ആറാംദിവസം കത്തിയമര്‍ന്ന കബീര്‍ കൂള്‍ബാര്‍,2 ലിറ്റര്‍ മണ്ണെണ്ണയില്‍ ജീവിതം അവസാനിപ്പിച്ച ഡിഗ്രിക്കാരി

#പി അജിത് കുമാര്‍
പ്രതീകാത്മക ചിത്രം | Mathrubhumi
പ്രതീകാത്മക ചിത്രം | Mathrubhumi

പരപ്പനങ്ങാടിക്കാരനായ ഒരു സാധു കൂലിപ്പണിക്കാരന്‍. നാല് പെണ്‍കുട്ടികളാണ് ഇയാള്‍ക്ക്. നാല് പേരും പഠിക്കാന്‍ മിടുക്കികള്‍. അതില്‍ മൂന്നാമത്തെ കുട്ടി കോഴിക്കോട് ഫാഷന്‍ ഡിസൈനിങ് കോഴ്‌സിന് പഠിക്കുകയാണ്. സീസണ്‍ ടിക്കറ്റെടുത്ത് പരപ്പനങ്ങാടിയില്‍ നിന്ന് ട്രെയിനിലാണ് എന്നും കോഴിക്കോട്ടേക്കുള്ള യാത്ര. ലോക്കല്‍ ട്രെയിനായതിനാല്‍ മിക്കപ്പോഴും നല്ല തിരക്കായിരിക്കും. കുട്ടികള്‍ സ്ഥിരമായി വാതില്‍പ്പടിയില്‍ നിന്നും സ്റ്റെപ്പില്‍ ഇരുന്നുമാണ് യാത്ര ചെയ്യാറുള്ളത്. ഒരുദിവസം ട്രെയിന്‍ കോഴിക്കോട്ടെ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്ന സമയത്ത് ഈ കുട്ടി ട്രെയിനിന്റേയും പ്ലാറ്റ്‌ഫോമിന്റേയും ഇടയില്‍ കാല്‍ കുടുങ്ങി താഴേക്ക് വീണു. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഏറെ നേരം പിടിച്ചിട്ടു. സ്റ്റേഷനില്‍ നിന്ന് ഉടനെ ഞങ്ങള്‍ക്ക് സന്ദേശം ലഭിച്ചു. വണ്ടിക്കടിയില്‍ നിന്ന് കുട്ടിയെ പുറത്തെടുത്തപ്പോൾ കണ്ട ആ കാഴ്ച ഞങ്ങളെ പിടിച്ചുലച്ചുകളഞ്ഞു. അരയ്ക്ക് താഴേക്ക് ചോരയില്‍ മുങ്ങി വസ്ത്രം മുഴുവന്‍ കീറിപ്പറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു അവളുണ്ടായിരുന്നത്. പുറത്തെത്തിച്ച ഉടനെ കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്കയച്ചു. ട്രെയിന്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ പ്ലാറ്റ്‌ഫോം വിശദമായി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്. ട്രാക്കില്‍ അവളുടെ ഇടതുകാലിന്റെ മസില്‍ ഭാഗം വേര്‍പെട്ടുകിടക്കുന്നു!. റെയില്‍വേ സ്റ്റേഷനിലെ ജ്യൂസ് കടയില്‍ നിന്ന് വാങ്ങിയ ഐസില്‍ പൊതിഞ്ഞ് ആ മാംസക്കഷ്ണവുമായി ഞങ്ങളും ഉടനെ ആശുപത്രിയിലേക്ക് തിരിച്ചു.. 

