ചരിത്രത്തിലിടം, തലയെടുപ്പോടെ പൂര്‍വവിദ്യാര്‍ഥികള്‍; അഭിമാനത്തേരിലേറി എറണാകുളം ലോ കോളേജ് @150

നിയമപഠനത്തിന്റെ ചരിത്രത്തോടൊപ്പം നിയമ നിര്‍മാണത്തിന്റെ ചരിത്രവുമുള്ള ലോകത്തിലെതന്നെ ഏക നിയമകലാലയം- എറണാകുളം സര്‍ക്കാര്‍ ലോ കോളേജിന് മാത്രം അവകാശപ്പെട്ട പെരുമ. കൊച്ചി നാട്ടുരാജ്യത്തിന്റെ നിയമനിര്‍മ്മാണ സഭയായിരുന്ന സെന്‍ട്രല്‍ അസംബ്ലിഹാള്‍ ഈ നിയമ കലാലയത്തിന്റെ ഭാഗമാണ് എന്നതാണ് ഈ അപൂര്‍വ്വ ബഹുമതിയ്ക്ക് കാരണം. എറണാകുളം നഗരത്തില്‍ വേമ്പനാട് കായലിലേയ്ക്ക് തലയുയര്‍ത്തി നില്ക്കുന്ന കലാലയം ഇപ്പോള്‍ 150 വര്‍ഷത്തിന്റെ നിറവിലാണ്. വന്‍മരങ്ങള്‍ തീര്‍ക്കുന്ന തണലിന് കീഴില്‍ നിയമപഠനത്തോടൊപ്പം സ്വാതന്ത്ര്യത്തിന്റെയും സൗഹൃദങ്ങളുടെയും ഇഷ്ടങ്ങളുടെയും അപൂര്‍വ്വമായ ഒരു ഭൂമിക തീര്‍ക്കുന്നുണ്ടിവിടെ. തിരക്കേറിയ നഗരത്തിലെ ബഹളങ്ങളെ പോലും അത് മതില്‍ക്കെട്ടിന് പുറത്ത് നിറുത്തും. ശരിയ്ക്കും മറ്റൊരു ലോകം.
ഭരണഘടനയും നിയമപുസ്തകളും മാത്രമല്ല മനുഷ്യന്‍ നേരിടുന്ന സകലമാന പ്രശ്‌നങ്ങളും അവിടെ ചര്‍ച്ച ചെയ്യും. അഭിമാനിക്കാവുന്ന അക്കാദമിക് മികവിനൊപ്പം കളിയും ചിരിയും സംഗീതവും നൃത്തവും ഫാഷനും ഇണക്കവും പിണക്കവുമെല്ലാമായി രാജ്യത്തെ തന്നെ ഏറ്റവും പഴക്കമുള്ള നിയമകലാലയത്തിലെ ഒരോ നിമിഷവും സുന്ദരമായ അനുഭവമാണ്.
തിരുവനന്തപുരത്ത് നിന്ന് തുടങ്ങുന്ന ചരിത്രം
എറണാകുളം സര്‍ക്കാര്‍ ലോ കോളേജിന്റെ ചരിത്രം തുടങ്ങുന്നത് തിരുവനന്തപുരത്തുനിന്നാണ്. 1874 ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് തിരുവനന്തപുരം ഹിസ് ഹൈനസ് കോളേജിനോടനുബന്ധിച്ച് (നിലവിലെ യൂണിവേഴ്‌സിറ്റി കോളേജ്) നിയമപഠന ക്ലാസുകള്‍ ആരംഭിക്കാന്‍ ഉത്തരവിട്ടു. 1894 വരെ അത് തുടര്‍ന്നു. മദ്രാസ് യൂണിവേഴ്‌സിറ്റിയിലാണ് അവര്‍ നിയമ പരീക്ഷ എഴുതിയത്.
ഇതിന് പിന്നാലെ 'ഹിസ് ഹൈനസ് ദ മഹാരാജാസ് ലോ കോളേജ് ട്രിവാന്‍ട്രം' എന്ന പേരില്‍ സ്വതന്ത്ര നിയമകലാലയം സ്ഥാപിക്കപ്പെട്ടു. ട്രാവന്‍കൂര്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന ഡബ്യു.ടി.എ.കോസ്ബി ആദ്യ പ്രിന്‍സിപ്പലായി. 1929 വരെ കോളേജ് പാര്‍ട്ട് ടൈം ആയിട്ടാണ് പ്രവര്‍ത്തിച്ചത്. 1931-32 അക്കാദമിക് വര്‍ഷം മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങി. 1909 വരെ ലോ കോളേജ് തിരുവിതാംകൂര്‍ മഹാരാജാവിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. പിന്നീട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കീഴിലായി. 1910 ല്‍ കോളേജ് തിരുവിതാംകൂര്‍ ഹൈക്കോടതിയുടെ കീഴിലായി. 1938 ല്‍ തിരുവിതാംകൂര് സര്‍വകലാശാല (കേരള സര്‍വകലാശാല) ആരംഭിച്ചതോടെ സര്‍വകലാശാലയുടെ കീഴിലായി.
