'മമ്മൂട്ടിയാണ് എതിരാളി, എങ്ങാനും നറുക്ക് വീണാലോ, വേഷം കിട്ടിയാൽ ചരിത്രമാകും'

തമ്പി ആന്റണിയും മമ്മൂട്ടിയും
തമ്പി ആന്റണിയും മമ്മൂട്ടിയും

'അപ്രതീക്ഷിതമായാണ് അപരിചിതമായൊരു നമ്പറില്‍നിന്ന് അമേരിക്കയിലേക്ക് കോള്‍ വന്നത്. ഇന്ത്യയില്‍ നിന്നുള്ള നമ്പറായതിനാല്‍ വേഗമെടുത്ത് 'ഹലോ' പറഞ്ഞു.
'തമ്പി ആന്റണിസ്സാറല്ലേ'
'അതേ... ആരാണ്'
'ഞാന്‍ തിരുവനന്തപുരത്തുനിന്നു സുകുമാരന്‍ സാര്‍ പറഞ്ഞിട്ട് വിളിച്ചതാണ്. യുഗപുരുഷന്റെ പ്രൊഡക്ഷന്‍ മാനേജരാണ്. യുഗപുരുഷന്റെ കാസ്റ്റിംഗ് നടക്കുകയാണ്. സാറിന് നാട്ടിലേക്ക് ഉടനെ ഒന്നു വരാന്‍ പറ്റുമോ? സാറിനെക്കൂടി ഒന്നു ട്രൈ ചെയ്യാമെന്നാണ് സുകുമാരന്‍ സാര്‍ പറഞ്ഞത്.'
ആര്‍ സുകുമാരന്‍, ശ്രീനാരായണഗുരുവിന്റെ ജീവിതം പശ്ചാത്തലമാക്കി ഒരു പടം ചെയ്യാന്‍ പോകുന്നതായി എവിടെയോ വായിച്ചതോര്‍ത്തു. എങ്കിലും ഒരുറപ്പിനുവേണ്ടി ഞാന്‍ വീണ്ടും ചോദിച്ചു: 
'ആര്‍ സുകുമാരനാണോ'
'അതേ.'

ആദ്യം എനിക്കതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. യുഗപുരുഷനായ നാരായണ ഗുരുവിന്റെ വേഷമഭിനയിക്കാന്‍ കഴിയുന്നത് മഹാഭാഗ്യമാണല്ലോ! എന്തു വന്നാലും നാട്ടിലേക്കുപോകാന്‍ തീരുമാനിച്ചു. മൂന്നു പേരെയാണ് വേഷത്തിനായി ക്ഷണിച്ചിരിക്കുന്നതെന്നും അതിലൊന്നു മമ്മൂട്ടിയാണെന്നും വിളിച്ചയാള്‍ പറഞ്ഞു. മൂന്നാമനാരെന്ന് ഒരറിവുമില്ല. ഏതായാലും പോകണം. എങ്ങാനും ഗുരുവായാല്‍ അതു ചരിത്രമാകും! പക്ഷേ, പ്രശസ്തനടന്‍ മമ്മൂട്ടിയാണ് എതിരാളി! അപ്പോള്‍ സാധ്യത തീരെക്കുറവാണെന്നറിയാം. അഥവാ മമ്മൂട്ടി പിന്‍മാറിയാല്‍ കുറി എനിക്കു വീണാലോ! 
അങ്ങനെ, ചെറിയ പ്രതീക്ഷയോടെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചു. തിരുവനന്തപുരത്തിറങ്ങിയപ്പോള്‍ നേരംവെളുത്തുവരുന്നതേയുള്ളായിരുന്നു. കാര്‍ കാത്തുനിന്നിരുന്നു. ഡ്രൈവറുടെ കൂടെ വന്നത് എന്റെ നാട്ടുകാരനും കൂട്ടുകാരനുമായ ഷാഹുല്‍ ഹമീദായിരുന്നു എന്നത് അപ്രതീക്ഷിതമായിരുന്നു. പൊന്‍കുന്നത്തുവച്ച് വളരെ ചെറുപ്പത്തിലേ എനിക്കറിയാവുന്ന ആളായിരുന്നു ഷാഹുല്‍. അനന്തപുരിയില്‍ വന്നു സ്ഥിരതാമസമാക്കിയതുകൊണ്ട് വര്‍ഷങ്ങളായി കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ ആ കണ്ടുമുട്ടലിന്റെ സന്തോഷം വിവരണാതീതമായിരുന്നു. ഷാഹുല്‍ ഹമീദ്, ആര്‍ സുകുമാരനൊപ്പം ഒരു സഹായിയായി കൂടിയിരിക്കുകയായിരുന്നത്രേ! ഞങ്ങള്‍ പഴയ പൊന്‍കുന്നം വിശേഷങ്ങളൊക്കെ പങ്കുവയ്ക്കുന്നതിനിടെ വണ്ടി ലൊക്കേഷനിലെത്തി. അവിടെ എന്നെ ഗുരുവായി അണിയിച്ചൊരുക്കാന്‍ പട്ടണം റഷീദും കോസ്റ്റ്യൂമര്‍ സതീഷ് എസ്ബിയും കാത്തുനില്‍പ്പുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍. സംവിധായകന്‍ മുറിയില്‍ നിന്നിറങ്ങിവന്ന്, കഥാപാത്രത്തെപ്പറ്റിയും കഥാസന്ദര്‍ഭത്തെപ്പറ്റിയും വിശദമായി സംസാരിച്ചു. ദൂരയാത്ര കഴിഞ്ഞുള്ള ക്ഷീണംപോലും വകവയ്ക്കാതെ ആ ദിവസംതന്നെ ഗുരുവായി വേഷമിടാന്‍ റിഹേഴ്സല്‍ ചെയ്തു.

Content Highlights: Thampy Antony hollywood and malayalam film journey

Continue reading