സൈബർ തട്ടിപ്പ്: കെണിയൊരുക്കി ലോൺ ആപ്പുകൾ, പണം സമാഹരിക്കാൻ എറണാകുളത്ത് അക്കൗണ്ട്, കടത്തിയത് 1651 കോടി

കൊച്ചി: ഓൺലൈൻ തട്ടിപ്പ് വഴി സിങ്കപ്പൂരിലെ കമ്പനികളിലേക്ക് രാജ്യത്തുനിന്ന് 1651.7 കോടി രൂപ കടത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണ റിപ്പോർട്ട്. ലോൺ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് നാലുപേരെ വ്യാഴാഴ്ച ഇഡി കൊച്ചിയിൽ അറസ്റ്റുചെയ്തിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ടിലാണ് വിവിധ അക്കൗണ്ടുകളിൽ എത്തുന്ന പണം സമാഹരിക്കുന്നത് എറണാകുളം നഗരത്തിലെ സ്വകാര്യ ബാങ്കിലാണെന്നത് ഉൾപ്പെടെയുള്ള വിവരങ്ങളുള്ളത്.
സോഫ്‌റ്റ് വെയർ ഇറക്കുമതി, ഡിജിറ്റൽ സർവീസുകൾ, ട്രാവൽ സർവീസുകൾ എന്നിവയുടെ പേരിൽ വ്യാജരേഖ ഉണ്ടാക്കി പണം സിങ്കപ്പൂർ കമ്പനികളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചാണ് തട്ടിപ്പുകാർ രാജ്യത്തുനിന്ന് പണം കടത്തിയത്. ഇവയിൽ ഭൂരിഭാഗവും കടലാസ് കമ്പനികളാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പണം സമാഹരിക്കാൻ എറണാകുളത്തെ അക്കൗണ്ട്
ഓൺലൈൻ തട്ടിപ്പുകളിലൂടെ വിവിധ വാടക അക്കൗണ്ടുകളിൽ നിന്നുള്ള തുക സമാഹരിക്കുന്നത് എറണാകുളത്തെ സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലാണെന്നും ഇ.ഡി. റിപ്പോർട്ടിൽ പറയുന്നു. ലോൺ തട്ടിപ്പ് കൂടാതെ ഓൺലൈൻ ഗാംബ്ലിങ്, ഗെയിമിങ്, ഇൻവെസ്റ്റ്‌മെന്റ് തുടങ്ങിയവ വഴിയും ഈ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടുണ്ട്.
കേരളത്തിലെ പത്ത് സൈബർ തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ടാണ് ചെന്നെ സ്വദേശികളായ നാലുപേരെ ഇഡി വ്യാഴാഴ്ച അറസ്റ്റുചെയ്തത്. ഡാനിയേൽ സെൽവകുമാർ, കതിരവൻ രവി, ആന്റോ പോൾ പ്രകാശ്, അലൻ സാമുവേൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ കതിരവന്റെ അക്കൗണ്ടിലൂടെ മാത്രം 100 കോടിയിലേറെ രൂപ കൈമാറിയിട്ടുണ്ട്.
ആപ്പിലാക്കുന്ന ആപ്പുകൾ
വാട്ട്‌സ്ആപ്പ് വഴിയാണ് പ്രധാനമായും തട്ടിപ്പുകാർ ഇരയാക്കപ്പെട്ടവരുമായി ബന്ധപ്പെടുന്നത്. ലോൺ ലഭിക്കുന്നതിനായി ഒരു പ്രത്യേക ആപ്പ് ഉപഭോക്താക്കളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം. ഇവ ആപ്പ് സ്റ്റോറിലോ പ്ലേ സ്റ്റോറിലോ ലഭ്യമായിരിക്കില്ല. വാട്ട്‌സ്ആപ്പ് വഴി എപികെ ഫയലായോ ലിങ്കായോ ആകും ഇവ അയച്ചുതരിക. മറ്റു സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളാകും ഇതിനായി ഉപയോഗിക്കുന്നത്.
ലോൺ ലഭിക്കാൻ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് വിവരങ്ങൾ നൽകണം. ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോൺ ഹാക്ക് ചെയ്യപ്പെടുന്നു. ഫോണിലെ കോൺടാക്ടുകളും ഫോട്ടോകളുമെല്ലാം തട്ടിപ്പുകാരുടെ കയ്യിലെത്തും. പിന്നീട് ചിത്രങ്ങൾ മോർഫ് ചെയ്തും മറ്റും ഭീഷണിപ്പെടുത്തി വലിയ തുക തട്ടിയെടുക്കുക എന്നതാണ് തട്ടിപ്പുകാരുടെ രീതി.
Content Highlights: Enforcement Directorate busts ₹1651.7 crore online loan scam linked to Singaporean companies.