റഫിയും യേശുദാസും ചിത്രയും ഒരുമിച്ച പാട്ട്

മുഹമ്മദ് റഫി, കെ.ജെ. യേശുദാസ്, കെ.എസ്.ചിത്ര | ഫോട്ടോ :മാതൃഭൂമി
മുഹമ്മദ് റഫി, കെ.ജെ. യേശുദാസ്, കെ.എസ്.ചിത്ര | ഫോട്ടോ :മാതൃഭൂമി

മറ്റെന്തും ത്യജിക്കാം; മുഹമ്മദ് റഫിയെ മാത്രം ഉപേക്ഷിക്കാൻ പറയരുതെന്ന് കാമുകൻ. യേശുദാസിനെ വിട്ടൊരു കളിയുമില്ലെന്ന് കാമുകി. എങ്ങും കൂട്ടിമുട്ടാതെ സമാന്തരമായി ഒഴുകുന്ന അഭിരുചികളുടെ നദികൾ. കമിതാക്കളുടെ 'ആശയപരമായ' സംഘർഷം അവസാനിപ്പിക്കാൻ ഒടുവിൽ സംവിധായകൻ ഭദ്രന്റെ ഇടപെടൽ തന്നെ വേണ്ടിവന്നു. ഭദ്രന്റെ ബുദ്ധിയിൽ പൊട്ടിവിരിഞ്ഞ ആശയമാണല്ലോ ദേവഗായകനേയും ഗന്ധർവഗായകനെയും ഒരുമിപ്പിച്ച ആ അപൂർവഗാനം. പാട്ട് തുടങ്ങുന്നത് റഫിയുടെ സ്വർഗീയ നാദത്തിൽ: "തേരെ മേരെ സപ്നേ അബ് ഏക് രംഗ് ഹേ ...." ചരണത്തിലേക്കുള്ള ഒഴുക്കിലെങ്ങോ വെച്ച് യേശുദാസിലും ചിത്രയിലും ലയിച്ചുചേരുന്നു അത്. ഹിന്ദിയും മലയാളവും ഇടകലർന്ന ഒരു 'മണിപ്രവാള'ഗാനം.
"ചന്ദ്രൻ മോഹിച്ച പെണ്ണേ നക്ഷത്രം നിന്നെ വിളിച്ചു
വിൺമാളികക്കുള്ളിലെങ്ങോ മേഘങ്ങൾ രാവാട നെയ്തു
വൈകുന്നതെന്തേ നീയെന്നും
ദൂരെ ദൂരെ ദൂരത്തായ് നമ്മൾ നിൽക്കുന്നെങ്കിലും
ആ ദൂരം പോലും ചാരെയല്ലേ നീ ഞാനല്ലേ...."

പാട്ടുകേട്ട്  കാമുകൻ സന്തുഷ്ടൻ, കാമുകി അതിലേറെ സന്തുഷ്ട. പുറത്തിറങ്ങാതെ പോയ സിദ്ധാർത്ഥ (1988) എന്ന പടത്തിൽ റഫിയുടെ സുവർണ്ണ നാദത്തിന് അകമ്പടി സേവിച്ചുകൊണ്ട് യേശുദാസും ചിത്രയും പാടിയ ആ ഗാനത്തിന്റെ കഥ തിരഞ്ഞുപോകാൻ പ്രേരണയായത് എറണാകുളത്തേക്കുള്ള ജനശതാബ്ദി യാത്രയിൽ യാദൃച്ഛികമായി പരിചയപ്പെട്ട ഈ ദമ്പതികളാണ്. ഇരുവരും മുൻ സർക്കാർ ജീവനക്കാർ; പ്രേമിച്ചു വിവാഹിതരായവർ. സർവോപരി സംഗീതപ്രേമികൾ. ഭർത്താവിന് ഹിന്ദി പാട്ടുകളോടാണ് കമ്പം. മലയാളം പാട്ടുകളോട് അസാരം പുച്ഛവുമുണ്ട്. ഭാര്യക്കാകട്ടെ മലയാളം പാട്ടുകൾ ഒഴിച്ചുനിർത്തി ജീവിതമേയില്ല. യേശുദാസും ജാനകിയുമാണ്  ഊണിലും ഉറക്കത്തിലും കൂട്ട്. 

Content Highlights: When Yesudas Met Rafi The Untold Story of a Lost Malayalam-Hindi Duet

Continue reading