സ്‌കൂട്ടർ പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം; യുവതിയുടെ കൈ വെട്ടി അമ്മാവൻ

തിരുവനന്തപുരം: സ്‌കൂട്ടർ പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ യുവതിക്കുനേരെ അമ്മാവന്റെ അതിക്രമം. കിളിമാനൂർ പോങ്ങനാട് പഴയ ചന്തയിൽ വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. മണിക്കുട്ടൻ (60) എന്നയാളാണ്, അയൽവാസിയും സഹോദരി പുത്രിയുമായ സിന്ധു(43)വിനെ ആക്രമിച്ചത്.
മക്കളെ ട്യൂഷന് കൊണ്ടുവിട്ടശേഷം വീട്ടിലേക്ക് മടങ്ങിവരുന്ന വഴിയിൽ സ്‌കൂട്ടർ പാർക്ക് ചെയ്തപ്പോഴാണ് യുവതി ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടർ മണിക്കുട്ടന്റെ വീടിന്റെ പരിസരത്ത് പാർക്ക് ചെയ്തു എന്നുപറഞ്ഞാണ് മണിക്കുട്ടൻ പ്രശ്‌നം ആംഭിച്ചത്. ഇത് വാക്കുതർക്കത്തിലേക്കും അക്രമത്തിലേക്കും നീങ്ങുകയായിരുന്നു. വാക്കുതർക്കത്തിനിടെ വീട്ടിലേക്ക് കയറിപ്പോയ മണിക്കുട്ടൻ വെട്ടുകത്തിയുമായാണ് തിരികെ വന്നത്.
പിന്നാലെ സിന്ധുവിനെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ചു. വെട്ടേൽക്കുന്നത് തടയാൻ ശ്രമിക്കവെയാണ് സിന്ധുവിന്റെ രണ്ട് കൈകളിലും വെട്ടേറ്റത്. നിലവിളിച്ച് ഓടിയ സിന്ധു അടുത്തുള്ള വീട്ടിൽ അഭയം തേടി. തുടർന്ന് നാട്ടുകാരും വീട്ടുകാരും ചേർന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ശസ്ത്രക്രിയ വേണ്ടിവരും എന്നാണ് ഡോക്ടർമാർ പറയുന്നത്. കിളിമാനൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒളിവിൽപ്പോയ മണിക്കുട്ടനെ തേടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ബന്ധുക്കളായ ഇവർ തമ്മിൽ വസ്തുതർക്കം ഉൾപ്പെടെ, സ്ഥിരമായി പ്രശ്‌നങ്ങൾ നിലനിന്നിരുന്നതായി നാട്ടുകാർ പറയുന്നു. മണിക്കുട്ടൻ സ്ഥിരമായി സ്‌കൂട്ടറിന്റെ കാറ്റ് തുറന്നു വിടുകയും ടയർ പഞ്ചറാക്കുകയും ചെയ്യുമായിരുന്നുവെന്നും പരാതിയുണ്ട്.
Content Highlights: A dispute over scooter parking escalated into a violent attack. An aunt allegedly chopped her niece`s hands in a shocking incident in Thiruvananthapuram.