ചരിത്രം മാറിയപ്പോള്‍ കോളേജ് കൊച്ചിയിലേയ്ക്ക്
തിരു-കൊച്ചി സംസ്ഥാനത്തിന് രൂപം നല്‍കിയതോടെ 1949 ഓഗസ്റ്റില്‍ തിരുവനന്തപുരത്ത് നിന്ന് ലോ കോളേജ് എറണാകുളത്തേയ്ക്ക് പറിച്ച് നടപ്പെട്ടു. തിരു-കൊച്ചി ഹൈക്കോടതി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേയ്ക്ക് മാറ്റിയതും കണക്കിലെടുത്തായിരുന്നു ഇത്. കൊച്ചി സംസ്ഥാനത്തെ നിയമ നിര്‍മാണസഭ പ്രവര്‍ത്തിച്ചിരുന്ന പഴയ അസംബ്ലി ഹാള്‍ കെട്ടിടത്തിലേയ്ക്കാണ് ലോ കോളേജ് മാറിയത്. 1983 ല്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല ആരംഭിച്ചപ്പോള്‍ കോളേജ് അതിന്റെ കീഴിലായി.
ചരിത്രം സ്പന്ദിക്കുന്ന അസംബ്ലിഹാള്‍
എറണാകുളം ലോ കോളേജിന്റെ പ്രൗഢിയും സൗന്ദര്യവും നിറയുന്നത് ഒരു കാലത്ത് കൊച്ചി രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്ന അസംബ്ലി ഹാള്‍ അതിന്റെ ഭാഗമാണ് എന്നതാണ്. ആ കെട്ടിടത്തിനുള്ളില്‍ നിയമ പഠനത്തിന്റെ മാത്രമല്ല നിയമ നിര്‍മാണ ചരിത്രത്തിന്റെ സ്പന്ദനവും കാതോര്‍ത്താല്‍ കേള്‍ക്കാം. അത്രയേറെ ഗൗരവകരമായ ചര്‍ച്ചകള്‍ അവിടെ നടന്നിട്ടുണ്ട്.
വാസ്തുവിദ്യയുടെ അപൂര്‍വ്വമായ സൗന്ദര്യമുണ്ട് അസംബ്ലി ഹാളിന്. കെട്ടിടത്തിന്റെ നല്ലൊരു ഭാഗം തടിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. നൂറ്റാണ്ടിലേറെ പഴക്കമുള്ളതിനാല്‍ ഈ ചരിത്ര സ്മാരകത്തെ ഫലപ്രദമായി സംരക്ഷിക്കേണ്ടതുണ്ട്. കാലപ്പഴക്കത്താല്‍ അസംബ്ലിഹാള്‍ മന്ദിരത്തിന് ജീര്‍ണതയുണ്ട്. കലാലയം അതിന്റെ 150-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഈ ചരിത്ര സ്മാരകത്തെ സംരക്ഷിക്കാനുള്ള ഫലപ്രദമായ നടപടിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ചരിത്രത്തില്‍ ഇടം നേടി നഗ്നയോട്ടം
എറണാകുളം സര്‍ക്കാര്‍ ലോ കോളേജ്, കാമ്പസിന് പുറത്തുള്ളവര്‍ക്ക് എപ്പോഴും അദ്ഭുതമാണ്. പഠന മികവിനൊപ്പം കൗതുകകരമായ അത്രമേല്‍ സംഭവങ്ങളും കാഴ്ചകളും അവിടെ നിന്നുണ്ടായിട്ടുണ്ട്. ചരിത്രത്തില്‍ ഇടം നേടിയ ലോ കോളേജ് വിദ്യാര്‍ഥികളുടെ നഗ്‌നയോട്ടമടക്കമുള്ള സംഭവങ്ങള്‍. ഇന്ത്യയിലെ ആദ്യത്തെ നഗ്‌നയോട്ടമായിരുന്നു അത്. 1974 ഏപ്രില്‍ ഒന്നിനായിരുന്നു സംഭവം. 'മാതൃഭൂമി' യില്‍ ഒന്നാം പേജ് വാര്‍ത്തയായിരുന്നു അത്. സമൂഹത്തിന്റെ പോക്ക് ശരിയല്ലെന്നും തിരുത്തല്‍ ആവശ്യമാണെന്നുമായിരുന്നു നഗ്‌നയോട്ടത്തിലൂടെ അന്നത്തെ 'കുട്ടികള്‍' പറയാന്‍ ഉദ്ദേശിച്ചത്.