ഒരിക്കല്‍ കുന്നംകുളം-കോഴിക്കോട് റോഡില്‍ പാറേമ്പാടം എന്ന സ്ഥലത്ത് മണല്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ചു. ലോറിയുടെ മുന്നിലെ ഒരു ടയര്‍ വിട്ടുപോയി. ഇവിടെ മെയിന്‍ ആക്‌സിലിന് ചുവട്ടിലായാണ് അപകടത്തില്‍പെട്ട ഓട്ടോയുടെ ഡ്രൈവര്‍ വീണുകിടന്നിരുന്നത്. ആളെ പരിചയമുണ്ട്, പലപ്പോഴായി അയാളുടെ വണ്ടിയില്‍ കയറിയിട്ടുണ്ട്. അപകടത്തില്‍ ഓട്ടോ ഡ്രൈവറുടെ വലത് കാല്‍പാദം മുറിഞ്ഞുപോയ നിലയിലാണുള്ളത്. കാലില്‍ നിന്ന് രക്തപ്രവാഹമാണ്. ലോറിയിലുണ്ടായിരുന്ന തോര്‍ത്ത് മുണ്ട് ഉപയോഗിച്ച് ഓട്ടോ ഡ്രൈവറുടെ കാലിലെ മുറിഞ്ഞഭാഗം കെട്ടിവെച്ചു. ഓട്ടോയില്‍ ആറായിരം രൂപ ഉണ്ടെന്നും അത് ചേട്ടനെ ഏല്‍പ്പിക്കണമെന്നും ബോധം നഷ്ടപ്പെടുന്നതിന് മുന്‍പ് അയാള്‍ പറഞ്ഞൊപ്പിച്ചു. അതിനിടെ ഓടിക്കൂടിയ നാട്ടുകാര്‍ ലോറിയുടെ ബോഡി തുറന്ന് മണല്‍ നീക്കാന്‍ തുടങ്ങി. ജാക്കി ഉപയോഗിച്ച് ലോറിയുടെ ഒരുവശം ഉയര്‍ത്തി ഓട്ടോ ഡ്രൈവറെ പുറത്തെടുത്തു. ബോധം നഷ്ടപ്പെട്ട യുവാവിനെ ജീപ്പില്‍ കയറ്റി ആശുപത്രിയിലേക്ക് അയച്ചു. യുവാവിന്റെ കാല്‍പാദത്തിന് വേണ്ടി ഞാനും പി.എ ജോണ്‍സണും പരതുന്നതിനിടെയാണ് അത് സംഭവിച്ചത്, ജാക്കി തെന്നിമാറി ലോറി ടപ്പേന്ന് താഴേക്ക് പതിച്ചു. ഞങ്ങള്‍ ലോറിക്കടിയില്‍ നിന്ന് യുവാവിനെ പുറത്തെടുത്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് ഇത് സംഭവിച്ചത്. ആരുടേയോ ഭാഗ്യം, കുറച്ച് സമയം കൂടി ഞങ്ങള്‍ വൈകിയിരുന്നെങ്കില്‍ അപ്രതീക്ഷിതമായ മറ്റൊരു ദുരന്തത്തിന് കൂടി ഞങ്ങള്‍ സാക്ഷികളായേനെ.. ചോരപ്പാടുകള്‍ കണ്ട സ്ഥലത്ത് മരക്കഷ്ണം ഉപയോഗിച്ച് മാന്തി നോക്കിയപ്പോള്‍ അവിടെ തള്ളവിരല്‍ കണ്ടു. കുറച്ചുകൂടി ആഴത്തില്‍ പരതിയപ്പോള്‍ പാദവും കിട്ടി. പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ പാദം ആശുപത്രിയിലെത്തിക്കുമോ എന്ന് സമീപത്തുണ്ടായിരുന്ന പോലീസുകാരനോട് ചോദിച്ചപ്പോള്‍ ട്രാഫിക്ക് ഡ്യൂട്ടിയിലാണെന്നറിയിച്ചു. വേറെ വഴിയൊന്നും ഇല്ലാതായപ്പോള്‍ അതുവഴി വന്ന ബൈക്കുകാരനോട് ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറി ആശുപത്രിയിലേക്ക് പാഞ്ഞു. മികച്ച ചികിത്സ കിട്ടിയാല്‍ പാദം തുന്നിച്ചേര്‍ക്കാന്‍ പറ്റുമെന്നായിരുന്നു പ്രതീക്ഷ.. 

Content Highlights: True stories from a firefighter`s life filled with rescues miracles and tragedies

Continue reading