മരവിച്ച ആ ശരീരം ഭാരതപ്പുഴയിൽ നിന്ന് കരയ്ക്കെത്തിച്ചപ്പോൾ ക്ഷേത്രപരിസരത്ത് കൂട്ടക്കരച്ചിലായിരുന്നു

FIRE&LIFE
#പി അജിത് കുമാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചില സംഭവങ്ങളുണ്ട്, മല പോലെ വന്ന്, എലി പോലെ അവസാനിക്കുന്നവ, ചിലത് ഞങ്ങള്‍ വിചാരിക്കുന്നതിലുമേറെ തീവ്രമായിപ്പോകാറുമുണ്ട്. വര്‍ഷങ്ങള്‍ നീണ്ട സര്‍വീസ് ജീവിതത്തില്‍ ഇത്തരത്തില്‍ എത്രയെത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നോ, അതില്‍ സന്തോഷവും ദുഃഖവും ഞെട്ടലും അത്ഭുതവുമെല്ലാമുണ്ട്.. 

ശബരിമല സന്നിധാനത്ത് മകരവിളക്കിനോടനുബന്ധിച്ചുള്ള ഡ്യൂട്ടിയിലായിരുന്നു രസകരവും എന്നാല്‍ കുറച്ച് മണിക്കൂറുകള്‍ ഞങ്ങളെ പരിഭ്രാന്തരാക്കുകയും ചെയ്ത ഒരു സംഭവമുണ്ടായത്. മകരവിളക്കിന് നാലു ദിവസം കൂടി ബാക്കിയുണ്ട്, സന്നിധാനത്തും നടപ്പന്തലിലും സന്നിധാനത്തേക്കുള്ള വഴികളിലും വലിയ ഭക്തജനത്തിരക്കാണ്. പുലര്‍ച്ചെ രണ്ട് മണി കഴിഞ്ഞപ്പോഴാണ് അയ്യപ്പന്റെ ഭൂതഗണങ്ങള്‍ക്ക് അപ്പം വഴിപാടായി സമര്‍പ്പിക്കുന്ന അപ്പാച്ചിമേട്ടില്‍ അപ്പം എറിയാന്‍ പോയ കര്‍ണാടകയില്‍ നിന്നുള്ള ഒരു സ്വാമിയെ കാണാതായ വിവരം ഞങ്ങള്‍ക്ക് കിട്ടിയത്. ഉടനെ  സന്നിധാനത്ത് നിന്നും റോപ്പ്, സ്ട്രെച്ചര്‍, ടോര്‍ച്ച് തുടങ്ങിയവയുമായി ഞങ്ങള്‍ പുറപ്പെട്ടു. സന്നിധാനത്ത് നിന്നും ഏകദേശം രണ്ടര കിലോമീറ്റര്‍ ദൂരമുണ്ട് അപ്പാച്ചിമേട്ടിലേക്ക്. വഴിയില്‍ നല്ല തിരക്കാണ്. ഞങ്ങള്‍ എത്തിയപ്പോഴേക്കും മരക്കൂട്ടത്ത് നിന്നുള്ള ടീം അവിടെ തിരച്ചില്‍ തുടങ്ങിയിരുന്നു. പോലീസും അയ്യപ്പസേവാസംഘം വളണ്ടിയര്‍മാരും സ്ഥലത്തുണ്ടായിരുന്നു. അഗാധമായ കൊക്കയാണ്. സമീപത്തെ മരത്തില്‍ വടം കെട്ടിയും ചെയര്‍ നോട്ടിലുമായി ഞങ്ങള്‍ ടോര്‍ച്ച് ലൈറ്റിന്റെ വെളിച്ചത്തില്‍ തിരച്ചില്‍ തുടങ്ങി. ജീവന്‍ തിരിച്ചുപിടിക്കലാണല്ലോ പ്രധാനം, പുലര്‍ച്ചെ വരെയാണ് ഞങ്ങള്‍ തിരച്ചില്‍ നടത്തിയത്. കൊക്കയില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കി രാവിലെയോടെ ഞങ്ങള്‍ തിരച്ചില്‍ നിര്‍ത്തുകയും ചെയ്തു. പക്ഷേ, കാണാതായ ആളിന്റെ കൂടെയുള്ള സ്വാമിമാര്‍ക്ക് അതില്‍ വിശ്വാസം വരുന്നില്ല. ഇനി എന്ത് ചെയ്യണമെന്ന് ആലോചിച്ച് ക്ഷീണിച്ച് തളര്‍ന്നിരിക്കുമ്പോള്‍ സന്നിധാനത്തെ മൈക്കില്‍ കൂടെ ഒരു അനൗണ്‍സ്‌മെന്റ് കേട്ടു, കാണാതായ ആള്‍ സന്നിധാനത്തെത്തിയിരിക്കുന്നു, കൂടെയുള്ള ആളുകളെ കാണാതായപ്പോഴാണ് അനൗണ്‍സ്‌മെന്റ് നടത്തിയതത്രേ..! 

Content Highlights: True stories from a firefighter`s life filled with rescues miracles and tragedies

Continue reading