സമൂഹം ചര്‍ച്ച ചെയ്യപ്പെടുന്ന ഏതെങ്കിലും സംഭവം ഉണ്ടാകുമ്പോള്‍ ലോ കോളേജിലെ വിദ്യാര്‍ഥികള്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് ഇപ്പോഴും ഉറ്റുനോക്കുന്നത് ഈ ചരിത്രത്തിന്റെയും പശ്ചാത്തലത്തിലാണ്. മലയാള സിനിമയിലെ മുന്‍നിര നായകന്‍മാര്‍ക്കെതിരേ പീഡന പരാതികള്‍ ഉയര്‍ന്നപ്പോഴും ലോ കോളേജിലെ വിദ്യാര്‍ഥികള്‍ ശ്രദ്ധേയമായ പ്രതികരണം നടത്തിയിരുന്നു.
തലയെടുപ്പോടെ പൂര്‍വ്വ വിദ്യാര്‍ഥികള്‍
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ മുതല്‍ നടന്‍ മമ്മൂട്ടിവരെ ലോ കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളാണ്. രാഷ്ട്രീയ നേതാക്കളില്‍ മുന്‍ പ്രതിരോധ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന എ.കെ.ആന്റണി മുതല്‍ ഇപ്പോഴത്തെ നിയമ മന്ത്രി പി.രാജീവ് വരെയുണ്ട്. നിലവിലെ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് പി.ഗോപിനാഥ്, ജസ്റ്റിസ് മുരളി പുരുഷോത്തമന്‍, ജസ്റ്റിസ് വിജു എബ്രഹാം,ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍,ജസ്റ്റിസ് എം.എ.അബ്ദുള്‍ ഹക്കിം,ജസ്റ്റിസ് വി.എം.ശ്യാംകുമാര്‍,ജസ്റ്റിസ് ഹരിശങ്കര്‍ വി.മേനോന്‍,ജസ്റ്റിസ് എസ്.ഈശ്വരന്‍,ജസ്റ്റിസ് എം.ബി.സ്‌നേഹലത... പൂര്‍വ്വ വിദ്യാര്‍ഥികളുടെ നിര ഇങ്ങനെ നീളും. കോളേജിന്റെ 150-ാം വാര്‍ഷികം ഗംഭീരമാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകള്‍ക്കും പിന്തുണയുമായി എറണാകുളം ലോ കോളേജ് ഓള്‍ഡ് സ്റ്റുഡന്‍സ് ആന്‍ഡ് ടീച്ചേഴ്‌സ് അസോസിയേഷനും ഉണ്ടെന്ന് സെക്രട്ടറി അഡ്വ.പി.സഞ്ജയ് പറഞ്ഞു.
നല്ല ചിന്തകളും ഓര്‍മകളും ഉണര്‍ത്തുന്ന കലാലയം
ബി.എല്ലും എല്‍.എല്‍.എമും ആയി നാലുവര്‍ഷക്കാലം ചെലവഴിച്ച കലാലയമാണ്. അന്ന് വിദ്യാര്ഥി രാഷ്ട്രീയമൊന്നും അത്രയില്ല. സെന്‍ട്രല്‍ അസംബ്ലിഹാളിലായിരുന്നു ക്ലാസുകള്‍. ഫിലിപ്പ് കെ.തയ്യില്‍ ആയിരുന്നു പ്രിന്‍സിപ്പല്‍. അബ്ദുല്‍ ഖാദര്‍ അടക്കമുള്ള അധ്യാപകരേയും ഓര്‍ക്കുന്നു. പെണ്‍കുട്ടികള്‍ കുറവായിരുന്നു. ക്ലാസില്‍ അറുപതോളം വിദ്യാര്‍ഥികളില്‍ പത്തില്‍ താഴെ പെണ്‍കുട്ടികളേ ഉണ്ടായിരുന്നുള്ളു. അതില്‍ തന്നെ പ്രാക്ടീസിലേയ്ക്ക് വന്നത് ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകയായ സുമതി ദണ്ഡപാണിയെ പോലെ ഏതാനും പേര്‍ മാത്രം.
- ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ്
ആസൂത്രണം ചെയ്തിരിക്കുന്നത് വിപുലമായ പരിപാടികള്‍
രാഷ്ട്രപതിയോ സുപ്രീംകോടതി ചീഫ് ജസ്റ്റിസോ പങ്കെടുക്കുന്ന വിപുലമായ പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പൂര്‍വ്വ വിദ്യാര്‍ഥികളുടെയും സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുക.
- ബിന്ദു എം.നമ്പ്യാര്‍
പ്രിന്‍സിപ്പല്‍
സെന്‍ട്രല്‍ അസംബ്ലി ഹാള്‍ സംരക്ഷിക്കണം
ചരിത്ര സ്മാരകമായ സെന്‍ട്രല്‍ അസംബ്ലി ഹാള്‍ സംരക്ഷിക്കുന്നതോടൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിനും നടപടി വേണം. റിസര്‍ച്ച് സെന്റര്‍ അടക്കമുള്ള സൗകര്യങ്ങളും വേണം.
- കെ.നവീന്‍
ചെയര്‍മാന്‍
Content Highlights: eranakulam government law college celebrating 150 years