സ്റ്റേഡിയത്തിലെ ശുചിമുറിയിൽ ഒളി ക്യാമറവെച്ച് ദൃശ്യങ്ങൾ പകർത്തി,യുവതിയെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമം

ബെംഗളൂരു: ബെംഗളൂരു കോറമംഗല ഇൻഡോർ സ്റ്റേഡിയത്തിലെ വനിതാ ശുചിമുറിയിൽ യുവതിയുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയതായി പരാതി. ഫെബ്രുവരി 6 മുതൽ 8 വരെ നടന്ന വനിതാ ത്രോബോൾ, ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് യെലഹങ്ക സ്വദേശിനിയായ 32കാരിക്ക് ദുരനുഭവം ഉണ്ടായത്. സ്റ്റേഡിയത്തിലെ ശുചിമുറി ഉപയോഗിക്കുന്നതിനിടെ ദൃശ്യങ്ങൾ പകർത്തിയതാണെന്ന് യുവതി ഫെബ്രുവരി 13-ന് സൈബർ ക്രൈം പോലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
പ്രതി യുവതിയുടെ സുഹൃത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ആദ്യം ബന്ധപ്പെട്ടത്. സുഹൃത്തിൽ നിന്നും വിവരമറിഞ്ഞ യുവതിയെ പിന്നീട് പ്രതി നേരിട്ട് ഭീഷണിപ്പെടുത്താൻ തുടങ്ങി. സ്വകാര്യ വീഡിയോ കോളുകൾ ചെയ്യണമെന്നും പണം നൽകണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. ആവശ്യങ്ങൾ നിറവേറ്റാത്ത പക്ഷം പകർത്തിയ സ്വകാര്യ ദൃശ്യങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോറമംഗലയിൽ ശുചിമുറികളിലെ സ്വകാര്യത ലംഘിക്കപ്പെടുന്ന ആദ്യത്തെ സംഭവമല്ല ഇത്. കഴിഞ്ഞ വർഷം ഏപ്രിൽ 25ന് ഇവിടുത്തെ പ്രമുഖ ഭക്ഷണശാലയായ ആനന്ദ് സ്വീറ്റ്സ് ആൻഡ് സേവറീസിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അന്ന് ശുചിമുറിയുടെ ഭിത്തിയിലെ വിടവിൽ ഒളിപ്പിച്ച ഫോൺ യുവതിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. റെസ്റ്റോറന്റ് ജീവനക്കാർ പരാതി നൽകുന്നതിൽ നിന്ന് യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതായും അന്ന് ആക്ഷേപം ഉയർന്നിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ ഒരു ടെക്നീഷ്യനാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് വ്യക്തമായി.
Content Highlights: Bengaluru woman secretly filmed in restroom & blackmailed. Cyber crime investigation launched. Protect your privacy – learn more & report incidents.