പത്തോ അമ്പതോ രൂപ വിലയുള്ള ആ ചോറ്റുപാത്ര മൂടിക്ക് വേണ്ടി മാസങ്ങളോളം അയാള്‍ ആശുപത്രിയില്‍ കിടന്നു

കര്‍ണാടകയില്‍ ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്ജുന് വേണ്ടി കേരളം കണ്ണിമചിമ്മാതെ കാത്തിരുന്ന ദിവസങ്ങള്‍ പിന്നിടുന്നതേയുള്ളൂ. അര്‍ജുന്റെ പിതാവിനെ 45 വര്‍ഷങ്ങളായി എനിക്കറിയാം. ജീവിക്കാന്‍ വേണ്ടി പല തൊഴിലും എടുത്ത ഒരു മനുഷ്യന്. മക്കളൊക്കെ ഒരു നിലയ്ക്കായി. സ്വന്തമായി വീടായി. സന്തോഷത്തോടെ കഴിഞ്ഞ ആ കുടുംബത്തിനെയാണ് വിധി മണ്ണിടിച്ചിലിന്റെ രൂപത്തില്‍ സങ്കടത്തിലാഴ്ത്തിയത്. അര്ജുന് കേരളത്തിന്റെ ദുഃഖമായി തുടരുന്നതിനിടെയാണ് വയനാട് ചൂരല്‍മലയില്‍ നിന്നുള്ള ദുരന്തവാര്‍ത്തയെത്തിയത്. ഒരൊറ്റ രാത്രികൊണ്ട്, വിരലിലെണ്ണാവുന്ന സെക്കൻഡുകള്‍ക്കുള്ളില്‍ ജീവന് നഷ്ടപ്പെട്ടവര്‍, രാവ് പുലരും മുന്‍പേ വീടോ കുടുംബമോ വിലാസമോ ഇല്ലാതെ അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെട്ടവര്‍. ജീവന്റെ ഒരു കണികയെങ്കിലും ബാക്കിയുണ്ടോയെന്ന് അന്വേഷിച്ച് ദുരന്തഭൂമിയിലെങ്ങും അരിച്ചുപെറുക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍. സ്വര്‍ഗം പോലൊരു നാടിതാ നരകതുല്യമായിരിക്കുന്നു, കാണാമറയത്തേക്ക് പോയവരെ കാത്തിരിക്കുകയാണ് ഉറ്റവരും ഉടയവരും. വയനാടിന്റെ വിലാപം കേരളവും ഏറ്റെടുത്തിരിക്കുകയാണ്. ഇനി അവര്‍ക്ക് വേണ്ടി ചെയ്യാന്‍ പറ്റുക നമുക്ക് ഓരോരുത്തര്‍ക്കുമാണ്.
ഷിരൂരും വയനാടും മനസ്സിനെ ഉലച്ചിരിക്കുമ്പോഴാണ് സര്‍വീസ് ജീവിതത്തില്‍ ഞാന്‍ നേരിട്ട ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലും ഓര്‍മ്മയില്‍ വരുന്നത്. കോഴിക്കോട്ടെ പുല്ലൂരാംപാറയും കണ്ണപ്പന് കുണ്ടും പെരിങ്ങാവും കാക്കൂരും പന്തീരാങ്കാവും പെരുമണ്ണയും നഗരത്തിലെ കല്ലായ് റോഡിലും രാവും പകലും പണിയെടുത്ത മണ്ണിടിച്ചല്‍ ദിവസങ്ങള്‍. ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ 2018ലെ പ്രളയകാലത്തെ ദുരിതത്തെ കുറിച്ച് പറയാന്‍ വാക്കുകള്‍ പോരാ.
Content Highlights: service life of a fireman p ajith kumar writes