ചെന്താമരയെ കാത്തിരിക്കുന്നതെന്ത്? കൊലക്കേസ് പ്രതി വീണ്ടും കൊലപാതകം നടത്തിയാല്‍ വധശിക്ഷയോ?

നെന്മാറ ഇരട്ട കൊലപാതകക്കേസിൽ പോലീസ് അറസ്റ്റ് ചെയ്ത ചെന്താമരയെ ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്  മജിസ്ട്രേറ്റ് കോടതിയിലേക്ക് കൊണ്ടുപോകുന്നു | ഫോട്ടോ:  പി.പി. രതീഷ് / മാതൃഭൂമി
നെന്മാറ ഇരട്ട കൊലപാതകക്കേസിൽ പോലീസ് അറസ്റ്റ് ചെയ്ത ചെന്താമരയെ ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി

കൊച്ചി: കൊലപാതകക്കേസില്‍ പ്രതിയായി തടവില്‍ക്കഴിയവെ ജാമ്യത്തിലിറങ്ങി വീണ്ടും കൊലപാതകം നടത്തിയാല്‍ വധശിക്ഷയടക്കം അധികശിക്ഷയെന്ന് നിയമത്തില്‍ ഇപ്പോള്‍ പ്രത്യേകം പറയുന്നില്ല. കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ക്കഴിയവെ മറ്റൊരു കൊലപാതകം നടത്തിയാല്‍ വധശിക്ഷ വിധിക്കണമെന്നായിരുന്നു 1983 വരെയുള്ള നിയമം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ (ഐ.പി.സി.) വകുപ്പ് 303-ലായിരുന്നു ഇത് പറഞ്ഞിരുന്നത്.

എന്നാല്‍, 'മിഥു കേസില്‍' സുപ്രീംകോടതി ഈ വകുപ്പ് ഭരണഘടനാവിരുദ്ധം എന്ന് വിലയിരുത്തി റദ്ദാക്കി. പൗരന്റെ തുല്യാവകാശത്തിനും ജീവിക്കാനുള്ള അവകാശത്തിനും എതിരാണെന്ന് വിലയിരുത്തിയായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.

അതേസമയം കൊലപാതകക്കേസില്‍ പ്രതിയായ വിചാരണത്തടവുകാരന്‍ ജാമ്യത്തിലിറങ്ങി വീണ്ടും കൊലപാതകം നടത്തിയാല്‍ പ്രത്യേകം ശിക്ഷ എന്നത് നിയമത്തില്‍ ഉണ്ടായിരുന്നില്ല.

ബച്ചന്‍ സിങ് കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിനെത്തുടര്‍ന്ന് കൊലപാതകക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വം എന്ന് വിലയിരുത്തുമ്പോഴാണ്.

കൊലപാതകക്കേസില്‍ വിചാരണത്തടവുകാരനായി കഴിയവെ ജാമ്യത്തിലിറങ്ങി ഇരട്ടക്കൊലപാതകം നടത്തുന്നതും അപൂര്‍വങ്ങളില്‍ അപൂര്‍വമായി വിലയിരുത്തിയേക്കാം. എന്നാല്‍, ചെന്താമരയുടെ പേരിലുള്ള ആദ്യകേസ് തെളിയിക്കപ്പെടേണ്ടതുണ്ടെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

പ്രധാനകേസുകള്‍ അല്ലെങ്കില്‍ കൊലപാതകക്കേസിലും പ്രതികള്‍ക്ക് വിചാരണവേളയില്‍ ജാമ്യം അനുവദിക്കുന്നത് സാധാരണമാണ്. എന്നാല്‍, ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന പരാതിയുണ്ടായാല്‍ കോടതികള്‍ ജാമ്യം റദ്ദാക്കുന്നതാണ് പതിവ്.

Content Highlights: Double Murder, Punishment