റാങ്കിങ് എന്ന ഭീമമായ വ്യവസായം; 'ലോകോത്തര നിലവാരം' പ്രയോഗവും സാംസ്‌കാരിക ഹാസ്യാനുകരണവും

AI Genereated Image
AI Genereated Image

ഏറ്റവുമൊടുവില്‍ 1253-ല്‍ സ്ഥാപിതമായ ഫ്രാന്‍സിലെ ലോകപ്രശസ്ത സോബോണ്‍ സര്‍വകലാശാല Times Higher Education Rankings ന് ഡേറ്റ കൊടുക്കുന്നത് അവസാനിപ്പിച്ചിരിക്കുന്നു. അമേരിക്കയിലെ കോളംബിയ സര്‍വകലാശാലയും യേല്‍, ഹാവാഡ് എന്നിവയുടെ മെഡിക്കല്‍, നിയമപഠനകേന്ദ്രങ്ങളും 1636-ല്‍ നിലവില്‍ വന്ന നെതര്‍ലൻഡ്​സിലെ ഉട്രെക്റ്റ് സര്‍വകലാശാലയും ലോകത്തെ ഏറ്റവും 'ശ്രദ്ധേയമായ' റാങ്കിങ് സിസ്റ്റങ്ങളെ ഉപേക്ഷിച്ചിരുന്നു. ചില ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതേ വഴി സ്വീകരിച്ചു. ആഗോളമായി അഞ്ച് പ്രധാന റാങ്കിങ് കമ്പനികളും 20 ചെറുകമ്പനികളുമുണ്ട്. മൊത്തത്തില്‍ ഒരു ബില്ല്യണ്‍ ഡോളര്‍ വ്യവസായമാണത്. സ്ഥാപനങ്ങള്‍ ഡേറ്റ നല്‍കിയാല്‍ സൗജന്യമായി തന്നെ സ്ഥാനപ്പട്ടികയില്‍ ഏതെങ്കിലും ഇടം കിട്ടും. ഇനി ഏതെങ്കിലും സര്‍വകലാശാലകള്‍ ഡേറ്റ നല്‍കിയില്ലെങ്കില്‍ തന്നെ അവയെക്കുറിച്ച് ലഭ്യമായ പരിമിതമായ പൊതുവിവരങ്ങളുടെ അടിസ്ഥാനത്തില്‍ റാങ്കിങ്ങിൽ ഉള്‍പ്പെടുത്തിക്കളയും ചിലര്‍! റാങ്കിങ് വ്യവസായം വരുമാനമുണ്ടാക്കുന്നത്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കുന്ന വിവരങ്ങളും മറ്റ് സ്ഥിതിവിവര കണക്കുകളും റീപാക്കേജ് ചെയ്ത് കോര്‍പ്പറേറ്റുകള്‍ക്കും സര്‍ക്കാരുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും മറിച്ചുവിറ്റാണ്. വിദ്യാഭ്യാസ വിപണിയില്‍ ഈ റാങ്കിങ് ഭീമമായ സ്വാധീനം ചെലുത്തുന്നു. എവിടെ പഠിക്കണം, എവിടെ നിക്ഷേപിക്കണം എന്നിവയൊക്കെ നിര്‍ണയിക്കുന്നതില്‍ പ്രഭാവമുണ്ടാക്കുന്നു.

കാരണം, സാമാന്യജനം ഈ റാങ്കിങിനെ ഗുണനിലവാരത്തിന്റെ സൂചകമായി കാണുന്നു. സോബോണ്‍ സര്‍വകലാശാലയുടെ തീരുമാനം പ്രതിഫലിപ്പിക്കുന്നത്, ലോകമാകെ ഈ സ്ഥാനനിര്‍ണയ സമ്പ്രദായത്തെപ്പറ്റി ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളാണ്. ഒന്ന്, റാങ്കിങ് വ്യവസായം അശാസ്ത്രീയവും 'ഗുണം' അളക്കുന്നതില്‍ അപര്യാപ്തവും നിഷ്ഫലവുമായ ഉപാധിയാണ്. സങ്കീര്‍ണമായ സ്ഥാപനസംബന്ധികളായ പ്രകടനങ്ങളെ അസങ്കീര്‍ണവും സരളവുമായ മെട്രിക്‌സ് മുഖേന നിര്‍ണയിക്കുന്നു. രണ്ട്, റാങ്കിങ് മെട്രിക്‌സ് ആഗോള വിപണിമൂല്യമുള്ള റിസര്‍ച്ച് ഔട്ട്പുട്ടിനെ വന്‍തോതില്‍ കേന്ദ്രീകരിക്കുമ്പോള്‍ പ്രാദേശിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്ന ഗവേഷണപഠനങ്ങളുടെ സാധ്യതയെ അവഗണിക്കുകയോ അരുക്കാക്കുകയോ ചെയ്യുന്നു. മൂന്ന്, വിമര്‍ശചിന്തയെ പോഷിപ്പിക്കുന്നതിലും പൊതുനന്മയ്ക്ക് സംഭാവന ചെയ്യുന്നതിലും പരാജയപ്പെടുന്നു. അല്ലെങ്കില്‍ ശ്രദ്ധിക്കാതിരിക്കുകയോ വഴുതിപ്പോവുകയോ ചെയ്യുന്നു. നാല്, പ്രൊക്‌സി മെട്രിക്‌സിന്റെ ഉപയോഗവും പ്രയോഗവും. പല യൂണിവേഴ്‌സിറ്റി റാങ്കിങ്ങുകളും അധ്യാപന നിലവാരം ഒരു അളവുകോലായി എടുക്കുന്നുപോലുമില്ല. റിസര്‍ച്ച് ഔട്ട്പുട്ട്, റെപ്യുട്ടേഷന്‍ സര്‍വേ, റിസര്‍ച്ച് ഗ്രാന്റ്, ഡോണേഷന്‍, സ്ഥാപനങ്ങളിലെ നൊബേല്‍ പുരസ്‌കൃതരുടെ എണ്ണം എന്നിങ്ങനെ പലതും നിര്‍ണായകമാകുന്നു. സോബോണ്‍ സര്‍വകലാശാലയുടെ പ്രസിഡന്റ് പ്രസ്താവിച്ചത്, 'ഓരോ സര്‍വകലാശാലയുടെയും പ്രകടനം നിശ്ചയിക്കാന്‍ ഉപയോഗിച്ച ഡേറ്റ തുറന്ന സ്വഭാവമുള്ളതോ സുതാര്യമോ അല്ല എന്നും അതുകൊണ്ട് പുറത്തുവരുന്ന ഫലത്തിന്റെ (റാങ്കിങ്ങിന്റെ) പുനരുല്‍പ്പാദനക്ഷമതയെപ്പറ്റി ഉറപ്പുപറയാന്‍ കഴിയില്ല' എന്നുമാണ്.

Continue reading