അറസ്റ്റ് രേഖകളിൽ വകുപ്പ് മാറി, ഗുരുതര സാങ്കേതിക പിഴവ്; ഹണിമൂൺ കൊലപാതകത്തിൽ ഭാര്യയ്ക്ക് ജാമ്യം

ഷില്ലോങ്: കുപ്രസിദ്ധമായ മേഘാലയയിലെ ഹണിമൂൺ കൊലപാതകക്കേസിൽ പ്രതിയായ സോനം രഘുവംശിക്ക് ജാമ്യം. മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് കോടതിയാണ് കർശനമായ ഉപാധികളോടെ പ്രതിക്ക് ജാമ്യം അനുവദിച്ചത്. അതേസമയം, കേസുമായി ബന്ധപ്പെട്ട രേഖകളിലെ ക്ലറിക്കൽ പിഴവ് കാരണമാണ് പ്രതിക്ക് ജാമ്യം ലഭിക്കാനിടയായതെന്നും റിപ്പോർട്ടുകളുണ്ട്.
2025 ജൂണിലാണ് രാജ്യത്തെ നടുക്കിയ ഹണിമൂൺ കൊലപാതകം പുറത്തറിയുന്നത്. ഹണിമൂണിനിടെ ഭർത്താവായ രാജ രഘുവംശിയെ കാമുകനായ രാജ് കുശ്‌വഹയ്‌ക്കൊപ്പം ചേർന്ന് സോനം കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ അറസ്റ്റിലായ സോനം മാസങ്ങളായി ജയിലിലാണ്. ഇതിനിടെ മൂന്നുതവണ ജാമ്യംതേടി കോടതിയെ സമീപിച്ചെങ്കിലും ജാമ്യഹർജി തള്ളിയിരുന്നു. എന്നാൽ, കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് സോനത്തിന്റെ അറസ്റ്റ് രേഖകളിൽ കടന്നുകൂടിയ സാങ്കേതിക പിഴവ് കോടതി ചൂണ്ടിക്കാട്ടിയത്.
ഭാരതീയ ന്യായസംഹിതയിലെ 103(1) വകുപ്പ് പ്രകാരമാണ് രാജ രഘുവംശിയുടെ കൊലപാതകത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർചെയ്തിരുന്നത്. എന്നാൽ, സോനത്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട രേഖകളിൽ 103(1) ന് പകരം 403(1) എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഭാരതീയ ന്യായസംഹിതയിൽ 403(1) എന്ന വകുപ്പ് ഇല്ല. മാത്രമല്ല, പഴയ ഐപിസി പ്രകാരമാണെങ്കിൽ 403(1) സ്വത്ത് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പാണ്. ഇക്കാര്യമാണ് കോടതി പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
ഇതൊരു ക്ലറിക്കൽ പിഴവാണെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും എല്ലാ രേഖകളിലും ഇത്തരമൊരു പിഴവ് സംഭവിക്കാൻ പാടില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അറസ്റ്റ് മെമ്മോ, അറസ്റ്റിനുള്ള കാരണം അറിയിക്കുന്ന രേഖ, കേസ് ഡയറി തുടങ്ങിയവയിലെല്ലാം ഈ പിഴവുണ്ടായിട്ടുണ്ട്. ഈ രേഖകളിലെല്ലാം 103(1)ന് പകരം 403(1) ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാൽ ബിഎൻഎസ് 103(1) പ്രകാരമുള്ള കുറ്റത്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പ്രതിയെ കൃത്യമായി അറിയിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്.
അതേസമയം, കർശനമായ ഉപാധികളോടെയാണ് സോനം രഘുവംശിക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, കോടതി നിശ്ചയിക്കുന്ന തീയതികളിൽ ഹാജരാകണം, കോടതിയുടെ അധികാരപരിധി വിട്ട് പോകരുത് തുടങ്ങിയവയാണ് ജാമ്യ ഉപാധികൾ.
2025 മേയ് 11-നായിരുന്നു ഇന്ദോർ സ്വദേശികളായ സോനം രഘുവംശിയുടെയും രാജ രഘുവംശിയുടെയും വിവാഹം. മേയ് 20-നാണ് നവദമ്പതിമാർ ഹണിമൂണിനായി മേഘാലയത്തിലെത്തിയത്. എന്നാൽ, ഹണിമൂണിനിടെ ദമ്പതിമാരെ കാണാതായി. തുടർന്ന് പോലീസും എൻഡിആർഫും നടത്തിയ തിരച്ചിലിലാണ് ജൂൺ രണ്ടിന് മലയിടുക്കിൽനിന്ന് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെടുത്തത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ഭാര്യ സോനവും കാമുകൻ രാജ് കുശ്‌വഹയും ചേർന്നാണ് രാജ രഘുവംശിയുടെ കൊലപാതകം ആസൂത്രണംചെയ്തതെന്ന് കണ്ടെത്തി. ഇതിനായി മൂന്ന് വാടകക്കൊലയാളികളെയും ഇവർ ഏർപ്പാടാക്കിയിരുന്നു. ഹണിമൂൺ യാത്രയ്ക്കിടെ ഇവർ സോനത്തിന്റെ കണ്മുന്നിൽവെച്ച് രാജയെ ആക്രമിച്ചു. പിന്നാലെ യുവാവിനെ മലമുകളിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.
Content Highlights: Sonam Raghuvanshi granted bail by East Khasi Hills Court., Bail granted due to clerical errors in arrest documentation., Section 103(1) of BNS was incorrectly recorded as 403(1) in official files., The 2025 murder involved the victim being pushed into a gorge during a honeymoon trip., Strict bail conditions include no witness tampering and mandatory court appearances.