സുകുമാരകുറുപ്പല്ല, കോടികളുടെ നിധി കാത്ത രത്നവ്യാപാരി പിന്നെ ആര്? 13 വര്‍ഷമായിട്ടും ഉത്തരമില്ല

കൊല്ലപ്പെട്ട് 13 വര്‍ഷം കഴിഞ്ഞിട്ടും രത്നങ്ങളും വിഗ്രഹങ്ങളും അടക്കം കോടികണക്കിന് രൂപയുടെ നിധി സൂക്ഷിച്ച ഹരിഹര വര്‍മ്മ എന്ന രത്ന വ്യാപാരിയെക്കുറിച്ചുള്ള ദുരൂഹത ഇപ്പോഴും തുടരുകയാണ്. യഥാര്‍ത്ഥത്തില്‍ ആരാണ് ഹരിഹരവര്‍മ്മയെന്ന് ഇതുവരെ കണ്ടത്തിയിട്ടില്ല. ഇദ്ദേഹത്തിന്റെ പേര് പോലും ഇത് തന്നെയാണോ എന്ന് വ്യക്തമല്ല. രത്നങ്ങളും വിഗ്രഹങ്ങളുമെല്ലാം എവിടെ നിന്നാണ് അദ്ദേഹത്തിന്റെ കയ്യിലെത്തിയതെന്നും അറിയില്ല. 300 കോടിയോളം രൂപ വിലവരുന്നതാണ് തന്റെ രത്നശേഖരമെന്നായിരുന്നു വര്‍മ്മയുടെ തന്നെ അവകാശ വാദം. ഈ നിധിശേഖരമാണ് ഹരിഹരവര്‍മ്മയുടെ ജീവനെടുത്തതും. രത്നങ്ങള്‍ വാങ്ങാനെന്ന പേരിലെത്തിയ സംഘമാണ് വര്‍മ്മയെ കൊലപ്പെടുത്തിയത്. തന്നെക്കുറിച്ച് ഹരിഹര വര്‍മ്മ ചുറ്റമുള്ളവരോട് പറഞ്ഞതെല്ലാം കളവായിരുന്നു. ഒരു ഘട്ടത്തില്‍ സുകുമാരക്കുറുപ്പെന്ന കൊലപാതകിയാണോ ഹരിഹരവര്‍മ്മ എന്ന പേരില്‍ അറിയപ്പെട്ടതെന്ന് പോലും പോലീസ് സംശയിച്ചു.
ഹരിഹരവര്‍മ്മയെ കൊലപ്പെടുത്തിയ പ്രതികളുടെ ശിക്ഷ സുപ്രീംകോടതി വരെ ശരിവച്ചിട്ടും കൊല്ലപ്പെട്ടയാളെക്കുറിച്ചുള്ള അന്വേഷണം പോലീസ് തുടരുകയാണെന്ന അപൂര്‍വ്വതയുണ്ട്. തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാനും വര്‍മ്മ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ചിത്രം അടക്കമുള്ള വിവരങ്ങള്‍ മറ്റൊരാളുടെ കൈവശമുണ്ടാകുന്നത് വര്‍മ്മ ഇഷ്ടപ്പെട്ടിരുന്നില്ല. ഫോട്ടോ എടുക്കുന്നവരോട് കയര്‍ത്ത സംഭവങ്ങളുമുണ്ടായിരുന്നു.
Content Highlights: Harihara Varma unsolved mystery jeweler murder Kerala crime stolen jewels royal family fake identity