മാസ്റ്റേഴ്സോ അതോ ഗവേഷണമോ, ആശയക്കുഴപ്പത്തിലായി ആദർശ്

#ഉത്തര പ്രിയദര്‍ശി
ആർദർശ്
ആർദർശ്

ഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന ഇറാസ്മസ് മുണ്ടസ് സ്‌കോളർഷിപ്പിന്റെ ഭാഗമായി യൂറോപ്യൻ രാജ്യങ്ങളിൽ ബിരുദാനന്തര ബിരുദപഠനം നടത്തണോ അതോ ലോകത്തെത്തന്നെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നായ ഓക്‌സ്ഫഡിൽ ഗവേഷണം തിരഞ്ഞെടുക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് തൃശ്ശൂർ അവിട്ടത്തൂർ സ്വദേശിയായ ആദർശ് വരിക്കാശ്ശേരി ജഗദീഷ് ചന്ദ്രൻ. ഇതുകൂടാതെ മാസം 19,200 ഹോങ് കോങ് ഡോളർ (ഏകദേശം 2.5 ലക്ഷം രൂപ) സ്‌റ്റൈപ്പെൻഡോടെ ഹോങ് കോങ് സിറ്റി സർവകലാശാലയിൽ പിഎച്ച്.ഡി. ചെയ്യാനുള്ള അവസരവുമുണ്ട്.

ഇറാസ്മസ് മുണ്ടസ് സ്‌കോളർഷിപ്പിലെ നാല് വ്യത്യസ്ത പ്രോഗ്രാമുകളിൽ ഒരേസമയം പ്രവേശനം നേടുകയെന്ന നേട്ടവും സ്വന്തമാക്കി. കോഴിക്കോട് എൻ.ഐ.ടി. (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി)യിൽനിന്ന് 2025-ൽ ബി.ടെക്. മെറ്റീരിയൽസ് സയൻസിൽ ബിരുദം പൂർത്തിയാക്കിയ ആദർശ് ഇപ്പോൾ അവിടെത്തന്നെ ലബോറട്രി ഓഫ് അപ്ലൈഡ് മൈക്രോസ്‌കോപ്പി ആൻഡ് സ്‌പെക്ട്രോസ്‌കോപ്പിയിൽ റിസർച്ച് അസോസിയേറ്റാണ്.

മാസ്റ്റേഴ്‌സിന് ഇറാസ്മസ്
ട്യൂഷൻ ഫീസ്, യാത്രാച്ചെലവ്, ആരോഗ്യ ഇൻഷുറൻസ് എന്നിവയ്ക്കുപുറമേ 1400 യൂറോ (ഏകദേശം 1.55 ലക്ഷം രൂപ) പ്രതിമാസ സ്‌റ്റൈപ്പെൻഡോടുകൂടി യൂറോപ്യൻ രാജ്യങ്ങളിൽ ബിരുദാനന്തര ബിരുദം പഠിക്കാൻ ഇറാസ്മസ് മുണ്ടസ് സ്‌കോളർഷിപ്പ് അവസരമൊരുക്കുന്നു. ഒന്നിലധികം യൂറോപ്യൻ രാജ്യങ്ങളിലായി മാസ്റ്റേഴ്‌സ് പഠനം പൂർത്തിയാക്കാൻ സാധിക്കും എന്നതാണ് പ്രത്യേകത.

ഇഷ്ടപ്പെട്ട വിഷയത്തിനനുസരിച്ച് വ്യത്യസ്ത പ്രോഗ്രാമുകൾ ലഭിക്കും. ഓരോ പ്രോഗ്രാമിനും പ്രത്യേകമായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ രീതിയും അഭിമുഖമടക്കമുള്ള തിരഞ്ഞെടുപ്പും പ്രോഗ്രാമിനനുസരിച്ച് വ്യത്യസ്തമാണ്. വിവരങ്ങൾക്ക്: erasmus-plus.ec.europa.eu/opportunities/individuals/students/erasmus-mundus-joint-masters 

ഗവേഷണം ലക്ഷ്യം 
മെറ്റീരിയൽ സയൻസ് രംഗത്തെ ഗവേഷണത്തിലാണ് ആദർശിന് താത്പര്യം. ഹോങ് കോങ് സർവകലാശാലയുടെ സീ സിറ്റി യു.എച്ച്.കെ. സമ്മർ ഫെലോഷിപ്പ് ലഭിച്ചു. ഈ ഫെലോഷിപ്പിലെ പ്രകടനമാണ് അവിടെ പിഎച്ച്.ഡി. ചെയ്യാനുള്ള അവസരം നേടിക്കൊടുത്തത്. ടു-ഡൈമൻഷണൽ മെറ്റൽ-ഓർഗാനിക് ഫ്രെയിംവർക്കുകളിൽ ഗവേഷണം നടത്താൻ ഓക്‌സ്ഫഡിലും അവസരം ലഭിച്ചു.

