'മലയാളികളുടെ ഉള്ളിലൊരു നാഗവല്ലിയുണ്ട്, ചികിത്സിച്ചില്ലെങ്കിൽ അത് പുറത്തിറങ്ങി നൃത്തം തുടങ്ങും'

മണിച്ചിത്രത്താഴ് സിനിമയില്‍ ഗംഗ ചോദിക്കുന്നു. എനിക്ക് എന്ത് പറ്റി നകുലേട്ടാ? നകുലന്‍ പറയുന്നു. ഇല്ല നിനക്ക് ഒന്നും പറ്റിയില്ല. ഗംഗ സമ്മതിക്കുന്നില്ല. അല്ല. എനിക്ക് എന്തോ പറ്റി. എന്താ പറയ് ? നകുലനും വേദന കടിച്ചമര്‍ത്തി വീണ്ടും കള്ളം പറയുന്നു. നിനക്ക് ഒന്നും പറ്റിയില്ല. ഗംഗ വീണ്ടും സമ്മതിക്കാതെ വിതുമ്പുന്നു. അല്ല. എനിക്കെന്തോ ഉണ്ട്. എനിക്കെന്തോ പറ്റി...
തനിക്ക് മെന്റല്‍ ഇല്‍നെസ് ഉണ്ടോ എന്ന് സ്വയം സംശയിക്കുന്ന എല്ലാവരും ഗംഗയേപ്പോലെ ഉറ്റവരോടും ഉടയവരോടും ചോദിക്കും പറ എനിക്ക് എന്താ പറ്റിയത് ?. അല്ലെങ്കിൽ വെളിച്ചപ്പാട് കാട്ടുപറമ്പനെപ്പോലെ എല്ലാവരോടും ചോദിക്കും. പറ..എന്നെ ഇപ്പോ കണ്ടിട്ട് എന്തെങ്കിലും കുഴപ്പമുണ്ടോ ?. കടുത്ത മാനസിക സമ്മർദ്ദത്തിനിടിയിൽ എന്തെങ്കിലും താളപ്പിഴകൾ തോന്നി അടുപ്പമുള്ളവരോട് ചോദിച്ചു നോക്കൂ. ഉത്തരം കിട്ടില്ല. നിങ്ങൾ പക്ഷേ തനിച്ചല്ല. മലയാളികളുടെ പൊതുരീതിയാണ് അത്. ഓരോ മലയാളിയും മറ്റൊരു മലയാളിയോടും പറയുന്ന പൊതു മറുപടിയുമാണത്. ഇല്ല, നിനക്കൊന്നുമില്ല.
ഇത്തരം ചോദ്യങ്ങള്‍ക്ക് ആരും സത്യസന്ധമായ ഉത്തരം പറയില്ല. മെന്റല്‍ ഇല്‍നെസ് ശരീരത്തിലെ ദുര്‍ഗന്ധം പോലെയാണ്. നമ്മള്‍ ഏറ്റവും അവാസാനമേ അത് തിരിച്ചറിയുകയുള്ളൂ. അപ്പോഴേക്കും അത് ശ്വസിച്ച് ചുറ്റമുള്ളവരെല്ലാം ശ്വാസംമുട്ടിക്കഴിഞ്ഞിരിക്കും. എങ്കിലും ആരും അത് നിങ്ങളോട് തുറന്നു പറയില്ല. സിനിമയിൽ ഗംഗയും കാട്ടുപറമ്പനും നേരിടുന്ന മെന്റല്‍ ഇൽനെസിനെ ഡോ. സണ്ണിക്കുട്ടൻ ചികിത്സിച്ചുമാറ്റിയെന്നത് നേര്. പക്ഷേ ജീവിതത്തിൽ ഇവിടെ ഈ കേരളത്തിലെ നിരവധി മാടമ്പള്ളികളിൽ യഥാർഥ മെന്റല്‍ ഇൽനെസുകാർ രോഗമറിയാതെ, ചികിത്സയില്ലാതെ കഴിയുകയാണ്. ഫിസിക്കല്‍ ഇല്‍നെസ് വന്നാല്‍ ആരും നിര്‍ബന്ധിക്കേണ്ട. എല്ലാവരും ഡോക്ടറുടെ അടുത്തേക്ക് പോകും. എന്നാല്‍ വരുന്നത് മെന്റല്‍ ഇല്‍നെസ് ആണെങ്കിലോ. ആരും പോകില്ല. പലർക്കും തങ്ങളുടെ യഥാർത്ഥ പ്രശ്നം തിരിച്ചറിയാൻ കഴിയാറില്ല. കഴിയുന്നവർതന്നെ ചികിത്സകരെ സമീപിക്കാറുമില്ല.
Content Highlights: Explore the challenges and stigma surrounding mental health in Kerala