‘കമ്മിഷണറുണ്ട് സൂക്ഷിക്കണം’, വാട്സ്ആപ്പ് കോൾ കൈയോടെ പൊക്കി ശീറാം സാംബശിവറാവു; അഴിമതിക്കാർ പെട്ടു

#ന്യൂസ് ഡെസ്ക്
എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു | ഡെപ്യൂട്ടി കമ്മിഷണർ എസ്. അശോക് കുമാർ
എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു | ഡെപ്യൂട്ടി കമ്മിഷണർ എസ്. അശോക് കുമാർ

കോട്ടയം: മന്ത്രിയുടെ അറിവോടെ ഒരു മാസമായി എക്സൈസ് കമ്മിഷണറും വിശ്വസ്തരായ ഒരു ചെറുസംഘം ഉദ്യോഗസ്ഥരും നെയ്തെടുത്ത വലയിൽ അഴിമതിക്കാർ കൂട്ടത്തോടെ കുരുങ്ങി. ഓണക്കാലത്ത് ഓണപ്പടിയെന്നുമറിയപ്പെടുന്ന ഈ കൈക്കൂലി രീതിയെ ‘കോംപ്ലിമെന്റ് സിസ്റ്റം’എന്നാണ് എക്സൈസിനുള്ളിൽ അറിയപ്പെടുന്നത്.

മന്ത്രിയും കമ്മിഷണറും നിഴൽപോലെ കോട്ടയം അഴിമതി സംഘത്തെ പിന്തുടരുമ്പോഴും ഇതറിയാതെ ഡെപ്യൂട്ടി കമ്മിഷണർ എസ്. അശോക് കുമാറും ചില കീഴുദ്യോഗസ്ഥരും പിരിവ് തുടരുകയായിരുന്നു.

കമ്മിഷണർ ശീറാം സാംബശിവറാവുവിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിലെ ഇടനിലക്കാരന്റെ വീട്ടിൽ പരിശോധന നടത്തി വിവരങ്ങൾ ശേഖരിക്കുന്നതിനിടെ അയാളുടെ ഫോണിലേക്ക് ഡെപ്യൂട്ടി കമ്മിഷണറുടെ വാട്സാപ്പ് കോളെത്തിയത് നിർണായക തെളിവായി.

കമ്മിഷണർ സ്ഥലത്തുണ്ടെന്നും സൂക്ഷിക്കണമെന്നുമുള്ള മുന്നറിയിപ്പായിരുന്നു അത്. ഈ വിളിയുടെ ദൃശ്യങ്ങളും ഡിജിറ്റൽ തെളിവായി കമ്മിഷണർ റെക്കോഡ്ചെയ്തു. ചോദ്യംചെയ്യലിനിടെ ഡെപ്യൂട്ടി കമ്മിഷണർ തന്റെ ഫോണിലെ വാട്സാപ്പ് ചാറ്റുകളും വിവരങ്ങളും ഡിലീറ്റ് ചെയ്താണ് ഹാജരാക്കിയത്.

ഇടപാടുകാരന്റെ ഫോണിൽനിന്ന് റെക്കോഡുചെയ്തുവെച്ച ദൃശ്യങ്ങൾ കാണിച്ചതോടെ വീഴ്ച സമ്മതിച്ച് ഡെപ്യൂട്ടി കമ്മിഷണർ കീഴടങ്ങി. താൻതന്നെയാണ് വിവരങ്ങൾ നശിപ്പിച്ചതെന്ന് അശോക് കുമാർ സമ്മതിച്ചു.

കോട്ടയത്തെ ചില ബാറുകൾ സമയത്തിനു ശേഷവും മുമ്പും പ്രവർത്തിക്കുന്നു, എക്സൈസ് ഉദ്യോഗസ്ഥർ പിരിവ് നടത്തുന്നു എന്നീ പരാതികൾ മന്ത്രിക്കടക്കം ലഭിച്ചിരുന്നു. എക്സൈസ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ കോട്ടയം ജില്ലയെ പേരെടുത്ത് പറഞ്ഞ് മന്ത്രി എം.ലിജു, വഴിവിട്ട ഇടപാടുകളും ബാറുകളുടെ പ്രവർത്തനങ്ങളും സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

രഹസ്യമായി പറയേണ്ട വിവരങ്ങൾ മന്ത്രി പരസ്യമായി പറഞ്ഞതിൽ പല മുതിർന്ന ഉദ്യോഗസ്ഥർക്കും അമർഷമുണ്ടായിരുന്നു. പരസ്യ താക്കീതിലും ഉദ്യോഗസ്ഥർ വഴങ്ങുന്നില്ലെന്ന് കണ്ടതോടെയാണ് രഹസ്യ ഓപ്പറേഷന് മന്ത്രി നിർദേശം നൽകിയത്. ഒന്നാം ഘട്ടത്തിൽ ചങ്ങനാശ്ശേരി ന്യൂയോർക്ക്‌ സ്‌ക്വയർ ബാറിലെയും പഞ്ചവടി ബാറിലെയും മാനേജർമാരെ കണ്ട് മൊഴി രേഖപ്പെടുത്തി.

നാല്‌ ബാറുകളിൽ നിന്നായി അശോക്‌ കുമാർ 55,000 രൂപ കൈപ്പറ്റിയെന്ന് ഉറപ്പിച്ചു. 26,000 രൂപ നാല് കവറുകളിലായി സിവിൽ എക്സൈസ് ഓഫീസർ എ.എസ്‌. വിശാഖ്‌, ലാലു തങ്കച്ചൻ എന്നിവർ കൈപ്പറ്റിയെന്നും മാനേജർമാർ പറഞ്ഞിരുന്നു. ഹോട്ടലുകളിലെയും ബാറുകളിലെയും സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിച്ച് മൊഴി സ്ഥിരീകരിച്ചു.

എക്സൈസുകാർ മദ്യം കൊണ്ടുപോകുന്നതടക്കമുള്ള ദൃശ്യങ്ങളും കിട്ടി. മാനേജർമാർ, ഉടമകൾ എന്നിവരുമായി എക്സൈസ് സംഘം നടത്തിയ വിളിയുടെ വിവരങ്ങൾ ശേഖരിച്ചപ്പോൾ മദ്യക്കടത്ത്, പണപ്പിരിവ് എന്നിവയുടെ കൂടുതൽ വിവരങ്ങളും കിട്ടി.

മൂന്നുദിവസം മുമ്പ് കമ്മിഷണർ കോട്ടയത്ത് വന്ന് ഒരു ബാർ ഹോട്ടലിൽ മുറിയെടുത്ത് നീക്കങ്ങൾ നിരീക്ഷിച്ചു. വിവരങ്ങൾ ചോരാതിരിക്കാൻ കർണാടകയിലേക്ക് പോവുകയാണെന്ന് അറിയിച്ചശേഷം തിരുവനന്തപുരത്തുനിന്ന് ഔദ്യോഗിക വാഹനം ഒഴിവാക്കിയാണ് കോട്ടയത്തെത്തിയത്.

Content Highlights: Excise Commissioner Seeram Sambasiva Rao led a secret operation in Kottayam. Deputy Commissioner S. Ashok Kumar and other officials caught taking bribes. A WhatsApp call to a middleman acted as crucial digital evidence. Action taken following complaints of illegal bar operations and extortion.