'നൂറ് വര്‍ഷം ശിക്ഷിച്ചോളൂ, ഉടന്‍ വിധിക്കണം'; ചെന്താമര ഫെബ്രുവരി 12 വരെ റിമാന്‍ഡില്‍

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയെ ഫെബ്രുവരി 12 വരെ റിമാന്‍ഡ് ചെയ്തു. കൃത്യം ചെയ്തത് ഒറ്റയ്ക്കാണെന്നും നൂറ് വര്‍ഷം ശിക്ഷിച്ചോളൂവെന്നും ഉടനെ ശിക്ഷ വിധിക്കണമെന്നും ചെന്താമര കോടതിയോട് പറഞ്ഞു. തന്റെ ജീവിതമാര്‍ഗ്ഗത്തെ തകര്‍ത്തു, അതുകൊണ്ടാണ് കൊലപാതകം ചെയ്തത്. മകളുടേയും മരുമകന്റേയും മുന്നില്‍ തലകാണിക്കാന്‍ വയ്യ, അതിനാല്‍ എത്രയും വേഗം ശിക്ഷ വിധിക്കണമെന്നും ചെന്താമര കോടതി മുന്‍പാകെ ആവശ്യപ്പെട്ടു.
പോലീസ് പിടികൂടിയതിന്റെയല്ലാതെ ഏതെങ്കിലും തരത്തിലുള്ള പരിക്കുകള്‍ പറ്റിയിട്ടുണ്ടോയെന്നാണ് ചെന്താമരയോട് കോടതി ആദ്യം ചോദിച്ചത്. എന്നാല്‍ തനിക്ക് ചിലകാര്യങ്ങള്‍ കോടതിയോട് പറയാനുണ്ടെന്ന് പറഞ്ഞാണ് ചെന്താമര സംസാരിക്കാന്‍ ആരംഭിച്ചത്. തനിക്ക് യാതൊരു പരാതിയുമില്ല, ഉദ്ദേശിച്ച കാര്യം ചെയ്തുകഴിഞ്ഞു എന്നായിരുന്നു ചെന്താമരയുടെ ഭാഷ്യം. മകള്‍ എന്‍ജിനീയറാണെന്നും മരുമകന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിലാണെന്നും കോടതിയോട് പറഞ്ഞ പ്രതി അവരുടെ മുന്നില്‍ തല കാണിക്കാന്‍ വയ്യെന്നും കൂട്ടിച്ചേര്‍ത്തു.
വിശദമായ ചോദ്യം ചെയ്യലിനുശേഷമാണ് ഇയാളെ ആലത്തൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. കനത്ത പോലീസ് സുരക്ഷയിലാണ് ചെന്താമരയെ പോലീസ് സ്‌റ്റേഷനില്‍നിന്ന് കോടതിയിലെത്തിച്ചത്. കോടതിയില്‍ വലിയ ആള്‍ക്കൂട്ടമാണുണ്ടായിരുന്നത്. റിമാന്‍ഡ് ചെയ്തശേഷം മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി ചെന്താമരയെ ആലത്തൂര്‍ സബ്ജയിലിലേക്ക് മാറ്റും.
പ്രതി മനസ്താപമില്ലാത്ത കുറ്റവാളിയാണെന്നും തന്റെ പദ്ധതി നടപ്പാക്കിയതിന്റെ സന്തോഷം പ്രതിക്കുണ്ടായിരുന്നുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആസൂത്രിതമായാണ് ചെന്താമര കൊലപാതകം നടത്തിയത്. ഇതിനായി ദിവസങ്ങള്‍ക്കുമുന്‍പ് കൊടുവാള്‍ വാങ്ങി. പോലീസിനെ തെറ്റിധരിപ്പിക്കാന്‍ ശ്രമം നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പോത്തുണ്ടി സ്വദേശിയായ സുധാകരനേയും അമ്മ മീനാക്ഷിയേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ചെന്താമരയെ 36 മണിക്കൂര്‍ നീണ്ട തിരച്ചിലിനുശേഷമാണ് പോലീസ് പിടികൂടിയത്. പോത്തുണ്ടി മാട്ടായില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊബൈല്‍ ഫോണിലെ സിം ഓണായെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാള്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് കൂമ്പാറയിലെ ക്വാറിയിലും പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. ഇയാള്‍ ബെംഗളൂരുവിലേക്ക് കടന്നതായുള്ള അഭ്യൂഹവും പ്രചരിച്ചിരുന്നു. അതിനിടെയാണ് ചൊവ്വാഴ്ച പത്തുമണിയോടെ ഇയാളെ പോലീസ് പിടികൂടിയത്.
Content Highlights: Chenthamara, accused in the Nenmara double murder case has been remanded until February 12