നിരപരാധിയായ ആ പതിനാലുകാരന് വധശിക്ഷ; നിയമവ്യവസ്ഥയിലെ മാറാത്ത കളങ്കത്തിന്റെ കഥ | Sins & Sorrow

1944 ജൂണ്‍ 16. സൗത്ത് കരോളിന പെനിന്‍ഷ്യറിയില്‍ ജോര്‍ജ്ജ് സ്റ്റിന്നി എന്ന ആഫ്രോ അമേരിക്കന്‍ ബാലനെ മരണമുഖത്തേക്കു കൈപിടിച്ചു കൊണ്ടുപോവുകയാണ് ജയില്‍ അധികൃതര്‍. വെറും പതിനാല് വയസ്സു മാത്രമാണ് അവന്റെ പ്രായം. ഞാന്‍ ആരെയും കൊന്നിട്ടില്ല, എന്നെ ഒന്നും ചെയ്യരുതേ, എന്നവന്‍ വഴിനീളെ യാചിക്കുന്നുണ്ടായിരുന്നു. ബൈബിള്‍ അവന്‍ നെഞ്ചോട് ചേര്‍ത്തിരുന്നു. അവന്റെ കുഞ്ഞുമുഖത്ത് ചോര വറ്റിയിരുന്നു കണ്ണീര്‍ ധാരയായി ഒഴുകി, ശരീരം കുഴഞ്ഞു. ഈ കാഴ്ച ജയില്‍ അധികൃതരുടെ മനസ്സിനെ ഉലച്ചുവോ എന്നറിയില്ല. അഥവാ അവരെ സങ്കടത്തിലാഴ്ത്തിയെങ്കില്‍ പോലും കോടതിവിധി മറികടക്കാന്‍ ഒരാള്‍ക്കും സാധിക്കുകയില്ല.
വൈകാതെ അവനെ മരണത്തിന്റെ ഗന്ധം നിറഞ്ഞു നില്‍ക്കുന്ന എക്‌സിക്യൂഷന്‍ ചേമ്പറിലേക്ക് കടത്തിവിട്ടു, പിന്നാലെ ജയില്‍ അധികൃതരും. വൈദ്യുതക്കസേരയില്‍ അവനെ ബന്ധിക്കാന്‍ ശ്രമിച്ചു. മുതിര്‍ന്നവര്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്ത വൈദ്യുത കസേരയില്‍ അവനെ ബന്ധിച്ച സ്ട്രാപ്പുകള്‍ അയഞ്ഞുകിടക്കുകയാണ് ചെയ്തത്. മുഖം മൂടാന്‍ ഉപയോഗിക്കുന്ന മാസ്‌കിലേക്ക് അവന്റെ തല എത്തുന്നുണ്ടായിരുന്നില്ല. അതു പരിഹരിക്കാന്‍ അവന്‍ നെഞ്ചോട് ചേര്‍ത്ത് വച്ച ബൈബിള്‍ എടുത്ത് കസേരയില്‍ വച്ച് അവനെ അതിന് മുകളിലിരുത്തി. പിന്നീട് അധികം താമസിച്ചില്ല. 2400 വോള്‍ട്ട് കറന്റ് അവന്റെ ശരീരത്തിലേക്ക് കടത്തിവിട്ടു. ആ കുഞ്ഞു ദേഹം നിശ്ചലമാകാന്‍ അധികം നിമിഷങ്ങള്‍ എടുത്തില്ല. മാസ്‌ക് വേര്‍പെട്ട നിലയില്‍, വായില്‍നിന്ന് പതയൊലിച്ച്, ശൂന്യതയിലേക്ക് കണ്ണുകള്‍ പാകി വിറങ്ങലിച്ചു കിടക്കുകയായിരുന്നു അവന്റെ ശരീരം.
Content Highlights: george stinney, wrongful punishment, injustice, US criminal laws, victim of racism