെ സ്വഭാവം. ഷോർട് സർവീസ് കമ്മിഷൻ ലഭിക്കുന്നവർ കുറഞ്ഞത് ഏഴു വർഷം സേവനം അനുഷ്ഠിക്കണം. സ്ഥിരം കമ്മിഷൻ ലഭിച്ചാൽ സൂപ്പർ ആനുവേഷൻ പ്രായംവരെ സേവനം അനുഷ്ഠിക്കണം.
ആനുകൂല്യങ്ങൾ
പ്രവേശനം ലഭിക്കുന്നവർ നൽകേണ്ട ഫീ സംബന്ധിച്ച വിവരങ്ങൾ ജോയിനിങ് ഇൻസ്ട്രക്‌ഷൻസിൽ നൽകിയിരിക്കും. അതിൽ യൂണിവേഴ്‌സിറ്റി ഫീ, കോളേജ് ഫീ, കേഡറ്റ് മെസ് ചാർജസ് തുടങ്ങിയവയും ഉൾപ്പെടും. ലഭിക്കുന്ന ആനുകൂല്യങ്ങളിൽ ഇവയും ഉൾപ്പെടും:
* റേഷൻ, സബ്‌സിഡൈസ്ഡ് മെസ്സിങ്
* ഹോസ്റ്റൽ താമസ സൗകര്യം
* വെക്കേഷൻ കാലത്ത് വീട്ടിലേക്കു പോകാൻ തേർഡ് എ.സി. വാറന്റ്
* പ്രതിവർഷ ബുക്ക് ആൻഡ് എക്വിപ്മെന്റ് അലവൻസ് - 6000 രൂപ
* സ്റ്റേഷനറി അലവൻസ് - മാസം 210 രൂപ, വർഷത്തിൽ പരമാവധി 1680 രൂപ
* ആദ്യവർഷം യൂണിഫോം അലവൻസ് - 6000 രൂപ, തുടർന്നുള്ള വർഷങ്ങളിൽ മെയിന്റനൻസ് അലവൻസായി 1250 രൂപ
* ഹെയർകട്ടിങ് അലവൻസ് - മാസം 210 രൂപ
* വാഷിങ് അലവൻസ് - മാസം 840 രൂപ, ബ്രേക്ക് കാലയളവിൽ - 315 രൂപ
* ആർമി ഗ്രൂപ്പ് ഇൻഷുറൻസ് പ്രകാരമുള്ള ഇൻഷുറൻസ്/ഡിസെബിലിറ്റി ആനുകൂല്യം.
തുടർ പഠന അവസരം
നിശ്ചിത സേവനംകഴിഞ്ഞാൽ നീറ്റ് പി.ജി. വഴി, പി.ജി./ഡി.എൻ.ബി. പഠനത്തിന് അവസരം കിട്ടും. നിർബന്ധിത സേവനംകഴിഞ്ഞ് രണ്ട്/മൂന്ന് വർഷത്തെ ശമ്പളത്തോടെയുള്ള പഠന അവധിക്കും അവസരമുണ്ട്.
Content Highlights: Admission for 145 seats based on NEET UG 2026 scores., Mandatory screening test including TOELR, psychological assessment, and interview.