‘വിയര്‍പ്പിന്റെ ഉപ്പ് രുചി അറിയാത്തവര്‍ ഈ ഭൂമിയിലെ ഏറ്റവും നല്ല രുചി അറിയാതെയാണ് മരിച്ചു പോവുന്നത്’

എന്തെങ്കിലും ലക്ഷ്യമില്ലാതെ നിങ്ങള്‍ എപ്പോഴെങ്കിലും എങ്ങോട്ടെങ്കിലും യാത്ര ചെയ്തിട്ടുണ്ടോ? യാത്ര തന്നെ ലക്ഷ്യമായി മാറുന്ന അന്തംവിട്ട യാത്രകള്‍? ഒന്നിനുമല്ലാത്ത യാത്രകള്‍. മുന്‍കൂട്ടി തീരുമാനിക്കാതെ, വേണ്ട ഒരുക്കങ്ങളൊന്നും ചെയ്യാതെ കയ്യില്‍ കിട്ടിയ ഒന്നോ രണ്ടോ ജോഡി വസ്ത്രങ്ങളും മുമ്പില്‍ കണ്ട പുസ്തകവും ഭാണ്ഡത്തിലിട്ട്, എന്ന് മടങ്ങി വരുമെന്ന് ഉറ്റവരോട് ഉറപ്പു പറയാതെയുള്ള യാത്രകള്‍...
എന്റെ യാത്രകളെല്ലാം അങ്ങനെയായിരുന്നു. തനിച്ചുള്ള യാത്രകള്‍.ഉള്ളില്‍ അരൂപിയായ സങ്കടമേഘങ്ങള്‍ ഇരുണ്ടു കനക്കുമ്പോള്‍, പഴയ വിഷാദരോഗിയും എക്കാലത്തെയും ആത്മഹത്യാപ്രവണതക്കാരനുമായ ഞാന്‍ യാത്രയാവുന്നു...