സിനഗോഗ് തീവെപ്പ് കേസ്: മുമ്പും കെട്ടിടങ്ങൾക്ക് തീവെച്ചിട്ടുണ്ട്; എല്ലാം ബിഷ്ണോയ് സംഘത്തിന്റെ നിർദേശപ്രകാരമെന്ന് എബിൻ

കൊച്ചി: എറണാകുളത്തെ ജൂത ആരാധനാലയമായ കൊച്ചി കടവുംഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട കേസിൽ അറസ്റ്റിലായ പ്രതി എബിൻ പോളിനെതിരെ കൂടുതൽ കൂടുതൽ നിയമനടപടികളുമായി പോലീസ്. ചോദ്യം ചെയ്യലിനിടെ പ്രതി നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കുമേൽ പുതിയ കേസുകൾ ചുമത്തിയിരിക്കുന്നത്.
ചോദ്യം ചെയ്യലിൽ മൂവാറ്റുപുഴയിൽ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടം ആക്രമിച്ചതിലും, ഒരു യൂസ്ഡ് കാർ ഷോറൂമിൽ തീയിട്ടതിലും ഇയാൾക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ രണ്ട് സംഭവങ്ങളിലും മൂവാറ്റുപുഴ പോലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ജനുവരിയിലും മാർച്ചിലുമായാണ് ഈ ആക്രമണങ്ങൾ നടന്നത്. യൂസ്ഡ് കാർ ഷോറൂമിൽ തീവെപ്പ് നടത്തിയതും താനാണെന്ന് ചോദ്യം ചെയ്യലിൽ എബിൻ സ്വമേധയാ സമ്മതിക്കുകയായിരുന്നു. പ്രതിയെ കണ്ടെത്താനാകാതിരുന്ന ഈ പഴയ കേസിൽ എബിനെ ഇപ്പോൾ പ്രതി ചേർത്തിട്ടുണ്ട്.
ഇതിൽ, മൂവാറ്റുപുഴയിലെ ആൾതാമസമില്ലാത്ത കെട്ടിടത്തിന്റെ പ്രധാന വാതിൽ കത്തിക്കുകയും ജനൽച്ചില്ലകൾ തകർക്കുകയും ചെയ്ത സംഭവത്തിലും പോലീസ് എബിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. സ്ഫോടകവസ്തുവോ തീയോ ഉപയോഗിച്ച് കെട്ടിടം തകർക്കാൻ ശ്രമിച്ചതിന് ഐ.പി.സി. 326 ജി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എഫ്.എസ്.എല്ലിൽ (FSL) നിന്ന് പ്രതിയുടെ ഫോൺ ചാറ്റുകളുടെ മിറർ ഇമേജുകൾ ലഭിച്ചതോടെ മറ്റ് നിർണായക വിവരങ്ങൾ കൂടി പുറത്തുവന്നത്. അധോലോക ക്വട്ടേഷൻ സംഘത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ എബിൻ അംഗമായിരുന്നു എന്നാണ് ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്നും ലഭിക്കുന്ന വിവരം.
ഈ ഗ്രൂപ്പിലെ അംഗമായ വിക്രം സിംഗിന്റെ നിർദ്ദേശപ്രകാരമാണ് എബിൻ മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിൽ തീവെപ്പ് നടത്തിയത്. 'എസ്.ആർ' അഥവാ 'ബോസ്' എന്ന അംഗത്തിന്റെ നിർദ്ദേശപ്രകാരമാണ് കൊച്ചി കടവുംഭാഗം സിനഗോഗിന് മുന്നിൽ തീയിട്ടത് എന്നും എബിൻ പറയുന്നു.
അതേസമയം, ഈ വാട്സ്ആപ്പ് ഗ്രൂപ്പ് വ്യാജമായി നിർമ്മിച്ചതാണോ അതോ യഥാർത്ഥ ഗ്രൂപ്പ് തന്നെയാണോ ഇതിന് പിന്നിൽ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. എബിൻ പഠിച്ച സ്ഥാപനത്തിൽ നിന്നു വിവരങ്ങൾ ശേഖരിക്കുന്നതിനായി പോലീസ് അന്വേഷണം പുണെയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
പ്രതിയുടെ ടെലഗ്രാം ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി പോലീസ് ടെലഗ്രാമിനും കത്തയച്ചിട്ടുണ്ട്. ഇതിന്റെ മറുപടി ലഭിച്ച ശേഷം പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ദേശീയ അന്വേഷണ ഏജൻസി (NIA) ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളും കേസിൽ വിവരശേഖരണവും ചോദ്യം ചെയ്യലും നടത്തിവരുന്നുണ്ട്.
Content Highlights: Police have intensified legal actions against Ebin Paul, who was arrested for arson at the Kochi Kadavumbhagam Synagogue, based on his confessions linking him to other crimes, including attacks on a vacant building and a used car showroom in Muvattupuzha. Ebin admitted to setting fire to the used car showroom under the direction of Vikram Singh from a WhatsApp group associated with underworld figure Lawrence Bishnoi, and to the synagogue arson under instructions from another group member.