അമൃതയുടേത് മാത്രമല്ല, കൊല്ലപ്പെട്ട യുവാവിന്റെ ഹാര്‍ഡ് ഡിസ്‌കില്‍ 15-ലേറെ യുവതികളുടെ അശ്ലീലദൃശ്യങ്ങള്‍; ഞെട്ടല്‍

ന്യൂഡല്‍ഹി: ലിവ് ഇന്‍ പങ്കാളിയായ യുവതിയും മുന്‍ കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ യുവാവിന്റെ പക്കല്‍ കൂടുതല്‍ യുവതികളുടെ അശ്ലീല വീഡിയോകളുണ്ടെന്ന് പോലീസ്. ഡല്‍ഹിയില്‍ കൊല്ലപ്പെട്ട രാംകേശ് മീണയുടെ ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചതോടെയാണ് 15-ലേറെ സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തത്. ഇത് സ്ത്രീകളുടെ സമ്മതത്തോടെ പകര്‍ത്തിയതാണോ അതോ രഹസ്യമായി പകര്‍ത്തി സൂക്ഷിച്ചതാണോ എന്നതില്‍ വ്യക്തതയില്ല. ദൃശ്യങ്ങള്‍ പരിശോധിച്ച് ഈ യുവതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇവരില്‍നിന്ന് മൊഴിയെടുക്കുമെന്നും പോലീസ് പറഞ്ഞു.
ഡല്‍ഹി ഗാന്ധിവിഹാറില്‍ താമസിക്കുന്ന രാംകേശ് മീണ(32)യെയാണ് ഒപ്പംതാമസിച്ചിരുന്ന അമൃത ചൗഹാനും(21) കൂട്ടാളികളും കൊലപ്പെടുത്തിയത്. രാംകേശ് മീണയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം ഫ്ളാറ്റിലിട്ട് കത്തിക്കുകയായിരുന്നു. സംഭവത്തില്‍ അമൃത ചൗഹാനെയും മുന്‍കാമുകനായ സുമിത് കശ്യപിനെയും സുഹൃത്തായ സന്ദീപ് കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തന്റെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ പകയിലാണ് രാംകേശ് മീണയെ കൊലപ്പെടുത്തിയതെന്നായിരുന്നു മുഖ്യപ്രതിയായ അമൃത ചൗഹാന്റെ മൊഴി. അമൃതയും രാംകേശ് മീണയും ഇക്കഴിഞ്ഞ മേയ് മാസം മുതലാണ് ഒരുമിച്ച് താമസം ആരംഭിച്ചത്. ഒരുമിച്ച് താമസിക്കുന്നതിനിടെ രാംകേശ് മീണ തന്റെ നിരവധി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ഇവയെല്ലാം ഹാര്‍ഡ് ഡിസ്‌കിലാക്കി സൂക്ഷിച്ചെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്. ഇക്കാര്യമറിഞ്ഞതോടെ ഹാര്‍ഡ് ഡിസ്‌കില്‍നിന്ന് ദൃശ്യങ്ങള്‍ നീക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ദൃശ്യങ്ങള്‍ നീക്കംചെയ്യാന്‍ രാംകേശ് മീണ തയ്യാറായില്ല. തുടര്‍ന്നാണ് തന്റെ മുന്‍ കാമുകനായ സുമിത് കശ്യപിനെ വിവരമറിയിച്ചത്. ഇതുകേട്ടതോടെ രാംകേശ് മീണയെ ഒരു പാഠം പഠിപ്പിക്കണമെന്ന് സുമിത് കശ്യപ് പറഞ്ഞു. തുടര്‍ന്നാണ് സുഹൃത്തായ സന്ദീപ് കുമാറിനെയും കൂട്ടി കൊലപാതകം ആസൂത്രണംചെയ്തതെന്നും ഒക്ടോബര്‍ അഞ്ചിന് രാത്രി കൃത്യം നടത്തിയതെന്നും യുവതി മൊഴിനല്‍കിയിരുന്നു.
കൃത്യം നടത്തിയശേഷം രാംകേശ് മീണയുടെ ലാപ്ടോപ്പും ഹാര്‍ഡ് ഡിസ്‌ക്കും പ്രതികള്‍ കൈക്കലാക്കിയിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്തപ്പോള്‍ ലാപ്ടോപ്പും ഹാര്‍ഡ് ഡിസ്‌ക്കും പോലീസ് പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹാര്‍ഡ് ഡിസ്‌ക്കില്‍ കൂടുതല്‍ സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങള്‍ കണ്ടെത്തിയത്. ലാപ്ടോപ്പ് ഉപയോഗിച്ചാണ് പ്രതി മിക്കദൃശ്യങ്ങളും പകര്‍ത്തിയിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ മൊറാദ്ബാദ് സ്വദേശിനിയായ അമൃത ചൗഹാന്‍ ഫൊറന്‍സിക് സയന്‍സ് ബിരുദവിദ്യാര്‍ഥിനിയാണ്. ക്രൈം വെബ്‌സീരിസുകളുടെ സ്ഥിരം പ്രേക്ഷകയായിരുന്ന അമൃതയ്ക്ക് കൊലപാതകം നടത്താന്‍ ഇത്തരം സീരിസുകളും പ്രചോദനമായെന്നും പോലീസ് പറഞ്ഞു.