ഇതിനിടയിലാണ് ഇറാസ്മസ് മുണ്ടസിന് അപേക്ഷിക്കുന്നത്. പിഎച്ച്.ഡി. ചെയ്യുന്നതിന് മുൻപായി പഠിക്കുന്ന മേഖലയിൽ ആഴത്തിലുള്ള അറിവുനേടാനും ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ അടുത്തറിയാനുമുള്ള ഏറ്റവും മികച്ച വഴികളിലൊന്നാണ് ഇറാസ്മസ് മുണ്ടസ് സ്‌കോളർഷിപ്പ് എന്ന തിരിച്ചറിവാണ് കാരണം. പഠിച്ച വിഷയവുമായി ബന്ധപ്പെട്ട പ്രോഗ്രാമുകൾ തിരഞ്ഞെടുത്താണ് അപേക്ഷ നൽകിയത്.

പഠിച്ചാൽമാത്രം പോരാ 
പഠനത്തിൽ മികച്ചനിലവാരം പുലർത്തേണ്ടത് സ്‌കോളർഷിപ്പ് ലഭിക്കാനുള്ള അത്യാവശ്യ ഘടകങ്ങളിൽ ഒന്നുതന്നെയാണെങ്കിലും ലോകോത്തര നിലവാരത്തിലുള്ള ഇത്തരം സ്‌കോളർഷിപ്പുകൾക്ക് മാർക്ക് ഷീറ്റിലെ മികവുമാത്രം പോരെന്ന് ആദർശ് പറയുന്നു.

യൂറോപ്യൻ നിലവാരത്തിലുള്ള സി.വി.യും അപേക്ഷിക്കുന്ന കോഴ്‌സ് എന്തുകൊണ്ട് തിരഞ്ഞെടുക്കുന്നു എന്ന് കാട്ടുന്ന എസ്.ഒ.പി.യും (സ്റ്റേറ്റ്‌മെന്റ് ഓഫ് പർപ്പസ്) അത്യാവശ്യമാണ്.

പഠനസമയത്തുതന്നെ സി.വി. മികച്ചതാക്കണം 
എൻ.ഐ.ടി.യിൽ പഠിക്കുമ്പോൾ പാഠ്യേതരപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ ആദർശ് ശ്രദ്ധിച്ചിരുന്നു. സ്റ്റുഡന്റ് അഫയേഴ്‌സ് കൗൺസിൽ, എൻ.എസ്.എസ്., മറ്റ് കലാസാംസ്‌കാരിക പരിപാടികൾ എന്നിവയിൽ സജീവമായി. സെമിനാറുകളിലും കോൺഫറൻസുകളിലും പങ്കെടുത്തു.

കൂടാതെ ഐ.ഐ.ടി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) മുംബൈയിലും ഹൈദരാബാദിലും ഗവേഷണങ്ങളുടെ ഭാഗമായി. അന്താരാഷ്ട്ര ജേണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. ഇതെല്ലാം സ്‌കോളർഷിപ്പ് നേടാൻ സഹായിച്ചു. ഭാവിയിലെ പഠനലക്ഷ്യം മുന്നിൽക്കണ്ട് കൃത്യമായി തയ്യാറെടുപ്പ് നടത്തണം.

ഒരു കോഴ്‌സ് എന്തിനുവേണ്ടി തിരഞ്ഞെടുക്കുന്നു, കോഴ്‌സ് പൂർത്തിയാക്കാൻ സഹായിക്കുന്ന അഭിരുചികൾ അപേക്ഷാർഥിക്കുണ്ടോ എന്നെല്ലാം സെലക്ഷൻ കമ്മിറ്റിയെ ബോധ്യപ്പെടുത്തുന്നതാണ് എസ്.ഒ.പി. ഓരോ കോഴ്‌സിനും പ്രത്യേകം എസ്.ഒ.പി. ആണ് തയ്യാറാക്കിയത്.

ഇതുകൂടാതെ മുൻപ് പഠിച്ച സ്ഥാപനങ്ങളിലെ അധ്യാപകരുടെ റെക്കമെൻഡേഷൻ ലെറ്ററുകളും തുണയായി. ഇതും പ്രോഗ്രാമിനനുസരിച്ച് വ്യത്യസ്തമാകും. ചില പ്രേഗ്രാമുകൾക്ക് റെക്കമെൻഡ് ചെയ്യുന്നവരുടെ മെയിൽ ഐ.ഡി.മാത്രം മതിയാകും. ഇംഗ്ലീഷിലുള്ള പ്രാവീണ്യവും പ്രധാനമാണ്.

Content Highlights: Adarsh Jagadish Chandra secured Erasmus Mundus scholarship for 2026 masters programs., Offers received from Oxford University for PhD research and Hong Kong City University., Importance of extracurricular activities and international journal publications for global scholarships., Expert tips on crafting a program-specific Statement of Purpose (SOP)., The role of recommendation letters and English proficiency in securing international admissions.