ഈ ലേഖനത്തിന് നിങ്ങൾ എത്ര റേറ്റിങ് കൊടുക്കും, വായിക്കുംമുൻപ്? ഉത്പന്നമല്ല, റിവ്യൂ ആണ് ഇപ്പോൾ കിങ്

പണ്ടൊക്കെ നമ്മൾ ഭക്ഷണം കഴിച്ച ശേഷമായിരുന്നു അതേക്കുറിച്ച് അഭിപ്രായം പറയുമായിരുന്നത്. സദ്യയ്ക്കൊപ്പം വിളമ്പിയ ഏത്തക്ക വറുത്തത് കഴിച്ചിട്ട് ആ വാഴകൃഷിക്കാരനെക്കുറിച്ച് രണ്ട് നന തെറ്റിച്ചവൻ എന്നഭിപ്രായം പറഞ്ഞ കഥ എല്ലാവരും കേട്ടിട്ടുണ്ടാകുമല്ലോ. ഇപ്പോൾ അഭിപ്രായം വായിച്ച ശേഷമാണ് ഭക്ഷണം കഴിക്കുന്നത്. പണ്ട് സിനിമ കണ്ട ശേഷം നിരൂപണം എഴുതുമായിരുന്നു. ഇപ്പോൾ നിരൂപണം കണ്ട ശേഷം സിനിമ കാണണോ എന്ന് തീരുമാനിക്കും. പണ്ട് യാത്ര കഴിഞ്ഞ് അനുഭവങ്ങൾ പങ്കുവെക്കുമായിരുന്നു. ഇപ്പോൾ അനുഭവം തുടങ്ങുന്നതിന് മുമ്പ് മറ്റുള്ളവരുടെ അനുഭവങ്ങൾ പഠിക്കും. ചുരുക്കത്തിൽ പറഞ്ഞാൽ, മനുഷ്യൻ ഇന്ന് ജീവിക്കുന്നതിനേക്കാൾ കൂടുതൽ സമയം ജീവിച്ചവരുടെ അഭിപ്രായങ്ങൾ വായിക്കാനാണ് ചെലവഴിക്കുന്നത്.
ഒരു കാലത്ത് നമ്മുടെ ജീവിതത്തെ സ്വാധീനിച്ചിരുന്നത് മാതാപിതാക്കളും അധ്യാപകരും അയൽവാസികളും സുഹൃത്തുക്കളുമായിരുന്നു. ഇന്ന് ആ സ്ഥാനത്ത് എത്തിയിരിക്കുന്നത് ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത ഏതോ ഒരാളാണ്. പ്രൊഫൈൽ ചിത്രമായി ഒരു പൂച്ചയുടെ ഫോട്ടോയും പേരായി "Foodie Monster 007" എന്നും ഉള്ള ഒരാൾ. അയാൾ എഴുതിയിരിക്കുന്നു: ‘‘സാമ്പാർ കൊള്ളില്ല. അതുകൊണ്ട് ഈ റെസ്റ്റോറന്റിന് ഞാൻ നൽകുന്നത് ടു സ്റ്റാർ മാത്രം.’’ അത്രയേ വേണ്ടൂ. നാല്പത് വർഷമായി വിജയകരമായി പ്രവർത്തിക്കുന്ന ഹോട്ടലിന്റെ കഥ അതോടെ തീരും.
Content Highlights: While online review culture empowers consumers and improves business standards, it increasingly forces people to depend on stranger's opinions over their own authentic personal experiences.