'ശരീരം പതുക്കെ ഒരു മരണവീടായി, ഉള്ളിലൊരാള്‍ക്ക് മരണവെപ്രാളം തുടങ്ങി, അടിവയറ്റില്‍ ചുഴലിക്കാറ്റടിച്ചു'

ആയോ ?
ഒരു മാസത്തെ കാത്തിരിപ്പും ആധിയും അവര്‍ക്കിടയില്‍ തുടങ്ങുന്നത് ഈ ഒരൊറ്റ ചോദ്യത്തില്‍ നിന്നാണ്. ഉത്തരത്തിലെ തണുപ്പ് ഇരച്ചു കയറുന്ന പേടിയുടേതു കൂടെയാണ്. ചിലപ്പോള്‍ ചോദ്യം വരും മുന്‍പേ, അല്ലെങ്കില്‍ അന്ന് രാത്രിക്കു മുന്‍പേ ആവും. അടിവയറ്റില്‍ കുത്തിപിടിച്ച് വേദന വരും. ചോരച്ചാലുകളും കണ്ണീര്‍ത്തുള്ളികളും വല്ലാതെ വിഷമിപ്പിക്കും.
ഇത്തവണ നേരത്തെ പിരീഡ്സ് ആവുമെന്ന് നിമിഷ പറഞ്ഞിരുന്നു. സൗമ്യനെങ്കിലും രാജീവിന് ആശങ്കകള്‍ ഉള്ളിലുണ്ട്. അയാളെ ഓര്‍ക്കുമ്പോള്‍ നിമിഷക്ക് വല്ലാതെ വാത്സല്യം വരും. ചിലപ്പോള്‍ വല്ലാത്ത ദേഷ്യവും. ഈ വിവാഹത്തോടെയാണല്ലോ ഇങ്ങനെയെന്നൊരു തോന്നലില്‍ മുഖം കറുപ്പിക്കും, പക്ഷെ വര്‍ഷം ആറു കഴിഞ്ഞിട്ടും രാജീവെന്നും ചേര്‍ത്തു നിറത്തും. ചിന്തയെ മുറിച്ച് ആ ചോരയൊഴുകി, ഈ മാസവും പതിവു പോലെ. ഒരു കുഞ്ഞു പിറക്കുമെന്ന പ്രതീക്ഷയില്‍, പ്രഗ്നന്‍സി ടെസ്റ്റ് സ്ട്രിപ്പില്‍ രണ്ട് വരകള്‍ തെളിയുന്നത് കാത്തിരിക്കുന്ന തങ്ങളുടെ മനസിലൂടെയാണ് ആ ചുവപ്പ് ഒഴുകുന്നതെന്ന് നിമിഷക്കു തോന്നി. ഇനി വീണ്ടും ഡോക്ടറെ കാണണം. ആ ആശുപത്രിയില്‍ തന്നെ നിരാശയുടെ നിശബ്ദതയാണ്. നിമിഷക്ക് വല്ലായ്മ തോന്നുന്നിടം. അവിടെ ചെന്നാല്‍ വരുന്നവര്‍ക്കൊക്കെ ഒരേ മുഖമാണ്. കുഞ്ഞുങ്ങള്‍ വരുമെന്ന പാതി പ്രതീക്ഷയും നമ്മളിങ്ങനെയായല്ലോ എന്ന പാതി നിരാശയും. അതിന്റെ വെളുപ്പും കറുപ്പുമിങ്ങനെ ഏറിയും കുറഞ്ഞുമിരിക്കും.ഈ പാതികളുടെ ഇടയില്‍ സ്വപ്നങ്ങളില്‍ പാതി ദൂരം പോയി വന്നവരുമുണ്ട്. പാതിയമ്മമാര്‍, പാതിയച്ഛന്മാര്‍. അവരാണ് ഏറ്റവും വലിയ സങ്കടക്കാര്‍. ഒന്നല്ല, രണ്ടു വട്ടമാണ് നിമിഷയും രാജീവും സ്നേഹത്തില്‍ കാത്ത കുഞ്ഞിചിരികള്‍ പാതിയില്‍ തീര്‍ന്നു പോയത്.
Content Highlights: sarojam k mallya kina kanum neram memories