‘എന്നെ പിടിച്ച് വലിച്ച് ഒപ്പം കിടത്തി ലാളിക്കുന്ന അവളിലെ ഉമ്മയെ ഞാന്‍ കണ്ടു, കുട്ടികളില്ലാതെയാണ് അവളീ ഭൂമി വിട്ടു പോയത്‌’

അബ്ബാസ് മുഹമ്മദ് | Photo: Facebook/Mohammed Abbas
അബ്ബാസ് മുഹമ്മദ് | Photo: Facebook/Mohammed Abbas

മൗനം എനിക്ക് പരിചിതമാണ്. എത്ര ദിവസം വേണമെങ്കിലും ആരോടും ഒന്നും മിണ്ടാതെ ജീവിക്കാന്‍ എനിക്ക് കഴിയും. ഏറിപ്പോയാല്‍ കൂട്ടിന് പുസ്തകങ്ങള്‍ വേണമെന്ന് മാത്രം. പക്ഷേ, നിശ്ചലതയെ എനിക്കെന്നല്ല ആര്‍ക്കും അധികദിവസം സഹിക്കാന്‍ പറ്റില്ല. കാരണം, ജീവിതം തന്നെ ചലനമാണ്. ഭൂമിയിലേക്ക് പിറന്നുവീഴുന്ന നിമിഷം മുതല്‍ നമ്മള്‍ ചലിച്ചു തുടങ്ങുന്നു. കൈകാലുകള്‍ ഇളക്കി തുടങ്ങുന്നു. ആ ചെറിയ ചലനത്തില്‍ തുടങ്ങി മരണമെന്ന മഹാ നിശ്ചലത വരെ നമ്മള്‍ നിരന്തരം ചലിക്കുകയാണ്. ചലനമാണ് ഊര്‍ജ്ജം. ചലനമാണ് ജീവന്‍. ജീവിതമാകെയും ചലനമാണ്.

എല്ലാ കാലത്തും എന്നെ ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തിയിട്ടുള്ളത് ചലനമാണ്. ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നു! അസ്തമയത്തിന്റെ ആരംഭത്തില്‍ എത്തിനില്‍ക്കുന്ന എന്റെ കാലുകള്‍ ഏതൊക്കെ പാതകളിലൂടെയാണ് എന്നെയും കൊണ്ട് ചലിച്ചിട്ടുള്ളത്. നാട്ടുവഴികള്‍ മുതല്‍ സൗദിയിലെ കുര്‍ത്തബയില്‍ അനന്തമായി തിരയിളക്കിനിന്ന മണല്‍ക്കാടുകളിലൂടെ, ബെല്ലാരിയിലെ കടലപ്പാടങ്ങളിലൂടെ, അവിടത്തെ പൊടിമണ്ണിലുയരുന്ന കാറ്റിലൂടെ, കെയ്‌റോയിലെ തിരക്കുള്ള പാതകളിലൂടെ, ആ മഹാനഗരത്തിലൂടെ ഒഴുകുന്ന നൈലിന്റെ തീരങ്ങളിലൂടെ, റാസ് അല്‍ ഖൈമയിലെ മൊട്ടക്കുന്നുകളിലൂടെ, അവിടുത്തെ സിമന്റ് പ്ലാന്റിന്റെ പൊള്ളുന്ന ചൂടിലൂടെ.... ഇപ്പോഴിതാ എങ്ങോട്ടെന്നില്ലാത്ത ഈ യാത്രയില്‍ പെരിന്തല്‍മണ്ണയിലേക്കുള്ള ബസ്സിലിരുന്ന് ഞാന്‍ അന്തമില്ലാതെ ആലോചിച്ചു കൂട്ടുന്നു.

Content Highlights: Explore the essence of life as movement, from childhood`s first steps to the vastness of global journeys. Discover personal stories, migrant experiences, and the relentless drive of existence.

Continue reading