ഉത്സവപ്പറമ്പിൽ സംഘർഷം; SI-യെ ആക്രമിച്ചവരിൽ പോലീസുകാരനും, സസ്പെൻഷൻ, മൂന്നുപേർ അറസ്റ്റിൽ

#സ്വന്തം ലേഖകൻ
അറസ്റ്റിലായ എസ്. ആദിത്യന്‍, എസ്. ആരോമല്‍, എസ്. ചന്തു
അറസ്റ്റിലായ എസ്. ആദിത്യന്‍, എസ്. ആരോമല്‍, എസ്. ചന്തു

കിളിമാനൂർ: കിളിമാനൂരിനുസമീപം വെള്ളല്ലൂരിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷം തടയാനെത്തിയ എസ്.ഐ.യെ ആക്രമിച്ചവരുടെ കൂട്ടത്തിൽ പോലീസുകാരനും. സംഭവത്തിൽ പോലീസുകാരൻ ഉൾപ്പെടെ മൂന്നുപേരെ അറസ്റ്റു ചെയ്തു. നഗരൂർ സ്റ്റേഷനിലെ എസ്.ഐ. എൻ.‌ അൻസറിനെയാണ് പള്ളിക്കൽ സ്റ്റേഷനിലെ സി.പി.ഒ. ചന്തു ഉൾപ്പെട്ട സംഘം ആക്രമിച്ചത്.

അച്ചടക്ക നടപടിയുടെ ഭാഗമായി ചന്തുവിനെ സസ്പെൻഡ് ചെയ്തതായി പള്ളിക്കൽ എസ്.എച്ച്.ഒ. എം.ജി. ശ്യാം അറിയിച്ചു. വെള്ളല്ലൂർ, മൊട്ടലിൽ, പനയറവീട്ടിൽ എസ്. ആരോമൽ (27), ഇയാളുടെ സഹോദരൻകൂടിയായ ചന്തു (32), കല്ലമ്പലം പുതുശ്ശേരിമുക്ക് കോട്ടമൂല ആദിത്യഭവനിൽ ആദിത്യൻ (21) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

വെള്ളല്ലൂർ ശിവൻമുക്ക് ശിവക്ഷേത്രത്തിൽ വ്യാഴാഴ്ച രാത്രി പത്തരയ്ക്ക് നാടൻപാട്ട് നടക്കുമ്പോൾ രണ്ടു സംഘങ്ങൾ ഏറ്റുമുട്ടി. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന നഗരൂർ എസ്.ഐ. എൻ. അൻസർ, സി.പി.ഒ. നിജിമോൻ എന്നിവർ ചേർന്ന് അക്രമികളെ പിന്തിരിപ്പിച്ചു. 12 മണിയോടെ വീണ്ടും സംഘർഷമുണ്ടായപ്പോഴും എസ്.ഐ. ഇടപെട്ട് സംഘർഷം ശാന്തമാക്കി.

തുടർച്ചയായി സംഘർഷമുണ്ടായതോടെ പരിപാടി നിർത്തി ആൾക്കൂട്ടത്തെ പിരിച്ചുവിട്ടു. എന്നാൽ പ്രതികളുടെ നേതൃത്വത്തിൽ വീണ്ടും സംഘർഷമുണ്ടാക്കി. ഇതു തടയാൻ ശ്രമിച്ച എസ്.ഐ.യെ പ്രതികൾ സമീപത്തെ ഓടയിലേക്ക് തള്ളിയിടുകയായിരുന്നു. യൂണിഫോമിന്റെ നെയിംപ്ലേറ്റ് വലിച്ചുപൊട്ടിച്ചശേഷം കൈയേറ്റം ചെയ്യാനും ശ്രമിച്ചു. തുടർന്ന് എസ്.ഐ.യും എ.എസ്.ഐ.യും ചേർന്ന് പ്രതികളെ കീഴടക്കി.

കൂടുതൽ പോലീസ് എത്തി പ്രതികളെ പിടികൂടി സ്റ്റേഷനിൽ കൊണ്ടുപോകാനായി വാഹനത്തിൽക്കയറ്റി. എന്നാൽ വാഹനത്തിലിരുന്നും എസ്.ഐ.ക്കെതിരേ പ്രതികൾ കൊലവിളി മുഴക്കി. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊതുസ്ഥലത്ത് അതിക്രമം നടത്തിയതിനും പ്രതികൾക്കെതിരേ പോലീസ് കേസെടുത്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Content Highlights: Three individuals, including a police officer, have been arrested for assaulting an SI who intervened to stop a festival clash in Vellanalloor. An officer suspended.