ഒക്ടോബര്‍ ആറാം തീയതിയാണ് തിമര്‍പുര്‍ ഗാന്ധിവിഹാറിലെ ഫ്ളാറ്റിനുള്ളില്‍ രാംകേശ് മീണയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്. ഫ്ളാറ്റില്‍ തീപിടിത്തമുണ്ടായമെന്ന വിവരമറിഞ്ഞ് പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി തീയണച്ചതിന് പിന്നാലെയാണ് യുവാവിന്റെ മൃതദേഹം കണ്ടത്. മരിച്ചത് രാംകേശ് മീണ തന്നെയാണെന്നും പോലീസ് സ്ഥിരീകരിച്ചു.
നാലാംനിലയിലെ ഫ്ളാറ്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായി യുവാവ് മരിച്ചെന്നാണ് ആദ്യം എല്ലാവരും കരുതിയിരുന്നത്. എന്നാല്‍, യുപിഎസ്സി പരീക്ഷയ്ക്കായി തയ്യാറെടുത്തിരുന്ന രാംകേശ് മീണയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം പരാതിപ്പെട്ടു. ഇതോടെ പോലീസ് സംഘം വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു. ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് മുഖംമറച്ച് രണ്ടുപേര്‍ ഇവിടെ എത്തിയതായി പോലീസ് കണ്ടെത്തിയത്. ഫ്ളാറ്റില്‍ തീപിടിത്തമുണ്ടാകുന്നതിന് തലേദിവസം രാത്രിയാണ് ഇവര്‍ വന്നിരുന്നത്. ഇതിലൊരാള്‍ ഏതാനുംസമയത്തിന് ശേഷം പുറത്തുപോയി. ഇതിനുപിന്നാലെ മുഖംമറച്ച രണ്ടാമത്തെയാളും ഒരു യുവതിയും ഒരുമിച്ച് പുറത്തുപോകുന്നതും ദൃശ്യങ്ങളില്‍ കണ്ടെത്തി. ഇവര്‍ കെട്ടിടത്തില്‍നിന്ന് പോയതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായതെന്നും വ്യക്തമായി.
സിസിടിവി ദൃശ്യങ്ങളില്‍ കണ്ട യുവതി രാംകേശിനൊപ്പം താമസിച്ചിരുന്ന അമൃത ചൗഹാനാണെന്ന് പോലീസ് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞിരുന്നു. തീപിടിത്തമുണ്ടായ സമയം അമൃത ഇവിടെ ഉണ്ടായിരുന്നതായി മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയിലും സ്ഥിരീകരിച്ചു. എന്നാല്‍, സംഭവത്തിന് പിന്നാലെ അമൃത മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫാക്കി കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് വിവിധയിടങ്ങളിലെ തിരച്ചിലിന് ശേഷം ഒക്ടോബര്‍ 18-ന് പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലില്‍ രാംകേശിനെ കൊലപ്പെടുത്തിയതാണെന്നും സഹായത്തിനായി രണ്ടുപേര്‍ ഉണ്ടായിരുന്നതായും യുവതി വെളിപ്പെടുത്തി. തുടര്‍ന്നാണ് അമൃതയുടെ മുന്‍കാമുകന്‍ സുമിത് കശ്യപിനെയും സന്ദീപ് കുമാറിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
സുമിത് ഒരു എല്‍പിജി വിതരണകേന്ദ്രത്തിലാണ് ജോലിചെയ്യുന്നത്. അതിനാല്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടാല്‍ അത് പൊട്ടിത്തെറിക്കാന്‍ എത്രസമയം വേണ്ടിവരുമെന്നും എങ്ങനെ അപകടമുണ്ടാകുമെന്നുമെല്ലാം ഇയാള്‍ക്ക് അറിയാമായിരുന്നു. ഇതിനുപിന്നാലെയാണ് സുമിത്തും അമൃതയും സഹായത്തിനായി സുഹൃത്തായ സന്ദീപ് കുമാറിനെയും കൂടെക്കൂട്ടിയത്.
ഒക്ടോബര്‍ അഞ്ചിനാണ് സുമിതും സന്ദീപും രാംകേശും അമൃതയും താമസിക്കുന്ന ഫ്ളാറ്റിലെത്തിയത്. ഫ്ളാറ്റില്‍വെച്ച് സുമിതും സന്ദീപും ചേര്‍ന്ന് രാംകേശിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പിച്ചതോടെ മൃതദേഹം കത്തിക്കാനായിരുന്നു തീരുമാനം. ഇതിനായി എണ്ണയും നെയ്യും വൈനും മൃതദേഹത്തിലൊഴിച്ചു. പിന്നാലെ അടുക്കളയിലെ ഗ്യാസ് സിലിണ്ടറും തുറന്നിട്ടു. മുറിയില്‍ ഗ്യാസ് നിറഞ്ഞതോടെ ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തിയശേഷം പ്രതികള്‍ വാതില്‍പൂട്ടി പുറത്തിറങ്ങി. തുടര്‍ന്ന് പ്രതികള്‍ ഫ്ളാറ്റില്‍നിന്ന് പോയതിന് പിന്നാലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വലിയ തീപിടിത്തമുണ്ടാവുകയായിരുന്നു. ഫ്ളാറ്റില്‍നിന്ന് മടങ്ങുന്നതിന് മുന്‍പ് രാംകേശിന്റെ രണ്ട് ലാപ്ടോപ്പുകളും ഹാര്‍ഡ് ഡിസ്‌ക്കും പ്രതികള്‍ കൈക്കലാക്കിയിരുന്നതായി പോലീസ് പറഞ്ഞു. ഇവയെല്ലാം പ്രതികളില്‍നിന്ന് കണ്ടെടുത്തതായും ഇവരുടെ മൊബൈല്‍ഫോണുകളടക്കം പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.
Content Highlights: Live-in Partner and Ex-Boyfriend Arrested in Delhi Murder; Victim's Hard Drive Reveals Over 15 Women's Private Footage